- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി നിരക്ക് വർധനവിൽ ഷോക്കടിച്ച പൊതുജനം ആശ്വസിക്കാൻ വെള്ളം കുടിച്ചാൽ അതും പ്രഹരമാകും! വെള്ളക്കരവും കുത്തനെ കൂട്ടുന്നു; അഞ്ചു ശതമാനം വരെ കൂട്ടാൻ നീക്കം; വൈദ്യുതി നിരക്ക് ഇനി എല്ലാ വർഷവും കൂട്ടുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; നീക്കം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി ഉയർത്താൻ വേണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർധനവിൽ ഷോക്കടിച്ചിരിക്കുന്ന ജനങ്ങളെ വെള്ളം കുടിപ്പിക്കാൻ സർക്കാർ. സംസ്ഥാനത്തെ വെള്ളക്കരത്തിലും വർധനന് വരുത്താൻ തീരുമാനം. ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ നിരക്കു വർധവിനാണ് നീക്കം നടക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ അഞ്ച് ശതമാനം വർധനവ് വരുത്താനാണ് നീക്കം. ജനുവരിയിൽ ജലഅതോരിറ്റി നിരക്കുവർധനവിന് ശുപാർശ ചെയ്യും.
അതേസമയം കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം കടമെടുപ്പു പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അവശ്യസേവനങ്ങളുടെ നിരക്കുയർത്തുന്നത്. കൂടാതെ വൈദ്യുതി റെഗുലേറ്ററി അതോരിറ്റിയുടെ നിർദേശ പ്രകാരം എല്ലാവർഷവും വൈദ്യുതി നിരക്ക് ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശം അനുസരിച്ചു മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടു പോകുന്ന സർക്കാറിന് ഇനി കടമെടുക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രനിർദ്ദേശം അനുസരിച്ചു മുന്നോട്ടു പോകുന്നത്. അതേസമയം വൈദ്യുതി നിരക്ക് വർധനയിലൂടെ ഒരുവർഷത്തിനിടയിൽ കെ.എസ്.ഇ.ബി സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 1044 കോടിയുടെ അധിക വരുമാനമാണ്. പ്രതിമാസം 150 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് 122 രൂപയുടെ വർധനയാണ് ഉണ്ടാകുക. നിലവിൽ പ്രതിമാസം 150 യൂനിറ്റ് ഉപയോഗിക്കുന്നവർ 605 രൂപയാണ് എനർജി ചാർജ് ഇനത്തിൽ നൽകേണ്ടത്. എന്നാൽ, പുതിയ വർധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടുമാസം കൂടുമ്പോൾ വരുന്ന ഒരു വൈദ്യുതി ബില്ലിൽ എനർജി ചാർജിന് മാത്രം 244 രൂപയുടെ വർധനയുണ്ടാകും. ഇതിനു പുറമെ രണ്ടുമാസത്തെ ഫിക്സഡ് ചാർജായ 170 രൂപയും നിലവിൽ ഈടാക്കുന്ന സർചാർജും നൽകണം.
50 യൂനിറ്റ് ഉപയോഗിക്കുന്നവർ നിലവിലേതിൽനിന്ന് അധികമായി അഞ്ചു പൈസ നൽകണം. നിലവിൽ 35 പൈസയാണ് നിരക്ക്. അത് 40 പൈസയായി ഉയരും. 100 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് എനർജി നിരക്ക് വർധന ഇല്ലെങ്കിലും ഫിക്സഡ് ചാർജ് വർധിപ്പിച്ചു. 10 രൂപയാണ് വർധിപ്പിച്ചത്. വാട്ടർ അഥോറിറ്റി, കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് 15 രൂപയും ഫികസ്ഡ് ചാർജ് വർധിപ്പിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് 1.5 ശതമാനം മുതൽ 3 ശതമാനമായി നിജപ്പെടുത്തി
കൃഷി ആവശ്യത്തിനായി വെള്ളം പമ്പ് ചെയ്യുന്നവർ, കോഴി, അലങ്കാര മത്സ്യം വളർത്തുന്നവർ തുടങ്ങിയവർക്ക് അഞ്ചു രൂപ ഫിക്സഡ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. എനർജി ചാർജ് വർധനയില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സിംഗിൾ ഫേസിന് 5 രൂപയും ത്രീ ഫേസിന് 10 രൂപയും ഫിക്സഡ് ചാർജ് കൂട്ടി. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ലാബുകൾ എന്നിവക്ക്? പത്തുരൂപയാണ് ഫിക്സഡ് ചാർജ് കൂട്ടിയത്. ത്രീ ഫേസിന് 15 രൂപയും കൂട്ടി. വാണിജ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവക്കും 10 മുതൽ 15 രൂപവരെ ഫിക്‌സഡ് ചാർജ് കൂട്ടിയിട്ടുണ്ട്. പെട്ടിക്കടകൾ, തട്ടുകൾ തുടങ്ങിയ എന്നിവക്കും ഫിക്സഡ് ചാർജ് പത്തുരൂപ കൂട്ടിയിട്ടുണ്ട്.
2023-24 ൽ ബോർഡ് ആവശ്യപ്പെട്ടത് 40.6 പൈസ യൂനിറ്റിന് വർധിപ്പിക്കണമെന്നായിരുന്നു. എന്നാൽ, റെഗുലേറ്ററി കമീഷൻ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2023 മുതൽ 2026-27 വരെയുള്ള നാലു വർഷക്കാലയളവിലേക്ക് എല്ലാ വർഷവും നിരക്ക് വർധന ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഈ സാമ്പത്തിക വർഷത്തേക്ക് മാത്രമുള്ള നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തിയാൽ മതിയെന്നായിരുന്നു കമീഷന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നവംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാക്കിയത്.
പ്രതിമാസം ഗാർഹിക ഉപഭോക്താക്കൾ അധികം നൽകേണ്ട തുക
*50 യൂനിറ്റ് വരെ - 10 രൂപ
*51 മുതൽ 100 വരെ - 20 രൂപ
*101 മുതൽ 150 വരെ - 33 രൂപ
*151 മുതൽ 200 വരെ - 48 രൂപ
*201 മുതൽ 250 വരെ - 58 രൂപ
*300 യൂനിറ്റ് വരെ - 90 രൂപ
*350 യൂനിറ്റ് വരെ - 123 രൂപ
*400 യൂനിറ്റ് വരെ - 135 രൂപ
*500 യൂനിറ്റ് വരെ - 185 രൂപ
*550 യൂനിറ്റിന്? മുകളിൽ - 200 രൂപ
ഫിക്സഡ് ചാർജ്
(സിംഗിൾ ഫേസ്, ത്രീ ഫേസ് എന്ന ക്രമത്തിൽ (ബ്രാക്കറ്റിൽ പഴയ നിരക്ക്)
*50 യൂനിറ്റ് വരെ - 40 രൂപ (35) 100 (90)
* 51 മുതൽ 100 വരെ - 65 (55) 140 (120)
*101 മുതൽ 150 വരെ - 85 (70) 170 (150)
*151 മുതൽ 200 വരെ - 120 (100) 180 (160)
* 201 മുതൽ 250 വരെ - 130 (130) 200 (175)
* 300 യൂനിറ്റ് വരെ - 150 (130) 205 (175)
* 350 യൂനിറ്റ് വരെ - 175 (150) 210 (175)
*400 യൂനിറ്റ് വരെ - 200 (175) 210 (175)
*500 യൂനിറ്റ് വരെ - 230 (200) 235 (200)
* 550 യൂനിറ്റിന് മുകളിൽ - 260 (225) 260 (225)
മറുനാടന് മലയാളി ബ്യൂറോ