- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവ കഴുത്തിൽ കുരുക്കി മുറുകി ചത്ത സംഭവത്തിൽ തോട്ടം ഉടമക്കെതിരെ വനം വകുപ്പിന്റെ കേസ്; പറമ്പിൽ കുരുക്ക് സ്ഥാപിച്ചവർ മറ്റാരോ എന്ന് മുഹമ്മദ്; വാർധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം
സുൽത്താൻബത്തേരി: വയനാട്ടിലെ അമ്പുകുത്തിയിൽ കടുവ കഴുത്തിൽ കുരുക്കി മുറുകി ചത്ത സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ഇരമ്പുന്നു. പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. സ്ഥലത്ത് മഹസർ തയ്യാറാക്കാനായി എത്തിയ വനം ഉദ്യോഗസ്ഥർക്ക് പ്രതിഷേധത്തെ തുടർന്ന് തിരിച്ച് പോകേണ്ടി വന്നു. ഇതിനിടെ തന്റെ പറമ്പിൽ അതിക്രമിച്ചു കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തോട്ടം ഉടമയായ പള്ളിയാലിൽ മുഹമ്മദ് അമ്പലവയൽ ഇൻസ്പെക്ടർക്ക് പരാതി നൽകി.
താൻ വാർധക്യസഹജമായ അസുഖങ്ങളാൽ പ്രയാസം അനുഭവിക്കുകയാണെന്നും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം സംബന്ധിച്ച രേഖകളുടെ പകർപ്പ് വാങ്ങിക്കൊണ്ടുപോയെന്നും പരാതിയിൽ ഉണ്ട്. കടുവ ചത്തത് കഴുത്തിൽ കുരുക്കുമുറുകിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കടുവ ചത്തുകിടന്ന സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വന്യജീവിസംരക്ഷണ നിയമത്തിലെ വേട്ടയാടൽ നിരോധന വകുപ്പ് പ്രകാരമാണ് മുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. കടുവ ഷെഡ്യൂൾഡ് ഒന്നിൽപ്പെട്ട ജീവിയാണെന്നും അതിനാൽ തന്നെ കർശന നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ഒന്നരവയസുള്ള കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുന്നിതിനിടെ ആയിരുന്നു ഇത്. മുഹമ്മദിനെതിരെയുള്ള വനംവകുപ്പിന്റെ നീക്കത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നാണ് നാട്ടുകാരുടെ നിലപാട്. വാർധക്യസഹജമായ രോഗങ്ങളാൽ കഴിയുന്ന ആൾക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കൽ, പാടിപറമ്പ് ഭാഗങ്ങളിൽ 12 വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോഴൊന്നും ഇല്ലാത്ത ശുഷ്‌കാന്തിയാണ് വനംവകുപ്പ് ഇപ്പോൾ കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അതേസമയം, പ്രദേശത്ത് ഒരു കടുവ കൂടി ഉണ്ടെന്നും അതിനെ പിടികൂടുകയാണ് വനംവകുപ്പ് ചെയ്യേണ്ടതെന്നും നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അമ്പുകുത്തി വെള്ളച്ചാട്ട പരിസരത്ത് അമ്പുകുത്തി മലയിൽനിന്ന് പുലിയിറങ്ങി റോഡുമുറിച്ചുകടന്ന് ജനവാസകേന്ദ്രത്തിലേക്ക് പോയിരുന്നു. ഈ പുലി എവിടെ മറഞ്ഞുവെന്ന് ഇനിയും ജനങ്ങൾക്ക് അറിയില്ല. സ്ഥലമുടമയുടെപേരിൽ കേസെടുത്ത വനംവകുപ്പിന്റെ നടപടിയിൽ സിപിഐയും പ്രതിഷേധം രേഖപ്പെടുത്തി. അന്യായമായി കൃഷിക്കാരെ ഉപദ്രവിച്ചാൽ ശക്തമായ പ്രക്ഷോഭം തുടങ്ങും. കേസിൽ പ്രതിയാക്കപ്പെട്ട സ്ഥലമുടമയ്ക്ക് എല്ലാ നിയമസഹായങ്ങളും സിപിഐ. നൽകുമെന്നും ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അറിയിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ