- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതി; അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശം; 'ബാണാസുര ചിലപ്പന്‍' എന്ന പക്ഷികളുടെ സംരക്ഷണ പഠനം അനിവാര്യ; 25 വ്യവസ്ഥകളോടെ പാരിസ്ഥിതി അനുമതി; വയനാട് തുരങ്ക പാത യാഥാര്‍ഥ്യത്തിലേക്ക്
കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. 25 ഇന വ്യവസ്ഥകളോടെയാണ് നിര്‍മാണത്തിന് അനുമതി നല്‍കിയത്.
പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ആനയ്ക്കാംപൊയിയില്‍നിന്ന് കല്ലാടി വരേയാണ് തുരങ്ക പാത. 8.7 കിലോമീറ്റര്‍ ആണ് പാതയുടെ ദൈര്‍ഘ്യം. ഇതില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം വനത്തിനടിയിലൂടെയുള്ള തുരങ്ക പാതയാണ്. ഇതിനോടകം തന്നെ പാതയുടെ നിര്‍മാണത്തിനായി രണ്ട് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.
മല തുരക്കുമ്പോള്‍ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനങ്ങള്‍ രണ്ടു ജില്ലകളിലും വേണം. വയനാട് - നിലമ്പൂര്‍ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്തു മാത്രമുള്ള 'ബാണാസുര ചിലപ്പന്‍' എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തില്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം പാലിക്കുമെന്നു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ തന്നെ നിയമസഭയെ അറിയിച്ചിരുന്നു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷമാണ് പാക്കേജ് രണ്ടിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്.
പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന്റെ സ്റ്റേജ് - 1 ക്ലിയറന്‍സ് ലഭിച്ചു. സ്റ്റേജ് - 2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ 8.025 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട്ടില്‍ 8.12 ഹെക്ടര്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപ ഇത്തവണയും ബജറ്റില്‍ നീക്കി വച്ചിരുന്നു. രണ്ട് തുരങ്കമായാണ് പാത നിര്‍മിക്കുക.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. ഉരുള്‍പൊട്ടലുണ്ടാകുന്നതിനു മുന്‍പു തന്നെ തുരങ്കപാതയ്‌ക്കെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായതോടെ ഒരു കാരണവശാലും തുരങ്കപാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍.
പരിസ്ഥിതി സൗഹൃദമായ വികസനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് തുരങ്ക പാതയ്ക്കുള്ള അനുമതി സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതി അംഗം സികെ ശശീന്ദ്രന്‍ പ്രതികരിച്ചത്. നിയമങ്ങളും നിബന്ധനകളും പാലിച്ച് സമയമെടുത്താകും തുരങ്കപാത നിര്‍മിക്കുക. അല്ലാതെ നാളെത്തന്നെ തുടങ്ങില്ല. ജപ്പാനില്‍ ദുരന്തം സംഭവിച്ചിട്ടും അവര്‍ അതിജീവിച്ചില്ലേ, കൊങ്കണ്‍ പാതയുണ്ടാക്കിയപ്പോഴും പ്രതിഷേധങ്ങള്‍ ഉണ്ടായില്ലേയെന്നും അദ്ദേഹം പറഞ്ഞു.
ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നിവ ഉള്‍പ്പെടുന്നതാണ് കള്ളാടിയോട് ചേര്‍ന്നുള്ള പരിസര പ്രദേശങ്ങള്‍. വയനാട്ടില്‍ തുരങ്കപാത എത്തുന്നത് ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരല്‍മലയുടെ ഭാഗങ്ങള്‍. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്.
പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.