തിരുവനന്തപുരം: ഹിന്ദുമതത്തില്‍പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പില്‍ ഉന്നത തല അന്വേഷണം വരും. കഴിഞ്ഞ മാസം 30നാണ് 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് രൂപീകരിച്ചത് കഴിഞ്ഞ ദിവസമാണ് വിവാദമായത്. ചീഫ് സെക്രട്ടറി തല അന്വേഷണം വിഷയത്തില്‍ വേണമെന്ന അഭിപ്രായം ശക്തമാണ്. ഇതിനൊപ്പം സൈബല്‍ പോലീസും അന്വേഷിക്കും.

ഓഫിസേഴ്‌സ് എന്നതു ചുരുക്കി മല്ലു ഹിന്ദു ഓഫ് എന്നാണ് പേരിട്ടിരുന്നത്. ഹിന്ദു വിഭാഗക്കാരായ സീനിയര്‍, ജൂനിയര്‍ ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങള്‍. ഗ്രൂപ്പിനെക്കുറിച്ച് അവരില്‍ ചിലര്‍ തന്നെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഗ്രൂപ്പ് ഡിലീറ്റായത്. അതിനിടെ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടവര്‍ക്കു സന്ദേശമയച്ചു. ഫോണ്‍ ഹാക്ക് ചെയ്തവര്‍, ഫോണിലെ കോണ്‍ടാക്ട് പട്ടികയിലുള്ള എല്ലാവരെയും 11 വാട്‌സാപ് ഗ്രൂപ്പുകളിലായി ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ താന്‍ സ്വയം നീക്കംചെയ്തുവെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമായിരുന്നു സന്ദേശം.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഹാക്കര്‍മാര്‍ മുസ്ലിം മതത്തില്‍പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയും തന്റെ ഫോണില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിയൊന്നും വന്നിട്ടില്ല. ഏതായാലും സീനയര്‍ ഐഎഎസുകാരന്റെ ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ വ്യവസായ മന്ത്രി വിശദീകരണം തേടും. പോലീസ് അന്വേഷണത്തില്‍ ഹാക്കറെ കണ്ടെത്താനാകുമോ എന്നതാണ് നിര്‍ണ്ണായകം.

ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‌ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചെന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദു ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് ഏതാനും മണിക്കൂറുകള്‍ക്കു പിന്നാലെയാണു പുതിയ പരാതി. 'Mallu Musliam off' എന്ന പേരിലാണു പുതിയ ഗ്രൂപ്പ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ആരോ തന്റെ നമ്പര്‍ വഴി 11 ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നാലു ദിവസമായി തുടങ്ങിയിട്ട്. ഒന്നും തന്റെ അറിവോടെയല്ല. വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. 'Mallu Hindu off' എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍നിന്നു വിമിര്‍ശനം ഉയര്‍ന്നതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ഗ്രൂപ്പിനെക്കുറിച്ച് ചില സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴാണ് താന്‍ അറിഞ്ഞതെന്നാണ് കെ ഗോപാലകൃഷ്ണന്‍ ഐഎസിന്റെ വിശദീകരണം. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരോട് തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞു.

സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ തള്ളി മുന്‍ മന്ത്രി കെകെ ശൈലജ രംഗത്തു വന്നിരുന്നു. അത്തരത്തിലൊരു ഗ്രൂപ്പുണ്ടാക്കിയെങ്കില്‍ അത് നീതീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കെകെ ശൈലജ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥര്‍ ജാതി മത ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അത്തരത്തിലുള്ളവര്‍ സ്വന്തം മതത്തിലുള്ളവര്‍ക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ തികച്ചും തെറ്റായ കാര്യമാണെന്ന് അവര്‍ പ്രതികരിച്ചു. ഒരു ഉദ്യോഗസ്ഥനും മതത്തിന്റെ വക്താക്കളാകാന്‍ പാടില്ലെന്നും ശൈലജ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. വിവരം തേടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. ഇതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തു. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പും നല്‍കി.

മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായത് സംശയങ്ങള്‍ ഉണ്ടാക്കുകയാണ്. മുസ്ലീം ഗ്രൂപ്പിലും ഇതു സംഭവിച്ചു. ഹാക്കിംഗ് എങ്കില്‍ അതീവ ഗുരുതരമാണ് കാര്യവുമാണ്. ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സാമുദായിക സ്പര്‍ധ ഉണ്ടാക്കും വിധത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് ഉയരുന്ന ആവശ്യം.