- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തിയുടെ കുടിശിക 2.15 കോടി രൂപ; രണ്ടു സിപിഎം ഓഫിസുകളിൽ 'വെള്ളം കുടിച്ചതിന്' നൽകാനുള്ളത് 17.81 ലക്ഷം; ആകെ കിട്ടാനുള്ളത് 1763 കോടി 71 ലക്ഷം രൂപ; കുടിശിക പിരിച്ചെടുക്കാതെ വെള്ളക്കരം കൂട്ടുന്ന ജലവിഭവ വകുപ്പ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ജലവിഭവവകുപ്പ് വെള്ളക്കരം കൂട്ടിയത്. അതും കോടികളുടെ കുടിശിക പിരിച്ചെടുക്കാതെ. 1763 കോടി 71 ലക്ഷം രൂപയാണ് വകുപ്പിലേക്ക് പിരിഞ്ഞ് കിട്ടാനുള്ളത്. ഇതിൽ 968 കോടി നൽകേണ്ടത് തദേശസ്ഥാപനങ്ങളും 270 കോടി സർക്കാർ ഓഫീസുകളുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുണ്ട് പത്തരക്കോടി രൂപ.
സ്വകാര്യ വ്യക്തികളിൽ നിന്നും പിരിഞ്ഞുകിട്ടാനുള്ള ലക്ഷങ്ങൾ. എന്നാൽ കെടുകാര്യസ്ഥത ഒരു സർക്കാർ സംവിധാനത്തെ എങ്ങനെ തകർക്കും എന്നതിന്റെ ഉദാഹരണമാണ് കുടിശികയുടെ വേരുകൾ തേടിയാൽ കണ്ടെത്തുക.
ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപ. രണ്ടു സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജല അഥോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം. പ്രമുഖ ആശുപത്രികൾ, റിസോർട്ടുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, തടിമില്ലുകൾ തുടങ്ങിയവ നൽകേണ്ടത് ലക്ഷങ്ങൾ.
മാത്രമല്ല ജലവിഭവ മന്ത്രിയുടെ തന്നെ കീഴിലുള്ള ജലസേചന വിഭാഗത്തിന്റെ 89 ഓഫിസുകൾ അടയ്ക്കാനുള്ളത് 70,53,975 രൂപ. സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശിക വരുത്തിയ ഗാർഹികേതരവ്യാവസായിക കണക്ഷനുകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ. 10 വർഷത്തിലേറെ കുടിശിക വരുത്തിയവരാണ് ഭൂരിഭാഗവും. ഗാർഹികേതര വ്യാവസായിക വിഭാഗത്തിലെ കുടിശിക (സർക്കാർ ഇതര കുടിശിക)118.79 കോടി രൂപയാണ്.
കുടിശിക വരുത്തിയ സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ജല അഥോറിറ്റി പുറത്തു വിട്ടിട്ടില്ല. 1956 ലെ കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളെ ജലഅഥോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ പ്രത്യേകമായി രേഖപ്പെടുത്താത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. ആംനസ്റ്റി പദ്ധതി പ്രകാരം ഇളവ് അനുവദിച്ചിട്ടും ഗാർഹികേതരവ്യാവസായിക ഉപയോക്താക്കളിൽ ഭൂരിഭാഗവും പണം അടച്ചിട്ടില്ല.
ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമലയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറി (കൺസ്യൂമർ നമ്പർ വിപിആർ/118/എൻ) 12,47,163 ലക്ഷം രൂപയും കോട്ടയം സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് (കൺസ്യൂമർ നമ്പർ എം15/270എൻ) 5,33,907 രൂപയും കുടിശിക ഇനത്തിൽ നൽകാനുണ്ടെന്നു ജലഅഥോറിറ്റി പറയുന്നു.
കുടിശികയുള്ള സർക്കാർ വകുപ്പുകളിൽ മുന്നിൽ ആരോഗ്യ വകുപ്പാണ്, മരാമത്ത്, വിദ്യാഭ്യാസം,വനം, പൊലീസ്, ജയിൽ തുടങ്ങിയവയെല്ലാം കോടികൾ കൊടുക്കാനുണ്ട്. സർക്കാരിന്റെ കയ്യിൽ നിന്ന് മാത്രമല്ല, വൻകിട കമ്പനികളടക്കം സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും 210 കോടി രൂപ പിരിക്കാനുണ്ട്. ഈ കുടിശികയിൽ പലതും പത്ത് വർഷം വരെയായവയാണെന്നതാണ് വകുപ്പിന്റെ കഴിവുകേട് വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ