- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര സെൻട്രൽ ജയിലിൽ സഹതടവുകാരനെ തലയ്ക്ക് മീതെ ഉയർത്തി സാഹസികത; സാത്താൻ സേവയുടെ ഭാഗമായി അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊന്നത് ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുന്നത് കാണാൻ; കേഡൽ ഇപ്പോഴും തനിക്ക് അമാനുഷിക ശക്തിയെന്ന വിഭ്രമത്തിലോ?
തിരുവനന്തപുരം: ഇലന്തൂർ നരബലി കേസ് കത്തി നിൽക്കുന്ന ഈ സമയത്ത് പലരും ഓർമയിലേക്ക് തെളിക്കുന്ന പേര്, കേഡൽ ജീൻസെൻ രാജയുടേതാണ്. ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി തീയിട്ട കേസിൽ പ്രതിയായ കേഡൽ ജീൻസെൻ രാജയുടെ കൊടുംക്രൂരകൃത്യം. ദുർമന്ത്രവാദത്തിലെ തീവ്രഇനമായ ആസ്ട്രൽ പ്രൊജക്ഷനാണ് താൻ നടപ്പാക്കിയത് എന്നായിരുന്നു കേഡലിന്റെ ആദ്യമൊഴി. പിന്നീട് പൊലീസ് ഈ മൊഴി തള്ളി.
കേഡൽ ഇപ്പോൾ എവിടെ?
ഏറ്റവും ലളിതമായി പറഞ്ഞാൽ ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന പ്രവർത്തി ആണ് ആസ്ട്രൽ പ്രൊജക്ഷൻ. നഗ്‌നനേത്രങ്ങൾക്ക് കാണാനാവാത്ത സൂക്ഷ്മ ദേഹത്തെ (ആസ്ട്രൽ ബോഡി) ശരീരത്തിൽ നിന്നു വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നു വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ശരീരത്തിൽ നിന്ന് വേർപ്പെട്ട് ആത്മാവ് പറക്കുന്നത് കാണാൻ വേണ്ടിയാണ് താൻ ഉറ്റവരെ കൊലപ്പെടുത്തിയതെന്നാണ് കേഡൽ പൊലീസിനോട് പറഞ്ഞത്.
കേഡൽ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. സഹതടവുകാരനായ റിട്ട. എസ്‌ഐയെ തലയ്ക്കുമുകളിൽ ഉയർത്തി മിനുട്ടുകളോളം നിന്നത് വാർത്തയായിരുന്നു. അതുകൊണ്ട് ഇപ്പോൾ, ആരെയും ഉപദ്രവിക്കാതിരിക്കാൻ ഏകാന്ത തടവിലാണ്. പ്രവചനാതീതമാണ് സ്വഭാവം. കേഡൽ ക്രിമിനൽ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന് 2018 ൽ മെഡിക്കൽ റിപ്പോർട്ടുണ്ട്. കുറെ നാൾ, കേഡൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. കോടതി നടപടികൾ മനസ്സിലാക്കാൻ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാൻ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കൽ റിപ്പോർട്ട് കോടതി 2018ൽ വിളിച്ചു വരുത്തിയത്.
പ്രതി കോടതി നടപടികൾ മനസിലാക്കി വിചാരണ നേരിടാൻ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു. പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയിൽ കോടതി നടപടികൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
2017 ഏപ്രിൽ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീൻ പത്മ , മകൾ ഡോ. കരോലിൻ, ഡോ. ജീൻപത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
സാത്താൻ സേവ പഠിച്ചത് വിദേശത്ത് വച്ച്
കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്. സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്ത ജീവിതം നയിക്കുന്നവരാണ് സാത്താൻ സേവക്കാർ. വിചിത്രവും, പേടിപ്പെടുത്തുന്നതുമായ ആചാരങ്ങൾ ഇവർ പിന്തുടരുന്നു. കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ളതോ ആയ വസ്ത്രം ധരിച്ച നേതാവാണ് പൊതുവെ ഇക്കൂട്ടരുടെ ചടങ്ങുകൾക്കു നേതൃത്വം നൽകുക. തലയോട്ടിയിൽ നിറച്ച മൂത്രമോ രക്തമോ ആണ് ആരാധനയ്ക്ക് ഉപയോഗിക്കുക. മനുഷ്യക്കൊഴുപ്പ് ഉപയോഗിച്ചു തയാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും ഇവരുടെ ശീലമാണെന്ന് പറയപ്പെടുന്നു. മദ്യപാനം, അമിത ലൈംഗികത, നവജാത ശിശുക്കളോടുള്ള ക്രൂരത തുടങ്ങിയവയും ചില സാത്താൻ സേവാസമൂഹങ്ങളിലുണ്ട്.
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കി
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കേഡൽ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്.
കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറഞ്ഞിരുന്നു. സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ കേഡലിന് വൈരാഗ്യവും തോന്നിയിരുന്നു.
കൃത്യത്തിനുപയോഗിച്ച മഴു ഓൺലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തിൽ കലർത്തി കുടുബാംഗങ്ങൾക്ക് കേഡൽ നൽകിയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച അവർ ഛർദ്ദിച്ചതിനാൽ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടൽ ഭക്ഷണത്തിൽ നിന്നുള്ള ഫുഡ് പോയിസൺ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎൽ തീയറ്റർ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂർ റോഡിൽ ഉപ്പിടാംമൂട് പാലത്തിന് സമീപമുള്ള കൃഷിമിത്ര കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയിൽ തെളിവെടുപ്പിന് പൊലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.
കൃത്യം നടന്ന വീട്ടിൽ നിന്ന് തുണി, ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. കേഡൽ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ഡമ്മി കത്തിച്ചതായും പൊലീസ് റിപ്പോർട്ടുണ്ട്. പ്രൊഫസറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിരികെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഉച്ച ഭക്ഷണം താൻ മേശയിൽ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരിൽ പിതാവ് രാജ തങ്കം അൽപം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകൾക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവർ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാർക്ക് മുകളിലത്തെ നിലയിൽ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡൽ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡൽ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.
രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോൾ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെയാണെന്നാണ് കേഡൽ പറഞ്ഞത്. അടുത്ത ദിവസം വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവൻ ജോസ് പൊലീസിന് മൊഴി നൽകിയിരുന്നു. അവ വിദേശ കമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ഇയാൾ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്.
തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാൾ ജോസിനെ അറിയിച്ചിരുന്നു. കൃത്യം നടന്നതിന്റെ പിറ്റന്ന് രാവിലെ ജോസിനെ കാണാൻ കേഡൽ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡൽ ട്രെയിൻ മാർഗ്ഗം ചെന്നൈക്ക് പോയി.എന്നാൽ പത്ര ദ്യശ്യ മാധ്യമങ്ങളിൽ തന്റെ ചിത്രം സഹിതം വാർത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി പൊലീസിന് പിടികൊടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ