- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ പാക്കിസ്ഥാന് കൈമാറാത്തതിന് ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച ഭീകരൻ; അമേരിക്ക 16 കോടി തലയ്ക്ക് വിലയിട്ടിട്ടും കൂസാതെ പരസ്യമായി ഹാഫിസ് സയ്യിദിന് വേണ്ടി പാക് കോടതികളിൽ ഹാജരായ ആൾ; മുംബൈ ഭീകരാക്രമണം അടക്കം ഇന്ത്യയിൽ നടന്ന മിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരൻ; യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ച അബ്ദുൽ റഹ്‌മാൻ മക്കി ആരാണ്?
ന്യൂയോർക്ക്: പാക് ഭീകര സംഘടനയായ ലഷ്‌കറി തോയിബയുടെ ഉപമേധാവി അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി കരിമ്പട്ടികയിൽ പെടുത്തി ഐക്യരാഷ്ട്രസഭ. ലഷ്‌കറിന്റെ സ്ഥാപകൻ ഹാഫിസ് സയ്യിദിന്റെ ഭാര്യാ സഹോദരനാണ് അബ്ദുൽ റഹ്‌മാൻ മക്കി.
യുഎൻ സുരക്ഷാസമിതിയുടെ ഉപരോധ കമ്മിറ്റിയാണ് 68 കാരനായ മക്കിയെ ആഗോള ഭീകരപട്ടികയിൽ, തിങ്കളാഴ്ച ഉൾപ്പെടുത്തിയത്. ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നോട്ട് വച്ച നിർദ്ദേശത്തിന് ചൈന വഴങ്ങിയതോടെയാണ് ഈ ഭീകരനെ കരിമ്പട്ടികയിൽ പെടുത്താൻ കഴിഞ്ഞത്. ഈ പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് യാത്രാവിലക്കും, ആയുധ വിലക്കും ഉണ്ടാകും. കൂടാതെ ആസ്തികൾ മരവിപ്പിക്കും.
ആരാണ് അബ്ദുൽ റഹ്‌മാൻ മക്കി?
ഹാഫിസ് സയ്യിദിന്റെ വലംകൈ എന്ന നിലയിലാണ് മക്കി പ്രധാനമായി അറിയപ്പെട്ടിരുന്നത്. ഹാഫിസ് സയ്യിദിന് 2019 ൽ 35 വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഹാഫിസ് സയ്യിദിനെ യുഎൻ കരിമ്പട്ടികയിൽ പെടുത്തുകയും, പാക്കിസ്ഥാൻ ഇയാളെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തിരുന്നു. ആ കാലം മുതൽ സയ്യിദിന് വേണ്ടി മുന്നണിയിൽ പ്രവർത്തിച്ചുവരികയാണ് മക്കി.
മക്കി, ലഷ്‌കറിലും, ജമാത്ത് ഉദ് ദവയിലും നേതൃസ്ഥാനങ്ങൾ വഹിച്ചയാളാണെന്ന് യുഎൻ ഉപരോധ കമ്മിറ്റി നിരീക്ഷിച്ചു. 2000, ഡിസംബർ 22 ന് ചെങ്കോട്ടയിലേക്ക് ആറ് ഭീകരർ ഇരച്ചുകയറി സുരക്ഷാസൈനികർക്ക് നേരേ ഇടതടവില്ലാതെ വെടി വച്ച സംഭവം അടക്കം നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ട ഭീകരസംഘടനയാണ് ലഷ്‌കറി തോയിബ.
ഖുറാൻ ഹൃദിസ്ഥമാക്കിയവരെ ലഷ്‌കറിൽ വിശേഷിപ്പിക്കുന്നത് ഹാഫിസ് എന്നാണ്. അതുപോലെ ജമാത്ത് ഉദ് ദവയിൽ നയിബ് എമിർ എന് പദവി. ഇത് രണ്ടും മക്കി ഉപയോഗിക്കുന്നുണ്ട്. സയ്യിദിന്റെ തടങ്കലിനെ എതിർക്കുന്ന ഹർജികളിൽ എല്ലാം കോടതികളിൽ ഹാജരാകാറുണ്ട് മക്കി. തീപ്പൊരി പ്രാസംഗികനാണ്. ഫെബ്രുവരി 5 ന് ഇസ്ലാമബാദിൽ നടക്കാറുള്ള കശ്മീർ ഐക്യദാർഢ്യ ദിന റാലികളിൽ പതിവായി പങ്കെടുക്കാറുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷം 2010 ൽ നടന്ന അത്തരമൊരു റാലിയിലാണ് കശ്മീർ പാക്കിസ്ഥാന് കൈമാറാത്തതിന് ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കുമെന്ന് ഇയാൾ പ്രഖ്യാപിച്ചത്. കശ്മീരിനെ ബലം പ്രയോഗിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്നും മക്കി ഭീഷണി മുഴക്കി.
മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അബ്ദുൽ റഹ്‌മാൻ മക്കി.
ലഷ്‌കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനായ അബ്ദുൽ റഹ്‌മാൻ മക്കിക്ക് അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു. ഈ ഭീകരനെയാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.
ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ ഏറെ നാളായി ശ്രമം
കഴിഞ്ഞ വർഷം ജൂണിൽ മക്കിയെ ആഗോള ഭീകര പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദ്ദേശത്തെ ചൈന തടസ്സപ്പെടുത്തിയിരുന്നു. യുഎൻ സുരക്ഷാസമിതിയുടെ 1267 അൽഖ്വായിദ ഉപരോധ കമ്മിറ്റിയാണ് ഇത് പരിഗണിക്കുന്നത്. 2008 ലും സമാനമായ ഉപരോധ ശ്രമത്തിൽ നിന്ന് മക്കി രക്ഷപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് നേരേയുള്ള ഭീഷണികൾ കണക്കിലെടുത്ത് 2010 നവംബറിൽ ഇയാളെ യുഎസ് ട്രഷറി വകുപ്പ് ഭീകര പട്ടികയിൽ പെടുത്തിയിരുന്നു. ലഷ്‌കറിന് വേണ്ടി മക്കി ഫണ്ട് ശേഖരിച്ചിരുന്ന സമയമായിരുന്നു അത്. 2,48000 ഡോളർ ഒരു ലഷ്‌കർ പരിശീലന ക്യാമ്പിനായും, 1,65000 ഡോളർ ലഷ്‌കർ ബന്ധമുള്ള മദ്രസയ്ക്കും വേണ്ടി ലഷ്‌കറിന്റെ രാഷ്ട്രീയകാര്യ വകുപ്പിന്റെ ചുമതലക്കാരനായിരുന്ന മക്കി ശേഖരിച്ചതായി അന്ന് യുഎസ് ട്രഷറി വകുപ്പ് കണ്ടെത്തിയിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 16 കോടി ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് കേട്ട് പേടിച്ച് മക്കി ഒളിവിൽ പോയൊന്നുമില്ല. സയ്യിദിന് വേണ്ടിയുള്ള കേസുകളിൽ പതിവായി കോടതികളിൽ ഹാജരായി കൊണ്ടേയിരുന്നു. ഏതായാലും അന്താരാഷ്ട്ര സമ്മർദ്ദത്തിന് ചൈന വഴങ്ങിയതോടെ, ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിൽ ഒരുനേട്ടമായി മക്കിക്ക് എതിരെ ഉള്ള ഉപരോധം വിലയിരുത്താം.
മറുനാടന് മലയാളി ബ്യൂറോ