തിരുവനന്തപുരം: ഖജനാവ് കാലിയായ സംസ്ഥാന സർക്കാർ അതിലേക്കുള്ള വരവ് കൂട്ടാനും, ചോർച്ച അടയ്ക്കാനും ഉള്ള തീരുമാനം എടുത്തിരിക്കുകയാണ്. കുടിവെള്ളക്കരം കൂട്ടാൻ രണ്ടുവർഷമായുള്ള ആലോചനയാണ്. ഇനിയും കാത്തിരുന്നാൽ, പണി പാളുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് കാര്യമായ എതിർപ്പുകളുമില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന എൽഡിഎഫ് യോഗം വെള്ളക്കരം വർധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഈ നഷ്ടം നികത്താനാണ് കരം കൂട്ടുന്നത്. ജല അഥോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞിരുന്നു. കുടിശിക കൊടുത്തില്ലെങ്കിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എന്നാൽ, രസകരമായ കാര്യം കുടിശിക നൽകാനുള്ളവയിൽ 73 ശതമാനവും സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ ആണെന്നതാണ്. 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അഥോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്

1763.71 കോടി രൂപയാണ് ജല അഥോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ളതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ മാസം 7നു നിയമസഭയെ അറിയിച്ചിരുന്നു. സർക്കാർ ഓഫിസുകൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടിയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടിയുമാണ് കുടിശിക വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 209.52 കോടി; ഗാർഹികേതര ഉപയോക്താക്കളുടേത് 306.23 കോടി.കുടിശിക വരുത്തിയ സർക്കാർ വകുപ്പുകളിൽ മുന്നിൽ ആരോഗ്യ വകുപ്പാണ് 127.52 കോടി. പൊതുമരാമത്ത് വകുപ്പ് 24.27 കോടിയും പൊതു വിദ്യാഭ്യാസ വകുപ്പ് 13.31 കോടിയും അടയ്ക്കാനുണ്ട്. ഏറ്റവും കുറവ് സിവിൽ സപ്ലൈസ് വകുപ്പിനാണ്, 1.17 ലക്ഷം. ജലവിഭവ വകുപ്പ് മന്ത്രിക്കു കീഴിലുള്ള ജലസേചന വകുപ്പും 92.15 ലക്ഷം രൂപ കുടിശിക വരുത്തിയിട്ടുണ്ട്.

വെള്ളക്കരം അടയ്ക്കുന്നതിന് എല്ലാ വകുപ്പുകൾക്കും ബജറ്റ് വിഹിതം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഉഴപ്പാണ്. 15 വർഷമായി കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. ഏതായാലും വെള്ളക്കരം കൂട്ടുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ചെറിയ തോതിലുള്ള വർധന മാർച്ചിനുശേഷം പ്രാബല്യത്തിൽ വരും. സേവനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വെള്ളക്കരം കൂട്ടുന്നതെന്നും മാധ്യമങ്ങൾ എല്ലാം പോസിറ്റീവായി എടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം സർക്കാർ വകുപ്പുകളെ തന്നെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നതാണ് സത്യം.