ആഗ്ര: മൂന്നു ദിവസമായിത്തുടരുന്ന കനത്തെ മഴയെത്തുടര്‍ന്ന് താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി.പ്രധാന താഴികക്കുടത്തിലാണ് ചെറിയ ചോര്‍ച്ച കണ്ടെത്തിയത്.എന്നാല്‍ പരിശോധനയില്‍ ചെറിയ ചോര്‍ച്ചയാണ് കണ്ടെത്തിയതെന്നും താഴികക്കുടത്തിന് തകാരാറില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു.ഡ്രോണ്‍ ഉപയോഗിച്ച് വിശദമായ പരിശോധ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

താജ്മഹലിനോട് ചേര്‍ന്ന പൂന്തോട്ടത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. മഴ കഴിഞ്ഞാലുടന്‍ അടിയന്തര അറ്റകുറ്റപണിക്കായി താജിലെ ഉദ്യാനം പുതുക്കിപ്പണിയുമെന്നും അധികൃതര്‍ അറിയിച്ചു.കനത്ത മഴയില്‍ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായിരുന്നു.ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.പൂന്തോട്ടത്തില്‍ നിന്ന് ഷാജഹാന്റെ ശവകുടീരത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്.മഴ മാറിക്കഴിഞ്ഞാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനാണ് തീരുമാനം.

താഴികക്കുടത്തില്‍ നിന്നുള്ള വെള്ളം ചോര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. പ്രധാന ശവകുടീരത്തിനുള്ളിലും ഈര്‍പ്പം കണ്ടെത്തിയിട്ടുണ്ട്. താഴികക്കുടത്തിലെ കല്ലുകളില്‍ നേരിയ വിള്ളലുണ്ടായിരിക്കാം, ഇതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. വെള്ളം ഇറ്റുവീഴുന്ന സ്ഥലങ്ങള്‍ സ്ഥിരമായുള്ള ചോര്‍ച്ചയാണോ ഇടയ്ക്കിടെയുള്ളതാണോ എന്നാണ് പരിശോധിക്കുന്നത്.

മഴകുറഞ്ഞാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനാണ് നീക്കം. പൂന്തോട്ടം പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ പറയുന്നു. താജ്മഹലിന്റെ പ്രധാന ശവകുടീരത്തിന് മുന്നിലുള്ള സെന്‍ട്രല്‍ ടാങ്കിന് സമീപമുള്ള ഒരു പൂന്തോട്ടം കനത്ത മഴയില്‍ മുങ്ങിയതായിട്ടാണ് ടൂറിസ്റ്റുഗൈഡുകളും പറയുന്നത്. താഴികക്കുടത്തില്‍ നിന്നുള്ള വെള്ളം ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരങ്ങള്‍ ഉള്ള അറയിലും എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ആഗ്രയില്‍ വ്യാഴാഴ്ച പെയ്ത 151 മില്ലിമീറ്റര്‍ മഴ 80 വര്‍ഷത്തിനിടയിലെ ഈ പ്രദേശത്ത് പെയ്ത ഏറ്റവും ഉയര്‍ന്ന 24 മണിക്കൂര്‍ മഴയാണ്.

ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി, ജുന്‍ജുന്‍ കാ കട്ടോറ, രാംബാഗ്, മെഹ്താബ് ബാഗ്, ചിനി കാ റൗസ, സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം, റോമന്‍ കാത്തലിക് സെമിത്തേരി എന്നിവയുള്‍പ്പെടെയുള്ള മറ്റ് ചരിത്ര സ്ഥലങ്ങള്‍ക്കും കനത്ത മഴ 'ചെറിയ നാശനഷ്ടങ്ങള്‍' വരുത്തി. അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആഗ്രയുടെ അമൂല്യമായ പൈതൃക സൈറ്റുകള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്നും പറഞ്ഞു.