തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി തിരഞ്ഞെടുപ്പ് കാലമെത്തുമ്പോള്‍ വിവാദമാകുന്ന ഒന്നാണ് ക്ഷേമപെന്‍ഷന്‍. ഇത്തവണയും അത് വിവാദമവുകയാണ്. ക്ഷേമ പെന്‍ഷന്‍ 2000 ആക്കിയതോടെ അത് തങ്ങളുടെ വലിയ നേട്ടമാക്കിയാണ് ഇടതുസര്‍ക്കിളുകള്‍ പ്രചരിപ്പിക്കുന്നത്. അടുത്ത ഇലക്ഷന്‍ ജയിക്കാനുള്ള തുറുപ്പുചീട്ടായാണ് സിപിഎം ഇതിനെ കാണുന്നത്. പക്ഷേ അതിനിടയില്‍ മറ്റൊരു പ്രചാരണം കൂടി സിപിഎം നടത്തുന്നുണ്ട്. തങ്ങളാണ് കേരളത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ കൊണ്ടുവന്നത് എന്നും, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നുമെന്നുമാണ്. ഇക്കാര്യം ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. വെറും സിപിഎം ക്യാപ്സൂള്‍ എന്നാണ് അദ്ദേഹം ഈ ചോദ്യത്തെ വിശേഷിപ്പിച്ചത്.

പക്ഷേ അതിനുശേഷവും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷേ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഇടതുപക്ഷത്തിന്റെ മാത്രം നേട്ടമല്ല ക്ഷേമ പെന്‍ഷന്‍. അതില്‍ കൃത്യമായ കേന്ദ്ര വിഹിതമുണ്ട്. കേരളത്തില്‍ അഞ്ചു വിഭാഗങ്ങള്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അമ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരഗാന്ധി വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി വികലാംഗ (മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള) പെന്‍ഷന്‍, ഇന്ദിരാഗാന്ധി വിധവ പെന്‍ഷന്‍ എന്നിവ സാമൂഹിക സുരക്ഷാ പെന്‍ഷന്റെ ഭാഗമാണ്. ഇതില്‍ ആദ്യത്തെ രണ്ട് വിഭാഗവും കേരളം സ്വന്തം നിലയില്‍ പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുള്ള പെന്‍ഷനാണ്. അവസാനത്തെ മൂന്ന് വിഭാഗങ്ങള്‍ക്ക് മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ആ തുക സംസ്ഥാനം 700 രൂപ മുതല്‍ 1,300 രൂപ വരെ ചെലവഴിക്കുമ്പോള്‍ കേന്ദ്രം 200 മുതല്‍ 500 രൂപ വരെയാണ് നല്‍കുന്നത്. ചില ഘടകങ്ങള്‍ക്ക് കേന്ദ്രവിഹിതം ഇതിലും നല്‍കുന്നില്ലെന്ന് ചില രേഖകള്‍ കാണിക്കുന്നുണ്ട്. പ്രായപരിധി, ഭിന്നശേഷി പരിധി എന്നിവയൊക്കെ മാനദണ്ഡമാക്കിയാണ് കേന്ദ്രവിഹിതം നിശ്ചയിക്കുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് ഇവിടെ ചര്‍ച്ച നടക്കുന്നത്.

തുടക്കം ആര്‍ ശങ്കറില്‍

കേരളത്തില്‍ ക്ഷേമപദ്ധതികളുടെ തുടക്കം കോണ്‍ഗ്രസുകാരനായ ആര്‍ ശങ്കറിലാണ്. 1962-ല്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ശങ്കറാണ്, വിധവാ പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും നടപ്പാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഈ പദ്ധതി. പക്ഷേ 1964- ഈ സര്‍ക്കാര്‍ വീണു.അതോടെ പദ്ധതി അവതാളത്തിലായി. പക്ഷേ ഇത് മറച്ചുവെച്ചുകൊണ്ട് കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ ഇടതുപക്ഷമാണ് കൊണ്ടുവന്നത് എന്നാണ് സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്നത്.

ആര്‍ ശങ്കര്‍ മന്ത്രിസഭക്ക് ശേഷം പിന്നീട് ഏകദേശം 18 വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ വന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നടപ്പാക്കിക്കൊണ്ട് 1980 ലെ ആദ്യത്തെ ഇ. കെ നായനാര്‍ സര്‍ക്കാരാണ് ഇത് വ്യാപകമാക്കിയത്. അന്ന് 45രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍ എന്ന നിലയില്‍ നല്‍കിയത്. ആ സര്‍ക്കാര്‍ അധികകാലം നിലനിന്നില്ല. പിന്നീട് 1982 ഓടെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. 1987 വരെ പെന്‍ഷന്‍ ഈ നിലയില്‍ തുടര്‍ന്നു. 1987- ല്‍ വീണ്ടും ഇ കെ നായനാര്‍ മന്ത്രിസഭ വന്നു. 1991 വരെ തുടര്‍ന്ന ഈ മന്ത്രിസഭ ക്ഷേമ പെന്‍ഷന്‍ 45രൂപയില്‍ നിന്നും 15 രൂപ കൂട്ടി 60 രൂപയാക്കി. 1991 മുതല്‍ 1996 വരെ ആദ്യം കെ കരുണാകരനും പിന്നീട് എ കെ ആന്റണിയും മുഖ്യമന്ത്രിമാരായി വന്നു. അന്ന് പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടായില്ല. 1996 -2001 കാലത്തെ ഇ കെ നായനാര്‍ മന്ത്രിസഭ മൂന്നാമതും അധികാരത്തില്‍ വന്നപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് പെന്‍ഷന്‍തുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. അതായത് 60 രൂപ എന്ന പെന്‍ഷന്‍ തുക 120 രൂപയാക്കി.

2001 മുതല്‍ 2006 വരെ ആദ്യം എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി ഇവരുടെ മന്ത്രിസഭയുടെ കാലത്തും പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചില്ല. 2006 മുതല്‍ 2011 വരെയുള്ള വി എസ് അച്യുതാന്ദന്‍ മന്ത്രിസഭയുടെ കാലത്ത് പെന്‍ഷതുക 120 ല്‍ നിന്നും 500 രൂപയായിക്കി വര്‍ദ്ധിപ്പിച്ചു. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭ പൊതുവില്‍ ക്ഷേമപെന്‍ഷന്‍ തുകയില്‍ നൂറ് രൂപ വര്‍ദ്ധിപ്പിച്ച് 600 ആക്കി. ചില പെന്‍ഷന്‍തുകകള്‍ അതിലും വര്‍ദ്ധിപ്പിച്ചു 800 ഉം 1,500ഉ ആക്കി. അതിന് ശേഷം 2011-16 വരെയും 2016 മുതല്‍ ഇന്ന് വരെയും ഭരിക്കുന്ന പിണറായി വജിയന്‍ സര്‍ക്കാര്‍ ഈ കാലയളവില്‍ ഈ പെന്‍ഷന്‍ തുക പലവിധത്തില്‍ വര്‍ദ്ധിപ്പിച്ച് 1100 മുതല്‍ 1600 രൂപവരെയാക്കി.

കുടിശ്ശിക വന്നത് ആരുടെ കാലത്ത്?

കേരളത്തില്‍ ലഭിച്ച കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദീര്‍ഘകാല ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വന്നത് 2001-2006 കാലത്തെ എ കെ ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് എന്ന കാണാം. അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏകദേശം രണ്ടേകാല്‍ വര്‍ഷം ( 28 മാസം) കുടിശ്ശിക ഉണ്ടായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നുപോയ കാലമായിരുന്നു അത്. അന്ന് പെന്‍ഷന്‍ തുക 120 രൂപ മാത്രമായിരുന്നു. അതിന് ശേഷം വന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 120 എന്നത് 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധനവിന്റെ കാലത്തും ഇടയ്ക്കിടെ മാസങ്ങളില്‍ കുടിശ്ശിക വരുക എന്നത് സംഭവിക്കുമായിരുന്നുവെങ്കിലും ഏതാണ്ട് കൃത്യമായി മുന്നോട്ട് പോയി. അതിന് ശേഷം വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പെന്‍ഷന്‍തുകയില്‍ നൂറ് രൂപയുടെ വര്‍ധനവ് വരുത്തി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുടിശ്ശിക വിവാദത്തില്‍ പല കണക്കുകള്‍ ഉണ്ടാവാറുണ്ട്. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക്, തൃപ്പൂണിത്തുറ എം എല്‍ എ ആയിരുന്ന എം സ്വരാജിന് നല്‍കിയ മറുപടിയാണ് 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നില്ല എന്ന് പറയുന്നതിന് കാരണമായി പറയുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 2014 ഡിസംബര്‍മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നുവെന്നും. മറ്റ് നാല് പെന്‍ഷനുകളും 2014 ജനുവരി മുതല്‍ 2015 ജനുവരി വരെ കുടിശ്ശികയായിട്ടുണ്ടയായിരുന്നുവെന്നും പറയുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ വ്യക്തത വന്നു. പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴി പെന്‍ഷന്‍ നല്‍കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഈ കുടിശ്ശിക വന്നതിന് കാരണമെന്ന് ഉമ്മന്‍ചാണ്ടിയും എം കെ മുനീറും പറയുന്നു.

ബാങ്ക് വഴിയുള്ളതില്‍ മൂന്ന് മാസത്തെ കാര്യം മാത്രമാണ് എന്ന് ഡോ തോമസ് ഐസക്കിന്റെ ഉത്തരത്തില്‍നിന്നും വ്യക്തമാകുന്നുമുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടു നേരത്തെ പുറത്തുവന്നിട്ടുണ്ട്. അതായത് ശരിക്കും പെന്‍ഷന്‍ മുടങ്ങിയത് വെറും മൂന്ന് മാസത്തേക്ക് മാത്രമാണ്. ഇത് 18 മാസമാക്കിയാണ് ഇപ്പോഴും സിപിഎം ക്യാപ്സ്യൂള്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് കൃത്യമായി പ്രതികരിച്ചത്.

പക്ഷേ ഇതിനിടയില്‍ മറന്നുപോവുന്ന കാര്യം സ്വതവേ ദുര്‍ബലയായ കേരളാ ഖജനാവിന് വലിയ പരിക്കാണ് പെന്‍ഷന്‍ വര്‍ധന മൂലം ഉണ്ടാവുന്നതെന്നാണ്. ക്ഷേമ പെന്‍ഷന്‍ മാത്രം ചെലവ് വര്‍ഷം പതിനയ്യായിരം കോടിയായി. അതിന്റെ കൂടെ മുപ്പത് ലക്ഷം സ്ത്രീകള്‍ക്ക് 1000 രൂപ വെച്ച് പെന്‍ഷന്‍ ആകുമ്പോള്‍ വീണ്ടും ഒരു 3800 കോടി. കൂടാതെ അഞ്ച് ലക്ഷം യുവാക്കള്‍ക്കു 1000 രൂപ വെച്ച് ആകുമ്പോള്‍ 600 കോടി. മൂന്നര കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്തില്‍ പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ എണ്ണം ഒരു കോടിയായി മാറിയിരിക്കുന്നു. മുഴുവന്‍ ചെലവ് വര്‍ഷം ഇരുപതിനായിരം കോടിയും! എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് ആര്‍ക്കും വ്യക്തതയില്ല.