- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ല, തീപിടുത്തം ; സർക്കാറിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കലക്ടർ ; വീണ്ടും വിശദമായ പരിശോധന നടത്തണമെന്നും റിപ്പോർട്ട് ; പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
പത്തനംതിട്ട: മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടുദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തും.
രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേർക്ക് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ മാളികപ്പുറം ഇൻസിനറേറ്ററിന്റെ ഭാഗം കുലുങ്ങി. തീ ആളിക്കത്തിയത് തൊട്ടടുത്ത മരത്തിലേക്കും പടർന്നു.
അതേസമയം ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കതിന നിറയ്ക്കുമ്പോൾ ഉണ്ടായ കുഴപ്പമോ, തീ പടർന്നതോ ആകാം അപകടത്തിന് കാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷം അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഫോറൻസിക് സംഘം പറയുന്നത്.
ഇതിനിടെ സംഭവം അന്വേഷിച്ച ശബരിമല എഡിഎം പത്തനംതിട്ട കളക്ടർക്ക് റിപ്പോർട്ട് നൽകി. ഫയർഫോഴ്‌സ് അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ കൂടി കിട്ടിയാൽ ജില്ലാ കളക്ടർ സമഗ്ര റിപ്പോർട്ട് ദേവസ്വം മന്ത്രിക്ക് സമർപ്പിക്കും. അട്ടിമറി ഉണ്ടായിട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് എഡിഎമ്മിന്റെ റിപ്പോർട്ടിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ