- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരളസഭയുടെ യുഎഇ റീജിയണൽ സമ്മേളനത്തിന്റെ ചെലവ് വഹിച്ചത് നോർക്ക; കണക്കുകൾ പുറത്തുവന്നത് മേഖല സമ്മളനങ്ങൾ സർക്കാർ ചെലവിൽ അല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെ; സാധാരണക്കാരന്റെ പണം ധൂർത്തടിക്കുന്നു എന്ന് കെ.സുധാകരൻ
തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിൽ പറഞ്ഞിരുന്നു. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലണ്ടനിൽ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
എന്നാൽ, ലോക കേരള സഭയുടെ ഭാഗമായി 2019 ൽ ദുബായിൽ നടത്തിയ റീജിയണൽ സമ്മേളനത്തിന്റെ ചെലവ് വഹിച്ചത് നോർക്കയെന്നു വിവരാവകാശ രേഖ.
ചെലവഴിച്ചത് 20 ലക്ഷത്തിലധികം രൂപയാണ്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നോർക്ക നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
എട്ട് ഉദ്യോഗസ്ഥർ റീജിയണൽ സമ്മേളനത്തിൽ പങ്കെടുത്തു. ടിക്കറ്റ്, വിസ ചെലവ് - 6,35,220 രൂപ. താമസം, ഭക്ഷണം, ഡിഎ - 16902 ഡോളർ. ലോക കേരള സഭയുടെ ഗൾഫ് മേഖല സമ്മേളനത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തവണ യുഎഇ സന്ദർശിച്ചു. നോർക്ക ഉദ്യോഗസ്ഥർ രണ്ടു തവണയും സന്ദർശനം നടത്തി.
ദുബായിൽ നടന്ന മേഖല സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രാരംഭ മീറ്റിംഗിന് നാല് ഉദ്യോഗസ്ഥർ പങ്കെടുത്തു. ടിക്കറ്റ്, വിസ എന്നിവയ്ക്ക് വേണ്ടി 2,57,263 രൂപ ചെലവഴിച്ചു. താമസം, ഭക്ഷണം എന്നിവയ്ക്ക് 2400 ഡോളർ ചെലവഴിച്ചു എന്നും ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു. കുടുംബത്തോടൊപ്പമുള്ള വിദേശ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. എത്ര കോടി ചെലവായെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ തുറന്നടിച്ചത്. ധൂർത്തുകൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സാധാരണക്കാരന്റെ പണം ധൂർത്തടിക്കുന്നു എന്ന് സുധാകരൻ
സാധാരണക്കാരന്റെ പണം ധൂർത്തടിക്കുകയാണ്. കുടുംബത്തിന്റെ വിദേശ യാത്ര സ്വന്തമായി വഹിക്കുന്നു എന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി. വിദേശത്തു പോയി പ്രഖ്യാപിച്ച ഒരു കുടചക്രവും ഇവിടെ നടപ്പിലാക്കിയിട്ടില്ല. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വയ്ക്കാതെയാണു മുഖ്യമന്ത്രി വിദേശത്തേക്കു പോയത്, അതിന്റെ കാരണം വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.
''കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ തൊണ്ട ഇടറി സംസാരിക്കാൻ സാധിക്കാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാൾ കോടികൾ ചെലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ഗൗരവം എന്താണെന്നു നാടിനെ ബോധിപ്പിക്കണം. ഇത്തരം വിദേശയാത്രകൾകൊണ്ടു കേരളത്തിൽ ഇതുവരെയുണ്ടായ നേട്ടം എന്താണെന്നു ജനങ്ങളോടു സിപിഎം വെട്ടിത്തുറന്നു പറയണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ആരംഭകാലത്ത് ഇതുപോലെ യാത്രകൾ നടത്തിയിരുന്നു. അതിനെ കടത്തിവെട്ടുന്നതാണു മുഖ്യമന്ത്രിയുടെ യാത്ര. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. പണത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ സർക്കാർ മാറ്റിവയ്ക്കുന്നുണ്ട്. പക്ഷേ ധൂർത്തിന്റെ തോത് കുറയ്ക്കാൻ ചെറിയ നടപടി പോലും ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നത് ജനവഞ്ചനയാണ്.' സുധാകരൻ പറഞ്ഞു.
പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണു മുഖ്യമന്ത്രി പോകുന്നത്. കുടുംബത്തിന്റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നതു പള്ളിയിൽ പോയി പറഞ്ഞാൽ മതി. ശുദ്ധ നുണയാണു പറയുന്നത്. വിദേശത്തുപോയി താമസിക്കാൻ എത്ര ലക്ഷങ്ങളാണു ചെലവാക്കുന്നത്. ഇവരൊക്കെ അവിടെ പുല്ലുപ്പായ വിരിച്ചാണോ കിടക്കുന്നത്. കോലായിലോ മുറ്റത്തോ കിടക്കുന്നുണ്ടോ? പറയുന്നതിന് ഒരു ന്യായം വേണ്ടേ? സുധാകരൻ ചോദിച്ചു
മറുനാടന് മലയാളി ബ്യൂറോ