സിയാറ്റിൽ: ആരാധകരെ മുൾമുനയിൽ നിർത്തി യുഎഫ്‌സി പോരാട്ടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ. ശനിയാഴ്ച രാത്രി സിയാറ്റിലിൽ നടന്ന യുഎഫ്‌സി ഫൈറ്റ് നൈറ്റ് 271-ൽ അമേരിക്കൻ താരം മേസി ബാർബറാണ് മെക്സിക്കൻ താരം അലക്സ ഗ്രാസ്സോയുടെ അതിരൂക്ഷമായ പ്രഹരമേറ്റ് ബോധരഹിതയായത്. യുഎഫ്‌സി ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ നോക്കൗട്ടുകളിൽ ഒന്നായാണ് ഈ പോരാട്ടം വിലയിരുത്തപ്പെടുന്നത്.

ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ നടന്ന പോരാട്ടത്തിന്റെ ഒന്നാം റൗണ്ടിൽ തന്നെ നാടകീയ രംഗങ്ങൾ അരങ്ങേറി. ഗ്രാസ്സോയുടെ ശക്തമായ ഒരു പഞ്ച് മുഖത്തേറ്റതോടെ മേസി ബാർബർ ബോധരഹിതയായി വീണു. എന്നാൽ താരം അബോധാവസ്ഥയിലാണെന്ന് തിരിച്ചറിയാതെ ഗ്രാസ്സോ വീണ്ടും ആക്രമണം തുടരുകയും മേസിയുടെ കഴുത്തിന് ചുറ്റും പിടിമുറുക്കി 'ചോക്ക് ഹോൾഡ്' ചെയ്തു. റഫറി ഓടിയെത്തി ഗ്രാസ്സോയെ പിടിച്ചുമാറ്റിയപ്പോഴാണ് വലിയ ദുരന്തം ഒഴിവായത്.

ഇതിനിടെ, തീർത്തും അവശയായ ബാർബർ സഹായത്തിനായി റഫറിയുടെ കാലുകളിൽ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പിന്നീട് കണ്ടത്. തുടർന്ന് റഫറി താരത്തെ റിംഗിന് നടുവിൽ മലർത്തിക്കിടത്തി. കൈകൾ വിരിച്ചുവെച്ച്, കണ്ണുകൾ തുറന്ന നിലയിൽ ബോധരഹിതയായി കിടന്ന അമേരിക്കൻ താരത്തിന് അടുത്തേക്ക് മെഡിക്കൽ സംഘം ഉടൻ തന്നെ പാഞ്ഞെത്തി. കാണികളെയും ടെലിവിഷൻ പ്രേക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടരുന്നത്. യുഎഫ്‌സി ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഫിനിഷിംഗുകളിൽ ഒന്ന് കണ്ട് കായികപ്രേമികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അലക്സ ഗ്രാസ്സോ മേസി ബാർബറുടെ ആത്മാവിനെ തന്നെ എടുത്തു കളഞ്ഞുവെന്ന് ഒരു ആരാധകൻ കുറിച്ചു.

ഈ ആഘാതം താരത്തിന്റെ ആയുസ്സിൽ നിന്ന് തന്നെ വർഷങ്ങൾ കുറച്ചിട്ടുണ്ടാകുമെന്നും 45 സെക്കൻഡോളം കണ്ണുകൾ തുറന്നുപിടിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അവളെന്നും മറ്റൊരാൾ കുറിച്ചു. റഫറിയുടെ വീഴ്ചയെയും പലരും വിമർശിച്ചു; നോക്കൗട്ട് ആയിട്ടും വീണ്ടും 'ചോക്ക് ഹോൾഡ്' ചെയ്യാൻ അനുവദിച്ചത് അത്യന്തം അപകടകരമാണെന്നും, ഇത്തരം സന്ദർഭങ്ങൾ മരണത്തിന് വരെ കാരണമായേക്കാമെന്നും ആരാധകർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു സമയത്തിന് ശേഷം മേസി ബാർബർ എഴുന്നേൽക്കുകയും റിംഗിൽ നിന്ന് മടങ്ങുകയും ചെയ്തു.

2021-ന് ശേഷം തുടർച്ചയായി ഏഴ് മത്സരങ്ങൾ വിജയിച്ചു വന്ന മേസി ബാർബറുടെ കരിയറിലെ മൂന്നാമത്തെ മാത്രം തോൽവിയാണിത്. തന്റെ ചിരവൈരിയായ ഗ്രാസ്സോയോട് പകരം വീട്ടാനിറങ്ങിയ മേസിക്ക് ഇതേ എതിരാളിയിൽ നിന്ന് തന്നെ വീണ്ടും കനത്ത പ്രഹരം ഏൽക്കേണ്ടി വന്നു. നിലവിൽ 15 ജയവും 3 തോൽവിയുമാണ് മേസിയുടെ സമ്പാദ്യം.