- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂരല്‍ മലയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സം; പാലം നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എത്തിക്കുന്നു; സൈന്യത്തിന് വഴിയൊരുക്കണമെന്ന് ജില്ലാ കളക്ടര്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മലയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ചൂരല്‍മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
മുണ്ടക്കൈയിലേക്ക് താല്കാലിക പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ട്. അടിയന്തരമായി ട്രക്കുകളില്‍ സാമഗ്രികള്‍ വയനാട്ടിലേക്കെത്തിക്കുന്നതിനായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൂരല്‍മലയില്‍ നിന്ന് മേപ്പാടി വരെയുള്ള 14 കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ നിലവില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നുണ്ട്. ബെയിലി പാലം നിര്‍മിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണമെന്നാണ് കളക്ടര്‍ അറിയിച്ചത്.
ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍ മലയില്‍ നിന്നും താത്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. വ്യോമസേന എത്തിച്ച സാമഗ്രികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും.
ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തില്‍ പാലം നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് പാലം നിര്‍മാണം നിലവില്‍ പുരോഗമിക്കുകയാണ്.
പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന് സിങ് നഥാവത് ആണ് പാലം നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം ദ്രുതഗതിയിലാകും.
ചൂരല്‍മലയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സൈന്യം നിര്‍മിച്ച താത്ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായുള്ള സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. മണിക്കൂറുകളോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.