അടൂർ: പാൽ വെളുത്തിട്ട്, കാക്ക കറുത്തിട്ട്. പ്രപഞ്ച സത്യങ്ങളുടെ ഗണത്തിൽ കൂട്ടാവുന്ന രണ്ടു സംഗതികൾ. എന്നാൽ, കാക്ക കറുത്ത് മാത്രമല്ല, വെളുത്തിട്ടുമുണ്ട്. കാക്കയുടെ നിറം മാറുന്ന അവസ്ഥയുടെ പേര് ആൽബിനിസം. ഇങ്ങനെ ഒരു ആൽബിൻ കാക്കയെ അടൂരിൽ കഴിഞ്ഞ ദിവസം കണ്ടു. പതിനാലാംമൈലിലെ ഒരു വീടിന്റെ പരിസരത്താണ് വെള്ളക്കാരനെ കണ്ടത്.

ചാല സ്വദേശിയും ചാലയിൽ ബോഡി വർക്സ് ഉടമയുമായ രതീഷ് മകളെ സ്‌കൂളിൽ അയക്കാൻ പോകുന്ന വഴി ഒരു വീടിന്റെ മതിലിൽ ഇരിക്കുന്ന വെള്ള കാക്കയെ കണ്ട് അമ്പരന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് വെളുത്ത കാക്കയെ കാണുന്നത്. വെളുത്ത കാക്കയെ കണ്ട സ്ഥലത്തെ ഗോപുരം വീട്ടിൽ ജയശ്രീയോട് തിരക്കിയപ്പോൾ രണ്ടു ദിവസമായി അത് ഇവിടെ ഉണ്ടെന്നും മറ്റു കാക്കക്കൾ ആദ്യമൊക്കെ കൊത്തിയോടിച്ചിരുന്നു എന്നും തിരിച്ചും പോരടിക്കാൻ തുടങ്ങിയതോടെ വലിയ കുഴപ്പമില്ലെന്നും പറഞ്ഞു.

രതീഷ് തന്റെ മൊബൈലിൽ കുറച്ച് പടമെടുത്തതിന് ശേഷം വിവരം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ വി.ബി ഷൈജുവിനെ അറിയിച്ചു. ഷൈജു ഉടൻ തന്നെ സ്ഥലത്തേക്ക് എത്തി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മികച്ച ചിത്രങ്ങൾ എടുക്കാനായി. ഇത്തരം നിറവ്യത്യാസമുള്ള കാക്കകളെ ആൽബിനോ ലൂസിസ്റ്റിക് എന്നാണ് പറയുന്നത്. ഈ ജനിതക വൈകല്യം മൂലം മറ്റു പക്ഷികൾ കൂടെ കൂട്ടാതെ കൊത്തിയോടിക്കുക പതിവാണ്. ഭക്ഷണം ലഭിക്കാതെയും കാഴ്‌ച്ചക്കുറവ് മൂലവും പലപ്പോഴും ദുരന്തമായി തീരുകയാണുണ്ടാവുക.

ഒരു ജീവിയുടെ ശരീരത്തിന്റെയും കണ്ണുകളുടേയും മുടിയുടേയുമെല്ലാം നിറം നിശ്ചയിക്കുന്നത് മെലാനിൻ എന്ന വർണ വസ്തുവാണ്. മെലാനിന്റെ ഉൽപാദനം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ആൽബിനിസം. ഇതിന്റെ ഫലമായി ജീവിയുടെ ശരീരമാകെ വെളുത്ത നിറമാകും. ഇത്തരം അവസ്ഥയിലുള്ളവരെ ആൽബിനോകൾ എന്നു വിളിക്കും.

നിറവ്യത്യാസം കാരണം പലപ്പോഴും ദുരിതമനുഭവിക്കുന്നവരാണ് ആൽബിനോകളായ മൃഗങ്ങൾ. പതുങ്ങിയിരുന്ന് ഇരപിടിക്കാനും വേട്ടക്കാരുടെ കണ്ണിൽപ്പെടാതെ മറയാനും വന്യമൃഗങ്ങളെ സഹായിക്കുന്നത് അവയുടെ സ്വാഭാവിക നിറമാണ്. എന്നാൽ ആൽബിനോകളുടെ വെളുപ്പ് നിറം അവയെ വളരെ വേഗം തിരിച്ചറിയാനിടയാക്കുന്നു. അതോടെ ഭക്ഷണം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നു മാത്രമല്ല ജീവന്റെ കാര്യവും ഭീഷണിയിലാകും. ഇണയെ കണ്ടെത്തുന്നതിലും ആൽബിനോകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

സ്വാഭാവിക ആവാസവ്യവസ്ഥകളിൽ വളരെ അപൂർവമാണെങ്കിലും പക്ഷികളിൽ കണ്ടു വരുന്ന മറ്റൊരു നിറവൈകല്യമാണ് ആൽബിനിസം വെളുപ്പ് എന്നർത്ഥം വരുന്ന ആൽബസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആൽബിൻസം എന്ന വാക്ക് രൂപപ്പെട്ടത്. വാഗർത്ഥം പോലെ തന്നെയാണ് ആൽബിനിസം സംഭവിച്ച പക്ഷികളുടെ അവസ്ഥ. ശരീരത്തിൽ മെലാനിൻ ചായത്തിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. തൂവലുകൾ മാത്രമല്ല, തൊലിയും കണ്ണുകളും വരെ വെളുത്തതായി കാണപ്പെടും.

ചുണ്ടുകളിലും കാലുകളിലും, തൂവൽ ഇല്ലാതെ തെളിഞ്ഞ് കാണുന്ന ശരീര ഭാഗങ്ങളിലും പിങ്ക് നിറമോ ചുവപ്പ് കലർന്ന പിങ്ക് നിറമോ കാണാം. സുതാര്യമായ ചർമ്മത്തിന്റെ അടിയിലെ രക്തക്കുഴലുകൾ കാണാനാകുന്നതുകൊണ്ടാണ് ഈ നിറം ലഭിക്കുന്നത്. ആൽബിനിസം ബാധിച്ച ജീവികളുടെ കണ്ണുകൾക്ക് ചുവപ്പ്, അല്ലെങ്കിൽ പിങ്ക് നിറമായിരിക്കും. സ്വാഭാവിക സാഹചര്യങ്ങളിൽ അത്യപൂർവമായാണ് ആൽബിനിസം കാണപ്പെടുന്നത്.

ഇത്തരം പക്ഷികളുടെ ചിറകുകളും തൂവലുകളും ബലം കുറഞ്ഞവയായിരിക്കും. മാത്രമല്ല, കണ്ണിൽ ചായങ്ങൾ ഇല്ലാത്തതിനാൽ സൂര്യ പ്രകാശത്തെ പ്രതിരോധിക്കാൻ കഴിയാതെ കാഴ്ച നഷ്ട്ടപ്പെട്ട പോകുകയും ഇരപിടിക്കുവാനും സഞ്ചരിക്കുവാനും കഴിയാതെ മരിച്ചു പോകുകയും ചെയ്യും.

പക്ഷികളിൽ കണ്ടുവരുന്ന മറ്റൊരു നിറവൈകല്യമാണ് ല്യൂസിസം. വെളുപ്പ് എന്ന് തന്നെ അർഥം വരുന്ന യൂക്കോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ല്യൂസിസം എന്ന പദം ഉണ്ടായത്. ശരീരത്തിൽ മെലാനിൻ ചായം ഉല്പാദിപ്പിക്കാൻ കഴിവുണ്ടെങ്കിലും പൂർണമായോ ഭാഗീകമായോ ചർമത്തിലും തൂവലുകളിലും നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയാണ് ല്യൂസിസം. ശരീരത്തിന്റെ/തൂവലുകളുടെ ചില ഭാഗങ്ങൾ മാത്രമോ ശരീരം മുഴുവനായോ വെളുത്ത് കാണപ്പെടാം.