കോഴിക്കോട്: ചുരം കയറാതെ വയനാട്ടിൽ എത്താമെന്ന മോഹം യാഥാർഥ്യമാകുമോ? ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി നാലുവരി ഇരട്ട തുരങ്കപ്പാതക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. വയനാട് വെള്ളരിമല വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ അനുമതി നൽകി.

ഏതാണ്ട് 20.55 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതി നൽകിയത്. വിദഗ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട് വയനാട് കലക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. 2013-ലെ എൽ.എ.ആർ.ആർ നിയമ പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുന്നതിനായി ജൂൺ 14ന് ഉത്തരവിട്ടിരുന്നു. സാമൂഹിക ആഘാടത പഠനത്തിന്റെയും വിദഗ്ധ സമിതി ശിപാർശയുടെയും അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്.

സർക്കാർ ഉത്തരവ് പ്രകാരം തൈക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്, എന്ന ഏജൻസിയാണ് പഠനം നടത്തിയത്. എൽ എ.ആർ.ആർ നിയമത്തിലെ വകിപ്പ് അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങ്ങും നടത്തി. നിയമത്തിലെ വകുപ്പ് ആറ് പ്രകാരം സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. അത് സർക്കാർ വെബ് സൈറ്റിലും ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിലും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി വയനാട് കലക്ടർ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു. നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകിയാണ് ഉത്തരവ്. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് നൂറ് ദിവസം നൂറ് പദ്ധതികളുടെ ഭാഗമായാണ് ഈ പദ്ധതിയും സർക്കാർ ആശൂത്രണം ചെയ്തത്. പദ്ദതിയുടെ തുടക്കത്തിന്‌റെ ഉദ്ഘാടനവും കഴിഞ്ഞിരുന്നു.

വയനാട്-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക സഞ്ചാര പാതയാണ് താമരശ്ശേരി ചുരം. 12 കിലോമീറ്റർ നീളത്തിൽ ഒൻപത് ഹെയർപിൻ വളവുകളുള്ള ഈ ചുരം രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നാണ്. വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും ഉണ്ടാകുന്ന ഗതാഗതതടസമാണ് ചുരത്തിലെ പ്രധാന പ്രതിസന്ധി. മഴക്കാലത്ത് മണ്ണിടിച്ചിൽ രൂക്ഷമാകുന്നതോടെ മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. പലതവണ വീതി കൂട്ടുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യേണ്ടി വരികയും ചെയ്യുന്നുണ്ട്.

ദേശീയ പാത 766 - കോഴിക്കോട്-കൽപ്പറ്റ-മൈസൂർ-ബാംഗ്ലൂർ റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂടുന്നതിനും അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനും ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ആനക്കാം പോയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത നിർമ്മാണം ആരംഭിക്കാൻ പോകുന്നത്. മുപ്പത് വർഷത്തിനപ്പുറം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട കൊച്ചി-ബംഗളൂരു പദ്ധതിയുടെ ഭാഗമായി ഈ പാത മാറും.

രണ്ടു വരിയിൽ മുറിപ്പുഴയിൽ നിന്നുമാരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിർമ്മാണം. ടണലിന്റെ നീളം 6.910 കി.മീറ്ററായിരിക്കും. ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും. 80 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബാംഗ്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും.