- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാടിനെ ഭീതിയിലാഴ്‌ത്തിയ കടുവയെ മയക്കുവെടിവെച്ചു; കുപ്പാടിത്തറയിൽ മയങ്ങിവീണ കടുവയെ വലയിലാക്കി ദൗത്യ സംഘം; ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും; കർഷകനെ കൊലപ്പെടുത്തിയ കടുവയാണോയെന്ന് സംശയം; ഉറപ്പുവരുത്താൻ സമയം വേണമെന്ന് ജില്ലാ കളക്ടർ
വയനാട്: വയനാടിനെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവയെ മയക്കുവെടിവെച്ച് കീഴടക്കി. വയനാട് കുപ്പാടിത്തറയിൽ വെച്ച് കടുവയെ വനപാലകർ മയക്കുവെടിവെയ്ക്കുകയായിരുന്നു. മയങ്ങിവീണ കടുവയെ ദൗത്യ സംഘം വലയിലാക്കി. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. പുതുശ്ശേരിയിൽ കർഷകനെ കൊലപ്പെടുത്തിയ കടുവ തന്നെയാണോ നിലവിൽ പിടികൂടിയ കടുവയെന്ന സംശയം ഉയർന്നിട്ടുണ്ട്. ഉറപ്പുവരുത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചത്.
ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തിൽ വച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാർ കണ്ടു. ഇക്കാര്യം വനപാലകരെഅറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിർത്തു. കടുവയുടെ കാലിൽ വെടിയേറ്റു.
പുതുശ്ശേരിയിൽ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയിൽ നിന്ന് ഏകേദേശം 15 കിലോമീറ്റർ ദൂരമുണ്ട് കുപ്പടിത്തറ. കർഷകന്റെ ജീവനെടുത്ത കടുവ തന്നെയാണ് ഇതെന്ന് സംശയിക്കുന്നതായും ഇക്കാര്യത്തിൽ സ്ഥിരീകരണം വേണ്ടതുണ്ടെന്നുമാണ് കളക്ടർ പറഞ്ഞത്. .
കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. അതിനാൽ, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകർ. പുതുശ്ശേരിയിൽ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തിൽ കടുവക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കടുവ ഉൾകാട്ടിലേക്ക് പോകാൻ സാധ്യതയുണ്ടന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ