കേരളം ഉറ്റുനോക്കുന്ന മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെതിരെ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയത് അതിരൂക്ഷമായ വിമര്‍ശനം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സമാനമായ കേസുകളില്‍ കുടുങ്ങിക്കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഗുണം ചെയ്യും. കേസില്‍ പെട്ടതോടെ കരമടയ്ക്കാനും ലോണെടുക്കാനും കഴിയാതെ, കുടുങ്ങിയവര്‍ക്ക് ഫലത്തില്‍ ഈ നിരീക്ഷണം വലിയ ആശ്വാസമാവുകയാണ്.

യാതൊരു രേഖയുമില്ലാതെ ആരുടെയും ഭൂമി സ്വന്തമാക്കാം എന്ന വഖഫ് നിയമത്തിനെതിരെ അതിരൂക്ഷമായാണ് ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത്. ഒരു വസ്തു വഖഫ് ആണെന്ന് ഒരു അവകാശവാദം വന്നാല്‍ മതി. അതിന് രേഖകളുടെ പിന്‍ബലം വേണ്ട, സാക്ഷി മൊഴികള്‍ വേണ്ട. അത് വഖഫായി. ഒരിക്കല്‍ നല്‍കിയാല്‍ അത് തിരിച്ചെടുക്കാനും കഴിയില്ല. 'വണ്‍സ് എ വഖഫ് ഈസ് ഓള്‍വെയ്സ് എ വഖഫ്' എന്നാണ് പറയുക. ഒരാളുടെ സ്വത്ത് വഖഫ്് ആക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ പറഞ്ഞാലും അത് തര്‍ക്ക ഭൂമിയായി. പിന്നെ വഖഫ് ട്രൈബ്യൂണലില്‍പോയി കേസ് നടത്തണം. അതുവരെ ഭൂമിക്ക് കരമടയ്ക്കാന്‍പോലുംു കഴിയില്ല. ഇത് കരിനിയമാണെന്ന് കോടതിയും തുറന്നടിക്കയാണ്്.

താജ്മഹലും വഖഫ് ആവുമോ?

ഇത്തരത്തിലുള്ള ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് കോടതി നിരീക്ഷിച്ചു. താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പികമായ അധികാരപ്രയോഗം കോടതി അനുവദിക്കുന്നില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ എന്നിവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് കോടതി വിമര്‍ശിച്ചു. മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് ഭൂമി തട്ടിയെടുക്കാനാണെന്നും കോടതി പറഞ്ഞു.

'അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഒരുദ്ദേശമില്ല. ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ല''. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പത്തെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച ജൂഡിഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂവെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് ഡിവിഷന്‍ ബെഞ്ച് തിരുത്തിയിരിക്കുന്നത്. 1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് ഭൂമി വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഈ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമാണെന്നും കോടതി പറഞ്ഞു. വഖഫ് നിയമം 1954, 1984, 1995 എന്നിവയുടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് 2019ലെ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭൂമിയുടെ സര്‍വേ നടത്തുക, അര്‍ധ ജുഡീഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുക, ഗസറ്റില്‍ വിജ്ഞാപനം ചെയ്യുക തുടങ്ങി 1954 വഖഫ് നിയമ വ്യവസ്ഥകള്‍ ഇവിടെ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു കമ്മിഷനെ നിയോഗിക്കാനും അന്വേഷണം നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഭൂമി കൈമാറി 69 വര്‍ഷത്തിനുശേഷമാണ് വഖഫ് ബോര്‍ഡിന്റെ നടപടി. ഇത് നീതീകരിക്കാനാകാത്ത കാലതാമസമെന്ന് ഹൈക്കോടതി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാമെന്നും ഹൈക്കോടതി വിധിച്ചു.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയുടെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഇപ്പോള്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സര്‍ക്കാറിന് ഏറ്റ തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

രാജ്യമൊട്ടാകെ നൂറുകണക്കിന് കേസുകള്‍

ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ആളുകളാണ് ഇത്തരം കേസുമായി കഷ്ടപ്പെടുന്നത്. പാര്‍ലമെന്റില്‍ അമിത് ഷാ അവതരിപ്പിച്ച കണക്ക് പ്രകാരം, 1913 മുതല്‍ 2013 ഉള്ള 18 ലക്ഷം ഏക്കറിലാണ് വഖഫ് ബോര്‍ഡിന് ക്ലെയിം ഉണ്ടായിരുന്നത്. എന്നാല്‍ 2025ലെ പുതിയ കണക്ക് പ്രകാരം അത് 39 ലക്ഷം ഏക്കര്‍ ആയി ഉയര്‍ന്നിട്ടുണ്ട് .അതായത് 21 ലക്ഷം ഏക്കറിന്റെ വര്‍ധന.

മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന മുംബൈയിലെ ആന്റിലിയ എന്ന കോടികള്‍ വിലമതിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നേര്‍ക്കുപോലും വഖഫ് അവകാശവാദം ഉന്നയിച്ചിരുന്നു. അതുപോലെ 1,500 വര്‍ഷം പഴക്കമുള്ള തമിഴ്നാട്ടിലെ തിരിച്ചന്തുര്‍ ക്ഷേത്രവും അതിന്റെ പരിസരത്തുള്ള ഗ്രാമത്തിലും വഖഫ് ക്ലെയിം വന്നു. ഇതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ജനങ്ങള്‍ക്ക് അനുകുലമായാണ് നിന്നത്. വഖഫ് നിയമത്തിലെ ഏകപക്ഷീയതക്കെതിരെ കോടതി പരാമര്‍ശവും നടത്തി. പക്ഷേ എന്നിട്ടും തിരിച്ചുന്തൂര്‍ ക്ഷേത്ര പരിസരത്തുള്ളവര്‍ക്ക് കരമടക്കാനുള്ള അവകാശം കിട്ടിയിട്ടില്ല.

ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകള്‍ കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐ.ടി.സി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍ ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചു വന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്. തമിഴ്നാട്ടിലും, തെലങ്കാനയിലും, മധ്യപ്രദേശിലും, യുപിയിലും, ഡല്‍ഹിയിയുമെല്ലാം വഖഫ് ഭുമി പ്രശ്നം സജീവമാണ്. കര്‍ണ്ണാടകയിലെ വിജയപുര ജില്ലയിലെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ അവകാശമുന്നയിച്ച് വഖഫ് ബോര്‍ഡ് കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.

മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും ചരിത്ര സ്മാരകങ്ങളിലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും, ഭൂമികളിലും അവകാശവാദവുമായി കര്‍ണാടക വഖഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയല്‍ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ചരിത്രനഗരമായ മൈസൂരുവിലെയും ശ്രീരംഗപട്ടണം താലൂക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലുമാണ് അവകാശവാദമുയര്‍ത്തിയിരിക്കുന്നത്. ഇവയിലെല്ലാം യാതൊരു രേഖകളുമില്ലാതെ തോന്നിയപോലെയാണ് നടപടി ക്രമങ്ങള്‍ നീങ്ങിയത്. കേരളാ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം ഈ കേസുകളിലും ഇരകള്‍ക്ക് ഗുണം ചെയ്യും.