തിരുവനന്തപുരം: വെള്ളക്കരം കൂട്ടാൻ സർക്കാർ തീരുമാനിച്ചാൽ പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി അഞ്ചംഗ കുടുംബത്തിന് ശരാശരി 200 മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. മൂന്നിരട്ടിയോളമാകും വെള്ളക്കര വർദ്ധന. 1982 ജൂലൈയിൽ 20 പൈസയായിരുന്നു പ്രതിമാസ വാട്ടർ ചാർജ്. എത്ര ഉപയോഗിച്ചാലും ഈ തുക നൽകിയാൽ മതിയായിരുന്നു. 1991 ഒക്ടോബറിലാണ് സ്ലാബ് സംവിധാനം ഏർപ്പെടുത്തിയത്. 2014 ൽ സ്ലാബുകളുടെ എണ്ണം കൂട്ടി. അതാണ് വീണ്ടും പരിഷ്‌കരിക്കുന്നത്.

പ്രതിമാസം 5,000 ലീറ്റർ വരെ വെള്ളം ഉപയോഗത്തിനു കുറഞ്ഞ നിരക്ക് 22.05 രൂപയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ ഇത് 72.05 രൂപയായി ഉയരും. കണക്ഷൻ എടുത്തെങ്കിൽ, വെള്ളം ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5,000 ലീറ്ററിനു മുകളിൽ ഓരോ 5,000 ലീറ്ററിനും പ്രത്യേക സ്ലാബുകളിലാണു നിരക്ക്. 30,000 ലീറ്ററിനു മുകളിലായാൽ 10,000 ലീറ്ററിനു വീതമാണ് പ്രത്യേക സ്ലാബുകൾ. 50,000 ലീറ്റർ കടന്നാൽ പിന്നീടുള്ള ഓരോ 1000 ലീറ്ററിനും 44.10 രൂപ വീതം എന്ന പ്രത്യേക നിരക്കാണ്. 15,000 ലീറ്ററിന് 43.30 രൂപയ്ക്ക് പകരം കൊടുക്കേണ്ടത് 443.30 രൂപ എന്ന നിരക്കിലേക്ക് കാര്യങ്ങൾ ഉയരും.

2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അഥോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്. ഇതിന് ഇടതു മുന്നണി അനുമതി നൽകി കഴിഞ്ഞു. ജല അഥോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ വിലയിരുത്തുന്നു.

35.95 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണു കേരളത്തിൽ. ഈ മാസം ആദ്യം വരെയുള്ള കണക്കുപ്രകാരം ജല അഥോറിറ്റിക്ക് 2391 കോടി രൂപയുടെ കുടിശികയാണുള്ളത്. നിരക്കു വർധനയിലൂടെ പ്രതിവർഷം കിട്ടുക ശരാശരി 300-350 കോടി രൂപയും. പൊതുടാപ്പുകളുടെ നിരക്കും വർധിക്കും. 2021 മുതൽ എല്ലാ വർഷവും കേന്ദ്ര സർക്കാരിന്റെ അധികവായ്പ വ്യവസ്ഥപ്രകാരം അടിസ്ഥാന താരിഫിൽ 5% വർധന വരുത്തിയിരുന്നു. അടുത്തവർഷം വരെ ഇതു തുടരേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനം ഇപ്പോൾ നിരക്കു കൂട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരമുള്ള വർധന ഇക്കൊല്ലം ഉണ്ടാകില്ലെന്നു ജല അഥോറിറ്റി അറിയിച്ചു.

ലിറ്ററിന് ഒരു പൈസ നിരക്കിൽ വെള്ളക്കരം വർധന നടപ്പാകുന്നതോടെ ജല അഥോറിറ്റിക്ക് പ്രതിമാസം ലഭിക്കുക 30 കോടിയുടെ അധിക വരുമാനമാണ്. എന്നാൽ, പ്രതിമാസം 41.5 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ച് 30 കോടിയുടെ വരുമാനം ചെറിയ ആശ്വാസമാകുമെന്നല്ലാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ. മാസം 30 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് അഥോറിറ്റി നൽകുന്നത്.

ജല ജീവൻ മിഷൻ പദ്ധതി വഴിയുള്ള കണക്ഷനുകൾ വർധിക്കുന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചു കിട്ടിയ സാഹചര്യത്തിൽ എത്രയും വേഗം വെള്ളക്കരം വർധന പ്രാബല്യത്തിൽ വരുത്താനുള്ള മുന്നൊരുക്കം ജല അഥോറിറ്റി തുടങ്ങിക്കഴിഞ്ഞു. മാർച്ചിലെ ബിൽ മുതൽ വർധിപ്പിച്ച നിരക്ക് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്ലാബിലെയും നിരക്ക് വർധന വ്യവസ്ഥ ചെയ്തുള്ള സർക്കാർ ഉത്തരവാണ് ഇനി വേണ്ടത്. മന്ത്രിസഭയുടെ അനുമതിയോടെയാണ് ഉത്തരവിറങ്ങുക.

2014ൽ നിരക്ക് വർധിപ്പിച്ചപ്പോൾ 10,000 മുതൽ 50,000 വരെ ഉപഭോഗമുള്ള വിവിധ സ്ലാബുകളിൽ ഓരോ യൂനിറ്റിനും അഞ്ചു മുതൽ 14 രൂപ വരെയാണ് വർധിപ്പിച്ചിരുന്നത്. പുതിയ ഉത്തരവിൽ ഇത് എത്രയെന്നത് അനുസരിച്ചാണ് വർധനയുടെ ആഘാതം വ്യക്തമാവുക. പ്രതിമാസം 10,000 മുതൽ 15,000 ലിറ്റർ വരെയാണ് സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ഉപഭോഗം. 75 ശതമാനം ഉപഭോക്താക്കളും 15,000 ലിറ്റർ വരെയുള്ള സ്ലാബിൽ ഉൾപ്പെടുന്നവരാണ്.