- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകപ്പ് ചായ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും; മണവും രുചിയും ബഹുകേമം; രുചിയിൽ ഭ്രമിച്ച് ഈ തേയിലപ്പൊടി വാങ്ങിയാൽ ആശുപത്രി കയറേണ്ടി വരും; കാസർകോട്ട് ഹൊസങ്കടിയിൽ വ്യാജ തേയില കണ്ടെത്തിയപ്പോൾ മുന്നറിയിപ്പ്
ഉപ്പള: ഹൊസങ്കടിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിറം ചേർത്ത 20 പാക്കറ്റ് തേയില പിടിച്ചെടുത്തു. മംഗളൂരുവിൽ നിന്നെത്തുന്ന 2 ബ്രാൻഡുകളുടെ തേയിലയിലാണു നിറം ചേർത്തതായി കണ്ടെത്തിയത്. ആകെ 5 കിലോയോളം തേയിലയുണ്ട്. ഒരാഴ്ച മുൻപ് സാധാരണ പരിശോധനയിൽ തേയിലയിൽ കൃത്രിമ നിറം ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു മൊബീൽ ഫുഡ് സേഫ്റ്റി ലാബിൽ പരിശോധിച്ചു. തുടർന്നാണ് ഇന്നലെ പരിശോധന നടത്തിയത്. വിരാജ്, വേദ്ഗിരി എന്നീ പേരുള്ള ബ്രാൻഡുകളിലെ തേയിലയാണ് പരിശോധനയ്ക്കായി അയച്ചത്.
പിടിച്ചെടുത്ത തേയില വിശദമായ പരിശോധനയ്ക്കായി കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്കാണ് പരിശോധനയ്ക്കയച്ചു. മറ്റു സ്ഥാപനങ്ങളിലും ഈ ബ്രാൻഡ് തേയില എത്തുന്നുണ്ടെന്ന് കടയുടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചില ചായക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ വ്യാജ തേയിലപ്പൊടികളും വിപണിയിൽ ഇപ്പോഴും സുലഭമാണെങ്കിലും പരിശോധന വിവരം അറിഞ്ഞാൽ ഇത്തരം സാധനങ്ങൾ മാറ്റി വെക്കാറാണ് പതിവ്.
ചില മൊത്തക്കച്ചവടക്കാർ വഴിയാണ് ഇത്തരത്തിലുള്ള തേയിലപ്പൊടികൾ വിതരണം നടത്തുന്നത്. കൃത്രിമ നിറങ്ങൾ, കൃത്രിമ രുചിവർദ്ധകവസ്തുക്കൾ എന്നിവ ചേർത്ത തേയിലയാണ് ഇവയിൽ കൂടുതലും. നല്ല രുചി നൽകുന്നതുകൊണ്ട് ഈ ചായകൾക്ക് ആവശ്യക്കാർ കൂടുതലാണ്. പായ്ക്കറ്റുകളിൽ പ്രമുഖ കമ്പനികളുടെ അഡ്രസും രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട് വ്യാജനെ തിരിച്ചറിയാനും സാധിക്കുന്നില്ല. ഗ്രാമങ്ങളിൽ കേന്ദ്രികരിച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ വില്പന വ്യാപകമായിട്ടും ആരോഗ്യ - ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധന ഉണ്ടായിരുന്നില്ല.ഇത് മായം കലർത്തിയുള്ള വസ്തുക്കൾ വിപണിയിൽ വ്യാപകമാകാൻ കാരണമായിരുന്നു. മഞ്ചേശ്വരം സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസർ വിഷ്ണു ഷാജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരനായ മനു എന്നിവരാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്