- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ മിണ്ടാതിരുന്നത് പടവെട്ട് സിനിമയ്ക്കായി കൂട്ടായി പ്രയത്നിച്ച നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തൈ മാനിച്ച്; തങ്ങൾക്കും തങ്ങളുടെ ഒരു അംഗത്തിനും എതിരെ സംവിധായകൻ ലിജു കൃഷ്ണ ഉന്നയിച്ചത് വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ; അതിജീവിതയുടെ പോസ്റ്റ് വീണ്ടും പങ്കുവച്ച് ഡബ്യു സി സി
കൊച്ചി: ലൈംഗികപീഡന പരാതിയെത്തുടർന്ന് പടവെട്ട് സിനിമയുടെ സംവിധായകൻ ലിജുകൃഷ്ണയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്യാൻ ഇടയാക്കിയത് ഡബ്ള്യു.സി.സിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. വിവാഹവാഗ്ദാനം നൽകി 2020 ജൂണിൽ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാർട്ട്‌മെന്റിലും ഡിസംബറിൽ എടത്തലയിലെ ഹോട്ടലിലും 2021 ജൂണിൽ കണ്ണൂരുള്ള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയിൽ പറഞ്ഞിരുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണർക്ക് കൈമാറുകയും ചെയ്തു. ഡബ്ള്യു.സി.സി ഭാരവാഹികളായ ഗീതു മോഹൻദാസ്, പാർവതി എന്നിവരുടെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, 'പടവെട്ട്' സിനിമയുടെ സംവിധായകനായ ലിജു കൃഷ്ണ നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡബ്ല്യു.സി.സി രംഗത്തെത്തി.
പടവെട്ട് സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നതുകൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നാണ് സംഘടന നൽകുന്ന വിശദീകരണം. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയിൽ തങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം സംഘടന നില കൊള്ളുമെന്നും ഡബ്ല്യൂസിസി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
ബലാത്സംഗക്കേസിൽ കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ലിജു കൃഷ്ണ അറസ്റ്റിലായത്. വാർത്താസമ്മേളനത്തിൽ ഒരു നടിക്കും ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ലിജു കൃഷ്ണ ഉന്നയിച്ചത്. നടി തന്നെ മാനസികമായി വേട്ടയാടുകയാണെന്നും തന്റെ സിനിമയ്ക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഡബ്ല്യൂസിസിക്കും സംഘടനാ അംഗമായ ഗീതു മോഹൻദാസിനും എതിരെയായിരുന്നു ലിജു കൃഷ്ണയുടെ ആരോപണം. തനിക്ക് എതിരെയുള്ള പീഡന പരാതിക്കു പിന്നിൽ ഗീതു മോഹൻദാസ് ആണെന്നും തന്നോട് വൈരാഗ്യമുള്ള ഗീതു ഡബ്ല്യൂസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു ലിജു കൃഷ്ണ ആരോപിച്ചത്.
കൂടാതെ തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയിൽനിന്ന് മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്:
വുമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുള്ള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നതുകൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നതുകൊണ്ടുമാണ്.
സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
പക്ഷേ പടവെട്ട് സിനിമയുടെ നിർമ്മാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി.
ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം WCC എല്ലായ്‌പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.ലിജു കൃഷ്ണയ്ക്കെതിരെ ബലാൽസംഗത്തിനും ആക്രമണത്തിനും പൊലീസ് ചുമത്തിയ കേസുകൾ എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഞങ്ങൾ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.
അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ്:
ഹായ്. ഞാനൊരു നടിയാണ്, ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ സുഹൃത്ത് ഗോഡ്സൺ ക്ലിക്കുചെയ്ത എന്റെ ചിത്രങ്ങൾ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാൻ എന്നോട് ബിബിൻ പോൾ ആവശ്യപ്പെടുന്നത്. അരോമ റിസോർട്ടിൽ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാൻ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിർമ്മാതാവ് സണ്ണി വെയ്നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാർട്ടിക്ക് അടിയന്തിരമായി പോകേണ്ടതിനാൽ ഞാൻ എത്തും മുമ്പ് പോയി എന്നാണ് അവർ എന്നോട് പറഞ്ഞത്.
ആയതിനാൽ ഞങ്ങൾ മൂവരും സിനിമയെ കുറിച്ച് സംസാരിക്കുകയും എന്റെ ഓഡിഷൻ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതൽ ഞാൻ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.എന്റെ ബസ്സ് രാത്രി 9:30 ആയതിനാൽ , ഏകദേശം 9 മണിയോടെ ഞാൻ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, ഡ്രൈവർ കോൾ എടുക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞ് അയാൾ എന്നെ വിട്ടില്ല എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാൾ രാവിലെ 7 മണിക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാൾ സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നതെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാൻ ഉറങ്ങാൻ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്റൂം ഇല്ലാത്തതിനാലും ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നിടാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല.
ഞാൻ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലർച്ചെ മൂന്നിനും , മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടുഞാൻ കണ്ണ് തുറന്നപ്പോൾ അവൻ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാൻ പേടിച്ച് നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാൾ പുറകെ വന്ന് എന്നോട് ബഹളം വെക്കുന്നത് നിർത്താൻ അപേക്ഷിച്ചു, അവൻ ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ 11:00 മണിക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതൽ മനസ്സിലായി. ഞാൻ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവിൽ അയാൾക്ക് മറ്റൊരു മാർഗവുമില്ലാതെ എന്നെ എയർപ്പോർട്ടിൽ വിട്ടു. അയാൾ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഞാൻ ഉണർന്നതിനാൽ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സിൽ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാൾ എന്തെങ്കിലും മെസേജ് ചെയ്താൽ മാത്രം ഞാൻ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി.
എന്നാൽ ഒരു മാസത്തിന് ശേഷം ഞാൻ മലയാളം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുമ്പെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലൻ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന്.,മാത്രവുമല്ല എന്റെ പ്രൊഫൈൽ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ൻ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാർത്യത്തിൽ ബിബിൻ പോളും ലിജു കൃഷ്ണയും പങ്കു ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതൽ ബോധ്യമായി. കാരണം ശേഷം ഇരുവരും ബാംഗ്ലൂരിൽ വന്നപ്പോൾ പലതവണ എന്നെ പാർട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി.
പടവെട്ട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നിൽക്കാൻ താൽപര്യമുണ്ടോ എന്നും അയാൾ അന്വേഷിച്ചു . അപ്പോൾ അയാളുടെ അൺപ്രൊഫഷണലിസത്തെക്കുറിച്ചും പെൺകുട്ടികളെ ഈ രീതിയിൽ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാൻ ബിബിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു.ലയഥാർത്ഥത്തിൽ ഈ സംഭവത്തിന് ശേഷം ഞാൻ മലയാളം സിനിമകളിലെ വേഷങ്ങൾക്കായുള്ള ശ്രമം നിർത്തി, മറ്റ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാൽ ഈ ഇൻഡസ്ട്രിയിൽ എനിക്ക് പ്രതീക്ഷയില്ലായിരുന്നു. ബിപിൻ പോളിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
സംവിധായകൻ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാർത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോൾ ,എന്താണ് ഇവരിൽ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വാർത്തകൾ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാൻ തീരുമാനിച്ചു. പല പെൺകുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാൽ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ മോശം അനുഭവങ്ങൾ പുറത്തു പറയാൻ ധൈര്യം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.
മറുനാടന് മലയാളി ബ്യൂറോ