കൊച്ചി: സർവീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾക്കകം ഞായറാഴ്ച വൈകിട്ട് 5 മണി വരെ 106528 ആളുകളാണ് യാത്ര ചെയ്തത് . നിലവിൽ ഹൈ കോർട്ട് - വൈപ്പിൻ , വൈറ്റില - കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത് . കൊച്ചി വാട്ടർ മെട്രോയെ ഏവരും നെഞ്ചിലേറ്റുന്നതിന് തെളിവാണ് ഇത്.

പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവീസുകൾ വർദ്ധിപ്പിക്കുകയാണ്. ഏപിൽ 27ന് ഈ റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ എട്ട് മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയുമായിരുന്നു സർവീസ്. എന്നാൽ വ്യാഴം മുതൽ ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിരിക്കയാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്.

ആദ്യദിനത്തിൽ വാട്ടർ മെട്രോയിൽ 6559 പേരാണ് യാത്ര ചെയ്തത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈകോർട്ട് വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും.

മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും. യാത്രക്കാരെ ആകർഷിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യം ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഇന്ത്യയിലെ ആദ്യ ജല മെട്രോയായ കേരളത്തിന്റെ കൊച്ചി ജലമെട്രോയുടെ വിശേഷങ്ങൾ വീഡിയോയിൽ പങ്കുവച്ച് വേൾഡ് എക്കണോമിക് ഫോറം ഇൻസ്റ്റഗ്രാം പേജും എത്തിയിരുന്നു.

ശബ്ദ, കാർബൺ മലിനീകരണമില്ലാതെ, വൈദ്യുത ബാറ്ററികളിൽ പ്രവർത്തിക്കുന്ന അതിവേഗ ബോട്ടുകൾ കൊച്ചി നഗരവും സമീപ ദ്വീപുകളുമായുള്ള പരിസ്ഥിതി സൗഹൃദ യാത്രാസൗകര്യത്തിന്റെ പുതുമാതൃകയായത് വീഡിയോയിൽ എടുത്തു പറയുന്നു. ആദ്യഘട്ടത്തിൽ രണ്ടുദിശകളിലേക്ക് നാലു ജെട്ടികളിലേക്കുള്ള യാത്രകളിൽ പ്രതിദിനം 34000 യാത്രക്കാരുമായി കുതിക്കുകയാണ് സർവീസിന്റെ ഭാവി സാധ്യതകളും വീഡിയോയിലുണ്ട്.

മിനിമം യാത്രാനിരക്ക് 20 രൂപയാണെന്നും എടുത്തു പറയുന്നു. മെട്രോ റെയിലുമായി ബന്ധപ്പെടുത്തിയുള്ള ജലമെട്രോയുടെ പ്രാധാന്യവം വിവരിക്കുന്നുണ്ട്. ഭാവിയിൽ കൊച്ചിയുടെ 10 സമീപ ദ്വീപുകളിലേക്ക് യാത്ര ചെയ്യാൻ 76 കിലോമീറ്റർ സർവീസായി മാറുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 1,50,000 ആയി മാറും. 16 റൂട്ടുകളിലേക്കായി 78 ബോട്ടുകളാകും അപ്പോൾ നിലവിൽ വരുക. അപ്പോൾ ഒരുവർഷം 44000 ടൺ കാർബൺഡയോക്സയിഡ് പുറന്തള്ളൽ ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നും വീഡിയോയിൽ പറയുന്നു.

ഒരുകാലത്ത് യാത്രയ്ക്ക് ബോട്ടുകളെ ആശ്രയിച്ചിരുന്ന വേമ്പനാട് കായലിലെ സമീപ ദ്വീപുകൾ വീണ്ടും ഗതാഗതകുരുക്കും മലിനീകരണവുമില്ലാത്ത ജലയാത്രയിലേക്കു തിരിച്ചുവരുന്നതിന്റെ പ്രതീകമാണിതെന്നും വീഡിയോയിൽ പറയുന്നു.