ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കേരളം വലിയ കാലതാമസം വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നല്‍കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് അമിത്ഷായുടെ വിമര്‍ശനം.

സംസ്ഥാനം വിശദ നിവേദനം നല്‍കിയത് നവംബര്‍ 13ന് മാത്രമെന്ന് അമിത്ഷാ ആവര്‍ത്തിച്ചു. വയനാട് പുനരധിവാസത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി വയനാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഈ ഉറപ്പുകള്‍ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അത്യധികം കാലതാമസം വരുത്തി. സംഭവം നടന്ന് മൂന്നര മാസം കഴിഞ്ഞിട്ടും അസസ്‌മെന്റ് മെമ്മോ അയച്ചില്ല. അടുത്തിടെ, പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2219.033 കോടിയുടെ എസ്റ്റിമേറ്റ് സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. സംസ്ഥനത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മന്ത്രിതല സമിതി രൂപീകരിക്കുകയും ഉചിതമായ സഹായം നല്‍കുകയും ചെയ്യും. ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് ആണെങ്കിലും, വയനാട് ദുരന്ത സമയത്ത് കേന്ദ്രം സംസ്ഥാനത്തിനൊപ്പം നിന്നുവെന്നും അമിത്ഷായുടെ കുറിപ്പില്‍ പറഞ്ഞു.





അതസമയം, ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അമിത് ഷായുടെ കുറിപ്പ് എക്‌സില്‍ പങ്കുവച്ച പ്രിയങ്ക പറഞ്ഞു. ദുരന്തങ്ങളുടെ ഇരകളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ മാനവികതയ്ക്കും അനുകമ്പയ്ക്കും മുന്‍ഗണന നല്‍കണം. വയനാട്ടിലെ ജനങ്ങള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവര്‍ക്ക് ഒഴിവുകഴിവുകളല്ല ആവശ്യം. അവരുടെ ജീവിതം അന്തസ്സോടെ പുനര്‍നിര്‍മിക്കാന്‍ അടിയന്തര സഹായം ആവശ്യമാണ്. മുറിവുണക്കാനും ജീവിതം പുനര്‍നിര്‍മിക്കാനും സര്‍ക്കാരിന്റെ എല്ലാ തലങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ ഏറ്റവും ശക്തമായി നിലകൊള്ളും. കേന്ദ്രവും സംസ്ഥാനവും മുന്നിട്ടിറങ്ങി വയനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.