തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾ നിശ്ചിത തീയതിക്കകം കുടിവെള്ള ചാർജ്ജ് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതാണ് കേരള വാട്ടർ അഥോറിറ്റിയുടെ പതിവ്. വമ്പന്മാർക്ക് ഇത് ബാധകമല്ലതാനും. ലക്ഷങ്ങൾ കടിശ്ശിക വരുത്തിയ വമ്പൻ വ്യവസായികൾ കേരളത്തിലുണ്ട്. അതിനിടെ ഗാർഹിക ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബിൽ തീയതി മുതൽ 15 ദിവസം വരെയാക്കി കുറയ്ക്കുകയും ചെയ്തു. മുൻപ് പിഴയില്ലാതെ ബിൽ അടയ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു.

ഇനി ബിൽ തീയതി മുതൽ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 12% പ്രതിവർഷ പലിശയും ഈടാക്കുമെന്നാണ് അറിയിപ്പ്. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30 ദിവസം കഴിഞ്ഞാൽ 18% പ്രതിവർഷ പലിശ ഈടാക്കും. ഇതു സംബന്ധിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.

ഗാർഹികേതര കണക്ഷനുകൾക്ക് ബിൽ തീയതി മുതൽ 15 ദിവസം വരെ പിഴയില്ലാതെ കുടിവെള്ള ചാർജ് അടയ്ക്കാം. ബിൽ തീയതി കഴിഞ്ഞുള്ള 15 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 12 % പ്രതിവർഷ പലിശ ഈടാക്കും. പിഴയോട്ടകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതാണ്. 30 ദിവസം കഴിഞ്ഞാൽ 24% പ്രതിവർഷ പലിശ ഈടാക്കുന്നതുമാണെന്നുമാണ് അഥോറിറ്റിയുടെ അറിയിപ്പ്.

ഗാർഹിക ഉപഭോക്താക്കൾക്കെതിരെ നിയമം കർശനമാക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ വാട്ടർ ചാർജ്ജ് കുടിശ്ശിക ആകുന്നത് ലക്ഷങ്ങളാണ്. ഒരു നടപടിയും വാട്ടർ അഥോറിറ്റി സ്വീകരിക്കാറുമില്ല. എന്നാൽ ഇക്കുറി പതിവ് തെറ്റി. വാട്ടർ ചാർജ് അടയ്ക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി ആന്റണി രാജുവിനേയും ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ വെറുതെ വിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വാട്ടർ ചാർജ് അടയ്‌ക്കേണ്ടത് ലക്ഷങ്ങളാണ്.

ക്ലിഫ് ഹൗസിൽ നീന്തൽകുളവും ഉണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിലേയും വാട്ടർ ചാർജ് കൃത്യമായി അടയ്ക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും വാട്ടർ ചാർജിനത്തിനത്തിൽ മാസങ്ങളായി അടക്കാത്ത കുടിശിക സെറ്റിൽ ചെയ്യാൻ മന്ത്രി റോഷി അഗസ്റ്റിൻ വൺ ടൈം സെറ്റിൽമെന്റ് നൽകിയിരിക്കുകയാണ്. 31.3.22 വരെ 39.86 ലക്ഷം രൂപയാണ് വൺ ടൈം സെറ്റിൽമെന്റായി നൽകേണ്ടത്. ടൂറിസം വകുപ്പിനാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഔദ്യോഗിക വസതികളുടെ ചുമതല.

മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും ഔദ്യോഗിക വസതിയിലെ വാട്ടർ ചാർജ് കുടിശിക സെറ്റിൽ ചെയ്യാൻ 39.86 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് 23.7.22 ൽ ടൂറിസം ഡയറക്ടർ സർക്കാരിന് കത്ത് നൽകി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അനുമതിയോടെ ഫണ്ടിനായി ഫയൽ ധനകാര്യ വകുപ്പിലെത്തി. കഴിഞ്ഞ ദിവസം ധന ബജറ്റ് വിംഗിൽ നിന്ന് 39.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറങ്ങി. ജനങ്ങൾക്ക് മാതൃകയാകേണ്ടവർ തന്നെ വാട്ടർ ചാർജ് കൃത്യമായി അടയ്ക്കാത്തത് എന്താണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.