ന്യൂഡൽഹി: മനീഷ് സിസോദിയ കുടുങ്ങിയ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡൽഹി, റോസ് അവന്യൂ കോടതിയാണ് അരുണിനെ മാർച്ച് 13 വരെ കസ്റ്റഡിയിൽ വിട്ടത്. അരുണിനെ രണ്ടുദിവസം ഇഡി ചോദ്യം ചെയ്യുകയും, വസതിയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വട്ടിനഗുലപള്ളിയിലെ 2.2 കോടിയുടെ ഭൂമി കണ്ടുകെട്ടുകയും ചെയ്തു.

ആരാണ് അരുൺ രാമചന്ദ്രൻ പിള്ള?

ദക്ഷിണേന്ത്യയിൽ നിന്നുള്ള വ്യവസായികളുടെ കൂട്ടായ്മായ സൗത്ത് ഗ്രൂപ്പിലെ പ്രമുഖനാണ് അരുൺ രാമചന്ദ്രൻ പിള്ള.ഡൽഹിയിലെ മദ്യനയത്തിൽ ഇടപെടുന്നതിനായി, ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടിയോളം കോഴ നൽകിയെന്നാണ് ആരോപണം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻഡോസ്പിരിറ്റ്‌സ് എന്ന മദ്യനിർമ്മാണ ഗ്രൂപ്പിന്റെ തലതോട്ടപ്പനാണ് അരുൺ. കമ്പനിയിൽ 32.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരുൺ ഡൽഹിയിൽ മദ്യലൈസൻസുകൾ നേടിയെടുക്കാൻ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. ഡൽഹി സർക്കാരിന്റെ 2021-22 ലെ മദ്യനയം രൂപീകരിക്കുന്നതിന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സജീവ പങ്ക് വഹിച്ച ആളാണ് അരുണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

അരുണിന് എതിരായ ആരോപണങ്ങൾ

കേസിലെ മറ്റൊരു പ്രതിയായ ഇൻഡോ സ്പിരിറ്റ്‌സ് എംഡി സമീർ മഹേന്ദ്രുവിൽ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുൺ രാമചന്ദ്രനാണെന്നാണ് ഇഡി പറയുന്നത്. കാർട്ടലൈസേഷൻ വഴി ഇൻഡോ സ്പിരിറ്റിന് കിട്ടിയ 68 കോടിയോളം രൂപയുടെ ലാഭത്തിൽ നിന്ന് 29 കോടി അരുണിന്റെ അക്കൗണ്ടിലേക്ക് മാറ്റി. അരുൺ 4.75 കോടി രൂപ ഒരു ടിവി ചാനൽ ഉടമയ്ക്കും, മറ്റൊരു 3.85 കോടി കേസിൽ പിടിയിലായ പ്രതി അഭിഷേക് ബോയിൻപള്ളിക്കും നൽകിയെന്നും ഇഡി കണ്ടെത്തി. ഹൈദരാബാദിലെ കോകാപേട്ടിലുള്ള അരുണിന്റെ വസതിയിൽ കേന്ദ്ര ഏജൻസി നേരത്തെ റെയ്ഡ് നടത്തി സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

അരുൺ രൂപീകരിച്ച റോബിൻ ഡിസ്റ്റിലറീസ്, റോബിൻ ഡിസ്ട്രിബ്യൂഷൻ എന്നിവയുടെ വിലാസങ്ങൾ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിത കൽവകുണ്ട്‌ലയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കവിതയുടെ ബന്ധുവായ അനുവിന്റെ ബ്യൂട്ടി സലൂണും, അരുണിന്റെ റോബിൻ ഡിസ്ട്രിബ്യൂഷനും സെക്കന്ദരാബാദ്, സരോജിനി ദേവി റോഡ്, നവ്‌നികേതൻ കോംപ്ലക്‌സ് എന്ന ഒരേ വിലാസത്തിലാണ് പ്രവർത്തിക്കുന്നത്. കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളതെന്ന് ഇഡി പറയുന്നു.

സൗത്ത് ഗ്രൂപ്പിന് ഡൽഹിയിലെ ഒമ്പത് മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായർ വഴി എഎപി നേതാക്കൾക്കെത്തിച്ചെന്നും ഇഡിയും സിബിഐയും കണ്ടെത്തി. അരുണിനെ മുന്നിൽ നിർത്തി കവിതയാണ് വ്യാപാരം നടത്തിയതെന്നും അരുൺ കവിതയുടെ ബിനാമിയാണെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലും പതിനാലാം പ്രതിയാണ് അരുൺ രാമചന്ദ്രൻ പിള്ള. ഏതാനും വർഷം മുമ്പ് യുകെ വാണിജ്യ കമ്മീഷണറുമായി ബന്ധപ്പെട്ടുംഅരുൺ പ്രവർത്തിച്ചിരുന്നു.

വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, അരുൺ രാമചന്ദ്രൻ പിള്ള, ദിനേശ് അറോറ( മാപ്പുസാക്ഷിയായി മാറി) എന്നിവർ 2020 ഏപ്രിൽ മുതൽ ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് സിബിഐയുടെ കുറ്റപത്രം. 2022ൽ സമീർ മഹേന്ദ്രു തെലങ്കാന എംഎൽസിയായ കവിതയുമായി ഹൈദരാബാദിലെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായി ഇഡി പറയുന്നു. സമീർ തനിക്ക് കുടുംബത്തെ പോലെയാണെന്നും, അരുൺ പിള്ളയുമായി ബിസിനസ് ചെയ്യുന്നത് തനിക്കൊപ്പം ബിസിനസ് ചെയ്യുന്നത് പോലെയെന്നും കവിത അന്ന് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി തങ്ങളുടെ ബന്ധം വലിയ തോതിൽ വിപുലമാക്കുന്ന കാര്യവും ചർച്ച ചെയ്തിരുന്നു.

ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ, നയം സർക്കാർ പിൻവലിച്ചിരുന്നു.