- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജന്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പു നല്കി മന്ത്രി; 'ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്; ബംഗ്ലാദേശിയെന്ന് വിളിച്ച് കൂട്ട ആക്രമണം നടത്തി'യെന്ന് എം വി ഗോവിന്ദനും
വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജന്‍
തൃശൂര്‍: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യാലിന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂരില്‍ രാംനാരായണന്റെ കുടുംബവുമായും ആക്ഷന്‍ കമ്മിറ്റിയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു. 'ചര്‍ച്ചയില്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത സഹായം വേണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. അവരുടെ കൈയില്‍ തന്നെ പണം സര്‍ക്കാര്‍ എത്തിക്കും. മന്ത്രിസഭയാണ് ഇത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ് ഔദ്യോഗിക പ്രഖ്യാപനം നടത്താത്തത്. എങ്കിലും അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ കുറവ് വരാത്ത വിധം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടക്കൊല ഇനി ആവര്‍ത്തിക്കാത്ത വിധം കര്‍ശന നടപടി എടുക്കുമെന്നും അവരെ അറിയിച്ചിട്ടുണ്ട്' -മന്ത്രി രാജന്‍ പറഞ്ഞു.
കേസില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വകുപ്പും, എസ്.സി./എസ്.ടി അട്രോസിറ്റീസ് വകുപ്പുകളും ചേര്‍ക്കും. തഹസീന്‍ പൂനാവാല കേസില്‍ പറയുന്നതുപോലുള്ള ചട്ടങ്ങള്‍ പാലിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വം നല്‍കും. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ക്യാബിനറ്റ് എടുത്ത ശേഷം നടപ്പിലാക്കും. മൃതദേഹം എത്രയും പെട്ടെന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനമാര്‍ഗ്ഗം ഇതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കും. ബംഗ്ലാദേശി എന്ന് വിളിച്ചുള്ള ആക്രമണം വംശീയമായ അധിക്ഷേപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും എസ്.ഐ.ടി ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും സമരം അവസാനിപ്പിക്കുകയാണെന്നും ആക്ഷന്‍ കമ്മിറ്റി പ്രതിനിധി പറഞ്ഞു. നിലവില്‍ എഫ്.ഐ.ആറില്‍ കേവലം കൊലപാതകക്കുറ്റം മാത്രമാണ് ചേര്‍ത്തത്. ആള്‍ക്കൂട്ടക്കൊലയുടെ നിയമവശങ്ങള്‍ ഉള്‍പ്പെടുത്തണം. തഹസീന്‍ പൂനാവാല വിധിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാളയാറിലെ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബംഗ്ലാദേശിയെന്ന് വിളിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ് നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കിയെന്നും മന്ത്രി എം.ബി.രാജേഷും ആരോപിച്ചു
പാലക്കാട് കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. . പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേരളം പോലെ പരിഷ്‌കൃത സമൂഹത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ല. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പ്രതികള്‍ റാം നാരായണനെ ക്രൂമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുതുകിലും മുഖത്തും ചവിട്ടി. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചുവെന്നും റിപ്പോര്‍ട്ട്. റാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന് ബന്ധുക്കള്‍ സമ്മതമറിയിച്ചു. മൃതദേഹം സര്‍ക്കാര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കാനും തീരുമാനമായി.
അപമാനത്താല്‍ കേരളം തല കുനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. റാം നാരായണിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ശക്തമായ നടപടിയെടുക്കണമെന്നും വിഡി ആവശ്യപ്പെട്ടു.




