മേപ്പാടി: കുന്നില്‍ മുകളിലെ റിസോര്‍ട്ടിലാണ് കഴിയുന്നതെങ്കിലും ഏതുനിമിഷവും മണ്ണിടിച്ചില്‍ ഉണ്ടാകാമെന്ന ഭീതിയിലാണ് നൂറിലധികം പേര്‍. തങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്രയും വേഗം എത്തുമെന്ന പ്രതീക്ഷ മാത്രമാണ് മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ക്കുള്ളത്.

കൂട്ടത്തിലുള്ള പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും റിസോര്‍ട്ടില്‍ കുടുങ്ങിയ അസ്വാന്‍ പറഞ്ഞു. ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത്. സംഘത്തില്‍ പ്രായമായവും കുട്ടികളും സ്ത്രീകളും ഒരുപാട് രോഗികളുമെല്ലാമുണ്ട്. എങ്ങോട്ടും പോകാന്‍ പറ്റുന്നില്ല. ഒരു റൂമിനുള്ളില്‍ തിങ്ങിക്കഴിയുകയാണ് ഞങ്ങള്‍.

അപകടത്തില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. വളരെ ഗുരുതരമായി പരിക്കേറ്റവരുടെ മുറിവ് ക്ലീന്‍ ചെയ്യാന്‍ മാത്രമേ ഞങ്ങളെകൊണ്ട് ഇപ്പോള്‍ സാധിക്കുകയുള്ളൂ. അവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടി വരും. ഇന്നലെ മുതല്‍ ഈ നേരം വരെ ജലപാനം കഴിച്ചിട്ടില്ല. ഒരു കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷപ്പെടുത്താന്‍ ആളുകള്‍ വരുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ല. പലരും വിളിക്കുന്നുണ്ട്. മരണം മുന്നില്‍ കണ്ടാണ് ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്', അസ്വാന്‍ പ്രതികരിച്ചത.

"രാത്രി ഒരു മണിയോടെയാണ് ഭയാനകമായ ആ ശബ്ദം ഞങ്ങള്‍ കേട്ടത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. എല്ലാവരും ഓടി കുന്നിന്‍ മുകളിലുള്ള റിസോര്‍ട്ടില്‍ കയറി. രാത്രിയായതുകൊണ്ട് എങ്ങോട്ട് ഓടണമെന്നു പോലും മനസിലായില്ല." മറ്റൊരാള്‍ പറഞ്ഞു.

തന്റെ വീടു പൂര്‍ണമായും ഒലിച്ചു പോയെന്ന് ഇയാള്‍ പറയുന്നു. നിരവധി പേരാണ് പരുക്കേറ്റ് റിസോര്‍ട്ടില്‍ കഴിയുന്നത്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. മഴ ശക്തമായാല്‍ തങ്ങള്‍ നില്‍ക്കുന്ന ഇടം പോലും സുരക്ഷിതമായിരിക്കില്ല. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. ആകെ പത്തു വീടുകളാണ് ഇനി മുണ്ടക്കൈയില്‍ അവശേഷിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പോലും സാധിക്കാത്ത വിധം മണ്ണിടിച്ചില്‍ സംഭവിച്ചിരിക്കുകയാണ് മുണ്ടക്കൈ റിസോര്‍ട്ടിനും ചുറ്റും.