ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ പഴിചാരുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മഹാപാത്ര. ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മുന്നറിയിപ്പിനെ ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ പഴിചാരലിനു പിന്നാലെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി തന്നെ വിശദീകരണവുമായി എത്തിയത്. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്കു സജ്ജമായിരിക്കാനുള്ള മുന്നറിയിപ്പാണെന്നും റെഡ് അലര്‍ട്ടിന് വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ലെന്നും മഹാപാത്ര ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലായ് 25-ന് നല്‍കിയ യെല്ലോ അലര്‍ട്ട് ജൂലായ് 29 വരെ തുടര്‍ന്നു. 29-ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലായ് 30-ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കിയതായും കാലാവസ്ഥ നിരീക്ഷ വകുപ്പ് മേധാവി പറഞ്ഞു.

ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയ്യാറാകുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.

കനത്തമഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവാമെന്ന് കേരളത്തിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് മുഖവിലയ്ക്കെടുത്ത് ദുര്‍ബലമേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്നും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി.

പ്രശ്നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പെടലിക്കിട്ട് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ രക്ഷപ്പെടാനാവുമോയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അമിത്ഷാ പറയുന്നത് കാലാവസ്ഥാമുന്നറിയിപ്പാണ്. അതെല്ലാകാലത്തും ഗൗരവമായെടുക്കാറുണ്ട്. ദുരന്തത്തിനുമുന്‍പ് ഒരുതവണപോലും പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. ഓറഞ്ച് അലര്‍ട്ടേ ഉണ്ടായിരുന്നുള്ളൂ. അപകടദിവസം രാവിലെ ആറുമണിക്കാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

കനത്ത മഴയില്‍ വയനാട്ടില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന കേന്ദ്ര മുന്നറിയിപ്പ്, കേരളസര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതാണു വിവാദത്തിനു തുടക്കമിട്ടത്. തുടര്‍ച്ചയായി മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് മാത്രമാണു വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നതെന്നും 48 മണിക്കൂറിനുള്ളില്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നതിനേക്കാള്‍ അധികമായി 572 എംഎം മഴ ജില്ലയില്‍ പെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജൂലൈ 29-നു രണ്ടു മണിക്കു മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പില്‍ 30, 31 തീയതികളില്‍ ഗ്രീന്‍ അലര്‍ട്ടാണ് നല്‍കിയിരുന്നതെന്നാണു മുഖ്യമന്ത്രി പറയുന്നത്. ചിലയിടങ്ങളില്‍ ചെറിയ മണ്ണിടിച്ചിലിനു സാധ്യത എന്നാണ് ഇതിനര്‍ഥമെന്നും അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ കേരളഘടകങ്ങളെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയത്. ജൂലൈ 29, 30 തീയതികളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നതു സംബന്ധിച്ചു പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. അമിത് ഷാ കുറ്റപ്പെടുത്തിയതോടെ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിനു ശേഷമാണ് കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ പാളിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വയനാട്ടില്‍ 3 മഴ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകളും മൂന്ന് ഓട്ടമാറ്റിക് റെയിന്‍ ഗേജ് സ്റ്റേഷനുകളുമാണുള്ളത്. ഇതിനു പുറമേ വയനാട്ടിലെ ഉള്‍പ്പെടെ കാലാവസ്ഥാ വിവരങ്ങള്‍ തല്‍സമയം നല്‍കാന്‍ കഴിയുന്ന റഡാര്‍ സംവിധാനം കൊച്ചിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഴ മൂലം ഉണ്ടാകുന്ന മണ്ണിടിച്ചില്‍ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അടുത്തിടെയാണു സ്ഥാപിച്ചതെന്നും ട്രയല്‍ റണ്‍ ആണ് നടക്കുന്നതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.