- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടി; ക്ഷേത്രാങ്കണം അശുദ്ധമായെന്ന് ആക്ഷേപം; അനുമതി നല്‍കിയ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്; പൊലീസ് അന്വേഷണം
ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടി
കണ്ണൂര്‍ : ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് യോഗം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നടപടിയ്ക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ ' പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ ജില്ലയിലെ അതിപ്രശസ്തമായ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രാങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ക്ഷേത്രാങ്കണത്തില്‍ യോഗത്തിന് അനുമതി നല്‍കിയ ക്ഷേത്ര സമിതിയ്ക്കെതിരേയും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നടപടിയ്ക്കെതിരേയും വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പരിപാടിക്ക് അനുമതി നല്‍കിയ ക്ഷേത്രം അധികാരികള്‍ക്കെതിരെയാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വളപട്ടണം പഞ്ചായത്തംഗം സമീറയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്. വളപട്ടണം പഞ്ചായത്തിലെ പത്താംവാര്‍ഡ് മെമ്പറാണ് സമീറ. വളപട്ടണത്തെ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വളപട്ടണം പൈതൃക യാത്ര എന്ന പരിപാടിയുടെ ഭാഗമായാണ് ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്നത്.
പരിപാടി നടത്തുന്നതിനുള്ള അനുമതി ക്ഷേത്ര സമിതി പ്രസിഡന്റ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ഭരണസമിതിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റിന്റെ അനുവാദത്തോടെയാണ് യോഗം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ചിറക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വേണു ക്ഷേത്ര കമ്മിറ്റിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
യോഗം നടത്തിയതോടെ അശുദ്ധമായ ക്ഷേത്രാങ്കണത്തില്‍ നടത്തേണ്ട പ്രായശ്ചിത്ത ക്രിയകള്‍ സംബന്ധിച്ച് തന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ട്രസ്റ്റി രാമവര്‍മ്മരാജ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരിക പരിപാടിയാണ് നടത്തിയതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിശദീകരണം.
പൈതൃക സ്മാരകങ്ങളുടെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ് പാര്‍ട്ടി വിവിധ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെയുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിപാടി നടത്തിയത്. വിവിധ പള്ളികളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പരിപാടി നടത്തിയിട്ടുണ്ട്. സംഭവത്തില്‍ വളപട്ടണം പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്