കൊച്ചി: രാജ്യാന്തര നിലവാരത്തിലുള്ള ജലയാത്ര വാഗ്ദാനം ചെയ്യുന്ന വാട്ടർ മെട്രോ സൂപ്പർ ഹിറ്റാണ്. യാത്രക്കാർ ഏറെയുണ്ട്. എന്നാൽ അതിന് വേണ്ടത്ര ബോട്ടില്ലാത്തതാണ് പ്രതിസന്ധി. 9 ബോട്ടുകൾ കൊച്ചി കപ്പൽശാല വാട്ടർ മെട്രോയ്ക്കു കൈമാറിയെന്നാണു വാട്ടർ മെട്രോയും കപ്പൽശാലയും പറയുന്നതെങ്കിലും 4 ബോട്ടുകൾ അറ്റകുറ്റപ്പണിക്കു കപ്പൽശാലയിലേക്കു തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം ഇന്നലെ തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്കനുസരിച്ചു ബോട്ട് ഓടിക്കാൻ കഴിയുന്നില്ല.

ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ വാട്ടർ മെട്രോയിൽ അരലക്ഷത്തിലേറെ ആളുകൾ യാത്ര ചെയ്തു. തിരക്കുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് അല്ലാതിരുന്നിട്ടും മെട്രോ അധികൃതരെ ഞെട്ടിക്കുന്നതാണ് പ്രതികരണം. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ മലയാളി മനസ്സുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സർവ്വീസ് ആരംഭിച്ച് ദിവസങ്ങൾ പിന്നീടുമ്പോൾ മികച്ച പ്രതികരണമാണ് വാട്ടർ മെട്രോയ്ക്ക് ലഭിക്കുന്നത്. സർവീസ് തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും സഞ്ചാരികളുടെ ഒഴുക്കിന് സാക്ഷ്യം വഹിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ.അവധിക്കാലമായതു കൊണ്ടുതന്നെ കുടുംബസമേതമാണ് മിക്കവരും വാട്ടർ മെട്രോ ആസ്വദിക്കാനെത്തുന്നത്.

വാട്ടർ മെട്രോയുടെ 23 ബോട്ടുകൾ നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലയ്ക്കാണ്. മുഴുവൻ ബോട്ടുകളും നിർമ്മിച്ചു നൽകേണ്ട സമയം കഴിഞ്ഞെങ്കിലും ഇതുവരെ ലഭിച്ചത് 9 എണ്ണം മാത്രം. കോവിഡ് കാല പ്രതിസന്ധിയാണു ബോട്ടുകളുടെ നിർമ്മാണം വൈകാൻ കാരണമെന്നാണു വിശദീകരണം. വൈപ്പിൻഹൈക്കോടതി റൂട്ടിൽ രാവിലെ 7 മുതൽ രാത്രി 8 വരെ 15 മിനിറ്റ് ഇടവിട്ടും വൈറ്റില കാക്കനാട് റൂട്ടിൽ 45 മിനിറ്റ് ഇടവേളയിൽ പീക് അവേഴ്‌സിലും മാത്രമായിരുന്നു ബോട്ട് സർവീസ്. വൈറ്റില കാക്കനാട് റൂട്ടിൽ ഇന്നലെ മുതൽ സർവീസുകളുടെ എണ്ണം കൂട്ടി.

രാത്രി 8 വരെ സർവീസ് ഉണ്ടെങ്കിലും ഹൈക്കോടതിയിൽനിന്നു വൈപ്പിനിലേക്ക് അവസാന ബോട്ടിൽ കയറാൻ പലപ്പോഴും 7.15 വരെയേ ടിക്കറ്റ് ലഭിക്കൂ. അവസാന ബോട്ടിനുള്ള 96 ടിക്കറ്റുകൾ നൽകിക്കഴിഞ്ഞാൽ കൗണ്ടർ അടയ്ക്കും. കൊച്ചി വൺ കാർഡുമായോ ക്യൂആർ ടിക്കറ്റുമായോ അതിനു ശേഷം വരുന്നവർക്കു യാത്രചെയ്യാനാവില്ല. അവർക്കു പണം തിരികെക്കിട്ടും.

വാട്ടർ മെട്രോയിൽ യാത്ര ചെയ്തവർക്കെല്ലാം നല്ല അഭിപ്രായം മാത്രം. കഴിഞ്ഞ ഞായറാഴ്ചയാണു വാട്ടർ മെട്രോയിൽ ഏറ്റവും തിരക്കുണ്ടായത്. ആകെ യാത്രക്കാർ 11,556. മെയ്‌ ദിനത്തിലും തിരക്കു കൂടി, 10,574. പിന്നീടുള്ള ദിവസങ്ങളിൽ തിരക്കിനു കുറവുണ്ടെങ്കിലും വൈകിട്ട് ടിക്കറ്റ് കൗണ്ടർ അടയ്‌ക്കേണ്ട സ്ഥിതിയാണ്.

വൈപ്പിനിലേക്ക് 4 ബോട്ടും കാക്കനാടിന് 2 ബോട്ടുമാണ് ഇപ്പോൾ സർവീസ്. 3 ബോട്ട് റിസർവ് എന്നു വാട്ടർ മെട്രോ അധികൃതർ പറയുന്നെങ്കിലും ചെറിയ അറ്റകുറ്റപ്പണികളിലാണ്.