പത്തനംതിട്ട: വീട്ടിലെത്തി റീഡിങ് എടുത്ത് മീറ്റർ റീഡർ നൽകിയ വെള്ളക്കരം 1100 രൂപ. എന്നാൽ, ഓൺലൈൻ വഴി അടച്ചേക്കാമെന്ന് കരുതി ഗൂഗിൾ പേ വഴി ശ്രമിച്ചപ്പോൾ ബിൽ തുക വെറും 793 മാത്രം. ഇതെന്ത് മറിമായമെന്ന് കരുതി തുക അടച്ചു. അതിന് ശേഷം കസ്റ്റമർ കെയറിൽ വിളിച്ചു ചോദിച്ചപ്പോൾ സാർ 801 രൂപ അടച്ചാൽ മതിയെന്നും നിർദ്ദേശം. പത്തനംതിട്ടയിലുള്ള സെൽവരാജ് എന്ന ഉപയോക്താവാണ് ആകെ കിളി പോയി നിൽക്കുന്നത്.

വീട്ടിലെത്തിയ മീറ്റർ റീഡർ നൽകിയ ഡിമാന്റ് ആൻഡ് ഡിസ്‌കണക്ഷൻ നോട്ടീസിൽ ത്രൈമാസ വാട്ടർ ചാർജ് 1096 രൂപയാണ്. ആകെ അടയ്ക്കേണ്ട തുകയായി നാലു രൂപ കൂടിയിട്ട് റൗണ്ട് ചെയ്ത് 1100 രൂപയുണ്ട്. ഇത് ഇൻസ്പെക്ഷൻ ചാർജ് ആയി ചേർത്തിരിക്കുകയാണ്. ഇതേ തുടർന്ന് സെൽവരാജ് ഗൂഗിൾ പേ വഴി പണം അടയ്ക്കാൻ ശ്രമിക്കുമ്പോൾ ബിൽ തുക കണ്ടത് വെറും 793 രൂപയാണ്.

എന്താണ് ഇങ്ങനെ എന്നറിയാൻ വേണ്ടി കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവിടെ ഇരുന്ന ഉദ്യോഗസ്ഥന്റെ മറുപടി. സാർ 801 രൂപ അടച്ചാൽ മതി! ഞാൻ അടച്ചുവെന്നും 793 രൂപയേ ആയുള്ളൂവെന്നും സെൽവരാജ് പറഞ്ഞപ്പോൾ എന്നാൽപ്പിന്നെ അതു മതിയാകുമെന്നായി ഉദ്യോഗസ്ഥൻ. എന്തു കൊണ്ടാണ് ഇങ്ങനെ വ്യത്യസ്ത ബിൽ വന്നതെന്ന് ചോദിച്ചപ്പോൾ കണക്കു കൂട്ടിയതിലെ പിഴവാണെന്ന് കസ്റ്റമർ കെയറിലെ ഉേദ്യാഗസ്ഥൻ പറഞ്ഞു.

അവർ ശരാശരി വച്ച് കൂട്ടിയതു കൊണ്ട് പിഴവ് വന്നതാകും. റീഡ് ചെയ്ത വിവരങ്ങൾ സിസ്റ്റത്തിൽ കൊടുക്കുമ്പോൾ മാത്രമേ യഥാർഥ തുക അറിയുകയുള്ളൂവെന്നും അറിയിച്ചു.