കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടുണ്ടായെന്ന പരാതിയില്‍ പ്രാഥമിക പരിശോധനക്ക് വിജിലന്‍സ് ഉത്തരവ്. ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ നല്‍കിയ പരാതിയിന്‍മേലാണ് നടപടി. ഇത് സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. വിജിലന്‍സ് സി.ഐ അബ്ദുല്‍ ജലീലിനാണ് അന്വേഷണ ചുമതല.

നിലവില്‍ പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ 451 പേരാണ് ഇടം നേടിയത്. ഇതില്‍ അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയെന്നും സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരിമറി നടത്തിയതെന്നുമാണ് ആരോപണം. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത പാടികളില്‍ താമസിച്ച കുടുംബങ്ങള്‍ ഉള്‍പ്പെടെ ദുരന്തബാധിതരായ 173 പേര്‍ ഇപ്പോഴും പുറത്ത് നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍മുമ്പ് പ്രദേശത്തുനിന്ന് താമസം മാറിപ്പോയവരടക്കമുള്ളവരെ പട്ടികയില്‍ തിരുകിക്കയറ്റി എന്നാണ് ദുരന്ത ബാധിതര്‍ ആരോപിക്കുന്നത്.

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ആവശ്യമായ വീട് നിര്‍മിച്ചുനല്‍കാന്‍ നിരവധി സന്നദ്ധ സംഘടനകള്‍ തയാറായിട്ടും ദുരന്തബാധിതരില്‍ പലരേയും ഗുണഭോക്തൃലിസ്റ്റിന് പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്നാണ് ആരോപണം. ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ പോലും നോക്കു കുത്തിയാക്കി കൈക്കൂലി വാങ്ങിയാണ് ഇത്തരം തിരിമറി നടത്തിയെന്നും ഇതി നു ത ങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമ്പോള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്ള രണ്ടുപേര്‍ക്ക് രണ്ടു വീടുകള്‍ ലഭിച്ചത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. കൂടാതെ, ദുരന്തത്തിനു ശേഷം പുതിയരേഖകള്‍ ഉണ്ടാക്കിയാണ് ചിലര്‍ ടൗണ്‍ഷിപ്പില്‍ വീടിന് അര്‍ഹരായതെന്നും ആരോണമുണ്ട്. അവസാനം പ്രസിദ്ധീകരിച്ച പട്ടികയില്‍ കുറഞ്ഞത് 12 പേരെങ്കിലും അനര്‍ഹരാണെന്ന് ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, 14 മാസമായിട്ടും പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ അന്തിമപട്ടിക പുറത്തിറക്കാന്‍ സര്‍ക്കാറിന് കഴിയാത്തതും വലിയ പ്രതിഷേധത്തന് ഇടയാക്കുന്നുണ്ട്.