തിരുവനന്തപുരം: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി പ്രവർത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികൾക്കുമാണ് ഡയറക്ടറുടെ നിർദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോർട്ട് ഉണ്ടെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബർ 21-ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എ.ഡി.ജി.പി. സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. അദ്ധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ- ഇൻ ചാർജ് ഡോ. ബൈജുഭായ് ടി.പി. നിർദ്ദേശിച്ചു. സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ ഭാഗമായി ആയുധം നിർമ്മിക്കുന്നത് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

ലാബുകൾ വിദ്യാർത്ഥികൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അദ്ധ്യാപകരുടെ മേൽനോട്ടമില്ലാതെ ഐടിഐകളിൽ കുട്ടികൾ ആയുധം നിർമ്മിക്കുന്നവെന്ന മാധ്യമ വാർത്തകളുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്. തിരുവനന്തപുരത്തുകൊല്ലയിൽ ധനുവച്ചപുരം ഗവ. ഐറ്റിഐ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ വടിവാൾ അടക്കമുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പ്രാക്ടിക്കൽ ലാബിലാണ് ആയുധങ്ങൾ നിർമ്മിച്ചത്.

ആയുധനിർമ്മാണം ശ്രദ്ധയിൽപെട്ട ഇടതുപക്ഷ സംഘടനാനേതാവ് കൂടിയായ അദ്ധ്യാപകൻ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. എസ്എഫ്ഐക്ക് മാത്രം പ്രവർത്തനാനുമതിയുള്ള ധനുവച്ചപുരം ഐടിഐയിലാണ് വിദ്യാർത്ഥികൾ പഠനമുറിയെ ആയുധ നിർമ്മാണശാലയാക്കിയത് എന്നായിരുന്നു ആരോപണം. ക്യാമ്പസിൽ വിദ്യാർത്ഥികൾ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന വിവരം അദ്ധ്യാപകർക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവരവും ചർച്ചയായി. പോൾ രാജ് എന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ പക്കൽ നിന്ന് വാളുകൾ പിടികൂടുകയായിരുന്നുവെന്നും വാർത്തകളെത്തി. എന്നാൽ പോൾ രാജ് ആയുധം പിടിച്ചത് പ്രധാന അദ്ധ്യാപിക അറിഞ്ഞില്ല.

ധനുവച്ചപുരത്തെ സംഭവം മാധ്യമ വാർത്തയായി. ഇതിന് പിന്നാലെയാണ് എഡിജിപി സർക്കാരിന് വിശദ റിപ്പോർട്ട് നൽകിയത്. ആയുധമുണ്ടാക്കാനുള്ള സാഹചര്യം ഐടിഐകളിൽ ഉണ്ടാകരുതെന്നാണ് എഡിജിപിയുടെ ആവശ്യം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി പ്രവൃത്തി പരിചയത്തിന്റെ ഭാഗമായ ലാബ് പ്രവർത്തനങ്ങളുടെ മറവിൽ ആയുധ നിർമ്മാണം നടത്തുന്നതായി പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നാണ് വിദ്യാർത്ഥികളുടെ ലാബ് പ്രവർത്തനങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്.

വിദ്യാർത്ഥികളുടെ ലാബ് പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും ലാബ് ജീവനക്കാരും നിരീക്ഷണവും മേൽനോട്ടവും കർശനമാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.കോളജ് പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലാണ് ഐ.ടി.ഐകൾ പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് ആ വകുപ്പിനും എ.ഡി.ജി.പി കത്ത് നൽകിയിട്ടുണ്ട്. എൻജിനീയറിങ് കോളജുകളും പോളിടെക്‌നിക്കുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും എ.ഡി.ജി.പി കത്ത് നൽകിയത്.