- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ നാട്ടിലെത്തിയത് രണ്ട് മാസം മുമ്പ്; ഭാര്യയ്ക്ക് പിന്നാലെ ഒമ്പതു വയസ്സുകാരിയായ മകളും യാത്രയായി: ഉള്ളുനൊന്ത് കരഞ്ഞ് സ്വാമി ദാസ്
ചൂരല്‍മല: അമ്മ മരിച്ചപ്പോള്‍ അമ്മയുടെ നാട്ടില്‍ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും ഒപ്പം നില്‍ക്കാനും അമ്മ പഠിച്ച സ്കൂളില്‍ പഠിക്കാനും എത്തിയതായിരുന്നു ഒന്‍പതു വയസ്സുകാരി അനന്തിക. എന്നാല്‍ അവളുടെ ആ സന്തോഷത്തിന് കേവലം രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ചൂരല്‍മലയില്‍ പൊട്ടി വീണ ഉരുള്‍ ഈ കുരുന്നു ജീവനെയും വലിച്ചു കൊണ്ടു പോയി.
ഉരുള്‍പൊട്ടല്‍ വീട് തകര്‍ത്തെറിഞ്ഞപ്പോള്‍ അനന്തികയടക്കം ആറു പേരാണ് ആ കുടുംബത്തില്‍ നിന്നും ഇല്ലാതായത്. ബാക്കിയായത് അനന്തികയുടെ അച്ഛന് സ്വാമി ദാസ് മാത്രം. ഒരു വര്‍ഷത്തിനിടെ ഭാര്യയെയും മകളെയും നഷ്ടപ്പെടേണ്ടിവന്നതിന്റെ വേദന താങ്ങാന്‍ കഴിയാതെ ഉള്ളു നൊന്ത് കരഞ്ഞ ആ മനുഷ്യന് കണ്ടു നിന്നവരിലും നോവായി മാറി. അവസാന യാത്രയ്ക്കായി അനന്തികയെ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ സ്വാമിദാസ് പൊട്ടിക്കരഞ്ഞതു രക്ഷാപ്രവര്ത്തകരെയടക്കം കണ്ണീരിലാഴ്ത്തി.
ഓട്ടോഡ്രൈവറായ എരുമാട് സ്വദേശി സ്വാമിദാസിന്റെ ഒരേ ഒരു മകളാണ് അനന്തിര. ഇദ്ദേഹത്തിന്റെ ഭാര്യ വിജിത ഒരുവര്‍ഷം മുന്‍പാണ് അര്‍ബുദം ബാധിച്ചു മരിച്ചത്. വിജിതയുടെ നാടായ മുണ്ടക്കൈയിലെ ഗവ. എല്‍പിഎസില്‍ നാലാം ക്ലാസില്‍ ചേര്‍ന്ന കുട്ടി അതിവേഗം സ്കൂളുമായും പുതിയ കൂട്ടുകാരുമായും ഇണങ്ങി. പഠനത്തില്‍ സമര്ഥയായതിനാല് അധ്യാപകര്‍ക്കും പ്രിയങ്കരിയായി. വിജിതയുടെ സഹോദരനും ഭാര്യയും രണ്ട മക്കളുമുള്ള വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് അനന്തികയെ ഉരുള്‍ എടുത്തത്.