കൽപ്പറ്റ: കൽപറ്റ - പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇരിട്ടി ഡോൺ ബോസ്‌കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ് (20) എന്നിവരാണ് മരിച്ചത്.

മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് ബാണാസുര സാഗർ ഡാമിലേയ്ക്ക് പേവുകയായിരുന്നു ഇവർ. വഴി മദ്ധ്യേ വാഹനത്തിലുണ്ടായിരുന്ന യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയായ ഫാത്തിമയിലേയ്ക്ക് പോകും വഴി ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്.

ബാണസുരയിൽ നിന്നും ചീറിപ്പാഞ്ഞുവന്ന കാർ പുഴമുടി എന്ന സ്ഥലത്തെത്തിയപ്പോൾ റോഡിലെ ഹമ്പിൽ ചാടി നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിന്റെ മതിൽക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു കാർ.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ഇപ്പോൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.

ഗുരുതര പരുക്കേറ്റ ഡീയോണ എന്ന പെൺകുട്ടിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ. ഇവർ മരിച്ച അഡോൺ ബെസ്റ്റിയുടെ സഹോദരിയാണ്. പരുക്കേറ്റ മറ്റ് രണ്ട് പേർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണെന്നാണ് വിവരം. പൂളക്കുറ്റി വെള്ളക്കണ്ടിയിൽ സാൻജിയോ ജോസ്, മരിച്ച സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തൻപുരക്കൽ സോണ എന്നിവരാണ് ചികിത്സയിലുള്ളത്.