പത്തനംതിട്ട: വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള ബില്ലിൽ ഇൻസ്പെക്ഷൻ ചാർജ് നാലു രൂപ പതിവായി വരുന്നതിന് പിന്നിലെ രഹസ്യം തേടി ഓഫീസിലേക്ക് വിളിച്ച ഉപയോക്താവിനുണ്ടായത് രസകരമായ അനുഭവങ്ങൾ. വിവരാവകാശ പ്രവർത്തകൻ കല്ലറക്കടവ് കാർത്തികയിൽ മനോജാണ് ആകെ കിളിപോയ അവസ്ഥയിലായത്. അഥോറിറ്റിയുടെ അസി. എൻജിനീയറെയാണ് മനോജ് വിളിച്ചത്. ബില്ലിലെ ഇൻസ്പെക്ഷൻ ചാർജ് എന്ന ഇനം എന്താണെന്നായിരുന്നു മനോജിന് അറിയേണ്ടിയിരുന്നത്. രണ്ടു മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ നാലു രൂപയാണ് ഇൻസ്പെക്ഷൻ ചാർജ് രേഖപ്പെടുത്തിയിരുന്നത്.

മനോജിന്റെ സംശയം കേട്ട എഇയ്ക്ക് സംഗതി പിടികിട്ടിയില്ല. അദ്ദേഹം കൺസ്യൂമർ നമ്പരും ലൊക്കേഷനുമൊക്കെ ചോദിച്ച് മനസിലാക്കി ഫോൺ വച്ചു. ഇൻസ്പെക്ഷൻ ചാർജ് എന്താണെന്ന് അദ്ദേഹത്തിനും അറിയില്ലെന്ന് വ്യക്തം. വീട്ടിൽ റീഡിങ്ങിന് വന്ന ജീവനക്കാരനോടാണ് ഇതു സംബന്ധിച്ച് ആദ്യം ചോദിച്ചത്. അദ്ദേഹം കൈമലർത്തിയപ്പോഴാണ് മനോജിന് കസ്റ്റമർ കെയറിൽ വിളിച്ച് എഇയുടെ നമ്പർ എടുക്കേണ്ടി വന്നത്. അൽപ സമയത്തിനകം എ.ഇ തിരിച്ചു വിളിച്ചു. ഇൻസ്പെക്ഷൻ ചാർജ് എന്നാൽ മീറ്റർ റീഡർ റീഡിങ് എടുക്കാൻ വീട്ടിൽ വരുന്നതിന്റെ കൂലി. ഒരു വിസിറ്റിന് രണ്ടു രൂപ വച്ച് രണ്ടു മാസത്തെ വരവിന് നാലു രൂപ. രണ്ടു മാസത്തിലൊരിക്കലാണ് റീഡർ വരുന്നത്. ഫലത്തിൽ രണ്ടു രൂപയുടെ വരവിന് നാലു രൂപ ഈടാക്കുന്നു.

ഓരോ വീട്ടിൽ നിന്നും നാലു രൂപ അധികമായി ഇങ്ങനെ ഇൻസ്പെക്ഷൻ ചാർജ് എന്ന പേരിൽ ഈടാക്കുമ്പോൾ വൻ തുകയാണ് വാട്ടർ അഥോറിറ്റിയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. റീഡർക്ക് പ്രത്യേകം ശമ്പളം അഥോറിറ്റി കൊടുക്കുന്നുമുണ്ട്. ഇവിടെ നടക്കുന്നത് പകൽക്കൊള്ളയാണെന്ന് മനോജ് പറയുന്നു. കെഎസ്ഇബിയും ഇതു പോലെ രണ്ടു മാസത്തിൽ ഒരു തവണ റീഡിങ് എടുക്കാൻ എത്തുന്നുണ്ട്. എന്നാൽ, ഇൻസ്പെക്ഷൻ ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നില്ല.

വാട്ടർ അഥോറിറ്റിയിൽ കണക്ഷൻ എടുക്കുന്നവർ വേണം മീറ്റർ വാങ്ങി വയ്ക്കാൻ. അതിന്റെ റീഡിങ് എടുക്കാൻ വരുന്നതിന് പണം കൊടുക്കേണ്ടത് ഏതു വകുപ്പിലാണ് എന്നുള്ളതാണ് ചോദ്യം.