ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലുമടക്കം വിവിധ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് ഉപവകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾക്ക് ഇടയിൽ ആശങ്ക പരത്തി വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണം. ഓമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വാട്‌സാപ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്.

കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച മുൻകരുതലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ കോവിഡ് കേസുകളിൽ അധികം വർധനവില്ലെന്നും എങ്കിലും ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്.

ഓമിക്രോൺ ഉപവകഭേദമായ എക്സ്ബിബി അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെൽറ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയർന്നതാണെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സന്ദേശം വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത്തരം പോസ്റ്റുകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ രോഗം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ കൈമാറുന്നവരുമുണ്ട്. അത്തരത്തിലൊരു വൈറൽ സന്ദേശത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. വൈറലാകുന്ന സന്ദേശത്തിന്റെ ഫോട്ടോസഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം ചില വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും വ്യാജമാണെന്നുമാണ് ട്വീറ്റ് ചെയ്തത്.

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം BA.2.10.1 , BA.2.75 എന്നീ വകഭേദങ്ങൾ പുനഃസംയോജിച്ചുണ്ടായ വകഭേദമാണിത്. മറ്റെല്ലാ ഓമിക്രോൺ വകഭേദങ്ങൾക്കും സമാനമായ ലക്ഷണങ്ങളാണ് ഇതിലും കാണപ്പെടുന്നത്. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയാണ് പ്രകടമായി കാണപ്പെടുന്ന ലക്ഷണങ്ങൾ.

കഴിഞ്ഞദിവസമാണ് ചൈനയിൽ പടർന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഒഡീഷയിലും ഗുജറാത്തിലുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

കോവിഡ് സ്ഥിരീകരിച്ച സാമ്പിളുകൾ കൂടുതലായി ജനിതക ശ്രേണീകരണത്തിന് വിധേയമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇതിന് പിന്നാലെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. നിലവിൽ ലഭ്യമായ ഡേറ്റകൾ ഒമിക്രോണിനേക്കാൾ കൂടുതൽ അപകടകാരിയാണ് എക്സ്ബിബി എന്ന് പറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.