കൽപ്പറ്റ : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ ധാരണ. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകുമെന്ന് വയനാട് കലക്ടർ ചർച്ചയിൽ അറിയിച്ചു. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാൻ ധാരണയായി.

കുടുംബാംഗത്തിന് സ്ഥിരജോലിക്കായി സർക്കാരിന് ശുപാർശ നൽകും. മരിച്ച തോമസ് എടുത്ത കാർഷികവായ്പ എഴുതിത്ത്ത്ത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പുനൽകി. ികടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി. കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിലാണ് മരണപ്പെട്ട തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌ക്കരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ തൊണ്ടർനാട് പുതുശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ തറവാടുവീടിനു സമീപത്തെ കൃഷിയിടത്തിൽ ആക്രമണത്തിനിരയായ തോമസ് മൂന്നരയോടെ മരിക്കുകയായിരുന്നു.

കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം തോമസിന്റെ സുഹൃത്തായ ജോൺ പി എ തോണ്ടയാട് പൊലീസ് സ്റ്റേഷനിൽ യഥാക്രമം റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും വൈൽഡ് ലൈഫ് വാർഡനും കലക്ടർക്കും എതിരെ പരാതി നൽകിയിരുന്നു. വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥകാട്ടിയെന്നും അതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

വയനാട് ജില്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രമ്യാ രാഘവൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാർട്ടിൻ നോവൽ, വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, വയനാട് കലക്ടർക്ക് ഗീത എ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും അതിനാൽ ഐപിസി 304, 34 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

നാലാം പ്രതിയായ കലക്ടർ മനുഷ്യ ജീവന് ഭീഷണിയും മനുഷ്യനെ കൊലപ്പെടുത്തുകയും ചെയ്ത കടുവയെ ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ 133(1)(f) പ്രകാരമുള്ള അധികാരമുപയോഗിച്ചുള്ള നടപടികൾ സ്വീകരിക്കാതെ കൃത്യ നിർവ്വഹണത്തിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും ഇത്തരത്തിൽ കുറ്റകരമായ അനാസ്ഥയാണ് കലക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

തോമസ് തന്റെ സുഹൃത്തായിരുന്നെന്നും അദ്ദേഹത്തിന്റെ മരണത്തിൽ നീതി പൂർവ്വകമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരനായ കിഫാ വയനാട് ജില്ലാ പ്രസിഡന്റ് കൂടിയായ ജോൺ പി എ പറഞ്ഞു. കടുവയുടെ ആക്രമണത്തോടെനുബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും തോണ്ടയാട് പൊലീസ് അറിയിച്ചു.