- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം കത്തി നിന്നിട്ടും പാഠം പഠിക്കാതെ കോണ്‍ഗ്രസ്; വക്കഫ് ബോര്‍ഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്; മുതലെടുക്കാനുറച്ച് ബിജെപി
മുനമ്പം കത്തി നിന്നിട്ടും പാഠം പഠിക്കാതെ കോണ്‍ഗ്രസ്
കൊച്ചി: 'അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം. വര്‍ഗ്ഗീയതയുടെ പേരുപറഞ്ഞ് ഓടിയൊളിക്കാന്‍ നോക്കേണ്ടാ. ചോര കൊടുത്തും നേടും ഞങ്ങള്‍. ഞങ്ങളുടെ ഭൂമിയും നോക്കേണം. ഞങ്ങളെയെല്ലാം വെട്ടിലാക്കി കൈകോര്‍ത്തവരേ അറിഞ്ഞോളൂ' -
വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരത്തില്‍ സര്‍ക്കാരിന് എതിരെ ഉയരുന്ന ജനരോഷത്തിന്റെ ശബ്ദമാണിത്.
ഉപ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, മുനമ്പത്തെ വഖഫ് ഭൂമി വിഷയം സിപിഎം, കോണ്‍ഗ്രസ് മുന്നണികള്‍ക്ക് തലവേദനയായി മാറുകയാണ്. ചെറായി, മുനമ്പം പ്രദേശങ്ങളിലെ 600ലേറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായിട്ടും ഇതില്‍ വേണ്ടത്ര ഇടപെടല്‍ നടത്താന്‍ സര്‍ക്കാരോ പ്രതിപക്ഷമോ തയ്യാറാകുന്നില്ല. കത്തോലിക്കാ സഭ നേരിട്ട് വിഷയത്തില്‍ സമരവുമായി രംഗത്തുവന്നതോടെ മുന്നണികള്‍ വെട്ടിലായിരിക്കയാണ്.
ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ബിജെപി സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെല്ലാം ക്രൈസ്തവ വോട്ടുകളും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ കത്തോലിക്കാ സഭ ഇടപെട്ട വിഷയത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാകില്ലെന്ന ബോധ്യവും മുന്നണികള്‍ക്കുണ്ട്. എന്നാല്‍, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ് നേതാക്കള്‍.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദ്യം മുതലേ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് സുരേഷ് ഗോപി സമരക്കാരെ അറിയിച്ചിരുന്നു. വഖഫ് ബോര്‍ഡ് അവകാശപ്പെട്ട ഭൂമിയില്‍ ഈ കുടുംബങ്ങള്‍ റവന്യൂ അവകാശം ഉന്നയിച്ചാണ് സമരം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമരക്കാരെ പിന്തുണയ്ക്കുമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വഖഫ് (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമായി ഒപ്പിടുന്നതോടെ രാജ്യത്തുടനീളമുള്ള എല്ലാ വഖഫ് കയ്യേറ്റങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇന്നുകല്‍പ്പറ്റയില്‍ സുരേഷ് ഗോപി നടത്തിയ പ്രസ്താവന വിവാദമായി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന പ്രസ്താവനയാണ് വിവാദമായത്.
മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആര്‍.അനൂപ് വയനാട് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കി. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണ് വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ഐക്യം തകര്‍ക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമര്‍ശമെന്നും പരാതിയിലുണ്ട്.
നാലക്ഷര ബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്നാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി സുരേഷ് ഗോപി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് എതിര്‍നീക്കം നടത്താന്‍ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.
'കോടതിക്ക് പുറത്തുവച്ച് തീര്‍ക്കാമെന്നാണ് അവര്‍ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവര്‍ ഉദ്ദേശിച്ചത്. ആ ബോര്‍ഡിന്റെ കോടതിയോ ? അതിന് പുല്ലുവില നല്‍കില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീര്‍ക്കേണ്ട. ഞങ്ങള്‍ അത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വച്ച് തീര്‍ത്തോളാം. ബില്‍ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാര്‍ലമെന്റ് കൗണ്‍സിലിന് വിട്ടത്. അടുത്ത സമ്മേളനത്തില്‍ ഇതിന് തീര്‍പ്പ് വരും. കിരാത വാഴ്ച മുളച്ചുവരാന്‍ പോലും അനുവദിക്കില്ല'.സുരേഷ് ഗോപി പറഞ്ഞു.
വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
സമാനമായ പരാമര്‍ശമാണ് വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാല കൃഷ്ണനും നടത്തിയത്. വാവര് സ്വാമിക്ക് എതിരെയായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം. പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്പളക്കാട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം.
''ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പന്‍ പതിനെട്ടു പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ അടിയില്‍ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്'' - ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വഖഫ് വിഷയം ബിജെപി പൂര്‍ണമായി ഏറ്റെടുത്തുകഴിഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും ഇപ്പോഴും പൂര്‍ണമനസ്സോടെ വിഷയത്തില്‍ മുഴുകുന്നില്ല. സുരേഷ് ഗോപിക്കെതിരായ പരാതി പോലും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപിയുടെ പരിശ്രമം.