കല്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും കേരളത്തിന് ആശങ്കയുയര്‍ത്തി മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. അതേസമയം, 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്നും രക്ഷപ്പെടുത്തിയ
225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്.

ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. രക്ഷാകരം കാത്ത് കിടക്കുന്ന മുണ്ടിക്കൈയിലെ ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്നു രാവിലെ മുണ്ടക്കൈയിലെത്തിയത്.

എന്നാല്‍ ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വിശദമായ പരിശോധന സാധ്യമല്ല. ഡോഗ് സ്‌ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ തിരയുകയാണ് സംഘം ചെയ്യുന്നത്. താല്‍ക്കാലിക പാലം നിര്‍മിച്ച ശേഷം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.

കരസേനയും വ്യോമസേനയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പോലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്ലി പാലം നിര്‍മിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാംപുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍. വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ഒരായുസ്സിലെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട അവര്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമാകുന്നു. ഇന്നലെ പുഴയില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്.

അതുകൊണ്ടു തന്നെ അധികം ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്, പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതു മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍.

കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ക്രീറ്റ് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും നേരിടുന്നുണ്ട്. ദുരന്തബാധിതമേഖലയില്‍നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ മാത്രം ആയിരത്തിലധികം പേരുണ്ട്.

മുണ്ടക്കൈയില്‍ എല്ലാം തകര്‍ന്ന് മണ്ണിലാണ്ടുപോയ വീടുകള്‍ക്കടിയില്‍ രക്ഷാസംഘം പരിശോധന തുടരുകയാണ്. വീടുകള്‍ക്കടുത്തെത്തുമ്പോള്‍ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാല്‍ ഓരോ വീടുകള്‍ക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ്. മണ്ണിനടിയില്‍ പെട്ട ഒരു വീട്ടില്‍ നിന്ന് കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നവരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചു വീണവരുമെല്ലാം മുണ്ടക്കൈയിലുണ്ട്. എന്നാല്‍ അവസാന നിമിഷവും രക്ഷപ്പെടാനായി പെടാപാട് പെട്ട ഒരു മനുഷ്യന്റെ നിസ്സഹായത മുഴുവന്‍ ആ മൃതദേഹങ്ങളുടെ കണ്ണുകളിലുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്നാണ് പഞ്ചായത്ത് അംഗം കെ.ബാബു പറയുന്നു. രാത്രി വരെ ദുരന്ത മുഖത്ത് ഉണ്ടായിരുന്നുവെന്നും കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ ക്യാംപുകളിലേക്ക് മാറ്റിയെന്നും ബാബു പറഞ്ഞു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറെ ദയനീയമായ കാഴ്ചകളാണ് ദുരന്ത മുഖത്ത് കണ്ടതെന്നും ബാബു പറഞ്ഞു നിര്‍ത്തുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും.