കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരിച്ചു. ദുരന്തം നടന്ന് അഞ്ചുനാള്‍ പിന്നിടുമ്പോള്‍ ഇപ്പോഴും 206 പേരെ കണ്ടുകിട്ടാനുണ്ട്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.

പുരുഷന്‍ - 98
സ്ത്രീ -90
കുട്ടികള്‍ -30

ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം - 152

കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം - 143

പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങ
ളുടെ എണ്ണം - 217

പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-143

ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -62

ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം - 87

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 33

ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 119

ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 518

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 89

ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 209

അതിനിടെ സൂചിപ്പാറയില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്ത് ചൂരല്‍മലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഉള്‍വനത്തിലുള്‍പ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്തും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണ്ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ആവശ്യമില്ല

ചൂരല്‍മല മുണ്ടക്കൈ ഉള്‍പ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ എത്തിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മുഖാന്തിരമാണ് നല്‍കുക.

ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ ഇനി അനാഥരല്ല. പരിക്കേറ്റ മൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഏറ്റെടുക്കാന്‍ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏല്‍പ്പിക്കും. ചൂരല്‍മലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകര്‍ഷകരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. നിലവില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എന്‍ജിഒ, വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരല്‍മല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്‌പെഷ്യല്‍ ഡിഫെന്‍സ് ഗ്രൂപ്പിനും കൈമാറിയിരുന്നു.

ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളില്‍ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് തുടര്‍നടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവര്‍ത്തിക്കുന്നത്.

ഒഡോക്ടറും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലന്‍സില്‍ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. രാജേഷ് അറിയിച്ചു.

സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ മേപ്പാടിയില്‍ നശിപ്പിക്കുന്നതിനും സജ്ജീകരണമായി.