- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയുടെയും തൊട്ടുകിടക്കുന്ന 10 ദ്വീപുകളിലെയും ജലഗതാഗതം പുതുകാലത്തിനു ചേർന്നവിധം നവീനമായൊരു തലത്തിലേക്കുയർത്താൻ വാട്ടർ മെട്രോ; അതിവേഗതയിൽ സുരക്ഷിതമായ യാത്ര; 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലുപ്പത്തിലുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം) കൊച്ചി വാട്ടർ മെട്രോ. ജലഗതാഗത സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗമേറിയതുമായ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമാണ് കൊച്ചി മെട്രോ. കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റേയും കമ്പനിയെ വൈവിധ്യവൽകരണത്തിലൂടെ ലാഭത്തിലെത്തിക്കുന്നതിനും വേണ്ടിയാണ് വാട്ടർ മെട്രോ അവതരിപ്പിക്കുന്നത്.
തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളിൽ കാത്തിരിക്കുന്നത്. ബോട്ട്യാത്രയ്ക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺകാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽനിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമുള്ള സർവീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽനിന്നാകട്ടെ, 25 മിനിറ്റിനകം കാക്കനാട്ട് എത്താം. പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾ വരും.
കൊച്ചിൻ കപ്പൽനിർമ്മാണശാലയാണ് കൊച്ചി വാട്ടർ മെട്രോയ്ക്കുവേണ്ട ബോട്ടുകൾ തയ്യാറാക്കുന്നത്. അലുമിനിയം ഉപയോഗിച്ചു നിർമ്മിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകൾ ഭാരംകുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ് (എൽ.ടി.ഒ.) ബാറ്ററികൾ കൂടുതൽക്കാലം നിലനിൽക്കുന്നവയാണ്. വേഗത്തിൽ ചാർജുചെയ്യാനാവുകയും ചെയ്യും. ബോട്ടുകളിൽ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. ഒരു സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിൽ (ഒ.സി.സി.)നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുൾപ്പെടെ ബോട്ടുകളുമായി ഒരേ ലെവലിൽ നിൽക്കാൻ കഴിയുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകൾ ഇതിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തിൽത്തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക് യാത്ര ചെയ്യാൻ കഴിയും. കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കൊച്ചി നഗരത്തിന്റെ കാർബൺ ഫുട്പ്രിന്റും കുറയ്ക്കാൻ സഹായിക്കും.
കൊച്ചിയുടെയും തൊട്ടുകിടക്കുന്ന 10 ദ്വീപുകളിലെയും ജലഗതാഗതം പുതുകാലത്തിനു ചേർന്നവിധം നവീനമായൊരു തലത്തിലേക്കുയരുകയാണ്. മൂന്നു വർഷംകൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു 2016ൽ നിർമ്മാണം തുടങ്ങിയ വാട്ടർ മെട്രോ ഇപ്പോഴാണു ജനങ്ങൾക്കു സമർപ്പിക്കുന്നത്. ഉദ്ഘാടനം കാത്ത്, മെട്രോ ബോട്ടുകൾ 6 മാസത്തിലേറെയായി ട്രയൽ റൺ നടത്തുകയാണ്. 747 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. വൈപ്പിൻ ബോൾഗാട്ടി ഹൈക്കോടതി റൂട്ടിലാണ് ആദ്യ സർവീസ്. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, കാക്കനാട്, വൈറ്റില ടെർമിനലുകൾ കൂടി പൂർത്തിയായിട്ടുണ്ട്. കാക്കനാട് വൈറ്റില റൂട്ടിലും സർവീസ് ഉടൻ ആരംഭിക്കാം. ബാക്കിയെല്ലാം അന്തിമഘട്ടത്തിലെത്തി നിൽക്കുന്നു. 38 ജെട്ടികളും 78 അത്യാധുനിക ബോട്ടുകളുമായി 76 കിലോമീറ്റർ ദൂരം സർവീസ് നടത്താനൊരുങ്ങുകയാണ് വാട്ടർ മെട്രോ. ഇതിനായി 8 ബോട്ടുകൾ സർവീസിനു ലഭിച്ചുകഴിഞ്ഞു.
സംസ്ഥാന സർക്കാരിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും ഓഹരി പങ്കാളിത്തമുള്ള പുതിയ കമ്പനിക്കാണു പദ്ധതിനടത്തിപ്പ്. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന്റെയും ഭാവിഗതാഗതത്തിന്റെതന്നെയും നിർണായകവഴികളിലൊന്നു നിർവചിക്കാൻ കൊച്ചി വാട്ടർ മെട്രോയ്ക്കു കഴിയുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ