- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് എസ് എസിനെ അകറ്റിയപ്പോള്‍ പണി കിട്ടി; ഹരിയാനയില്‍ തെറ്റ്തിരുത്തി ഉള്‍ക്കൊണ്ട പാഠം മഹാരാഷ്ട്രയിലും മഹായുതിക്ക് കൊയ്ത്തായി; സംസ്ഥാനത്തെ ഉജ്ജ്വല വിജയത്തിന്റെ സൂത്രധാരന്‍ ഈ ആര് എസ് എസുകാരന്; ആരാണ് അതുല്‍ ലിമായെ?
ആരാണ് അതുല്‍ ലിമായെ?
മുംബൈ: തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാന്‍ ബിജെപിക്കു പ്രാപ്തിയുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ആര്‍എസ്എസിനെ അവഗണിച്ച് ബിജെപിക്ക് മുന്നോട്ടുപോകാന്‍ ആവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഹരിയാനയില്‍ അതുകണ്ടതാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തിലും പ്രചാരണത്തിലുമടക്കം ആര്‍എസ്എസിന്റെ ഇടപെടലുകള്‍ നിര്‍ണായകമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് അകന്നു നിന്നപ്പോള്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ബിജെപ ഹരിയാനയില്‍ ആ തെറ്റുതിരുത്തി. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് കരുതി ഉദാസീനരായ കോണ്‍ഗ്രസിനെ അദ്ഭുതപ്പെടുത്തി കൊണ്ട് ബിജെപി ജയം വാരിയെടുത്തു. മഹാരാഷ്ട്രയില്‍ സംഭവിച്ചതും മറ്റൊന്നല്ല.
മഹായുതി സഖ്യത്തിന് വെറും പ്രതീകാത്മക പിന്തുണയല്ല ആര്‍എസ്എസ് നല്‍കിയത്. വളരെ ക്യത്യമായി ആസൂത്രത്തോടെ നിശ്ശബ്ദമായി ആര്‍എസ്എസ് പണിയെടുത്തു. മുംബൈ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ നഗരമേഖലകളിലെ വോട്ടര്‍മാരെ മഹായുതിക്കൊപ്പമാക്കാന്‍ കഠിനമായി പ്രയത്‌നിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മങ്ങിയതോടെയാണ് ആര്‍എസ്എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറിയും പശ്ചിമ മേഖലയുടെ മുന്‍ മേധാവിയുമായ അതുല്‍ ലിമായെയെ നിയോഗിച്ചതില്‍ തുടങ്ങി ഇടപെടല്‍.
ആരാണ് അതുല്‍ ലിമായെ?
54 കാരനായ നാസിക്കില്‍ നിന്നുള്ള എഞ്ചിനിയറാണ് അതുല്‍ ലിമായെ. മൂന്നുപതിറ്റാണ്ട് മുമ്പ് ബഹുരാഷ്ട്ര കമ്പനിയിലെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകനായത്. ശാന്ത സൗമ്യമായി ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണ് ലിമായെയുടെ ശൈലി. റായ്ഗഡ്, കൊങ്കണ്‍, പടിഞ്ഞാറന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം.
മറാത്ത്വാഡയും വടക്കന്‍ മഹാരാഷ്ട്രയും ഉള്‍ക്കൊള്ളുന്ന ദേവഗിരി പ്രാന്തത്തിന്റെ സഹപ്രാന്ത പ്രചാരക് എന്ന നിലയിലുള്ള സേവനം മേഖലയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെയും സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളെയും കുറിച്ച് അഗാധമായ ധാരണ വളര്‍ത്തിയെടുക്കാന്‍ ലിമായയ്ക്ക് ഹായകമായി.
2014 ല്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്ര മേഖലയുടെ മേല്‍നോട്ടമായിരുന്നു അതുല്‍ ലിമായെയ്ക്ക്. ആ കാലഘട്ടത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഭൂമികയെ കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തിന് കിട്ടിയത്. ബിജെപി നേതാക്കളുടെയും എതിരാളികളുടെയും കരുത്തും ദൗര്‍ബല്യവും അടക്കം അദ്ദേഹം മനസ്സിലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളലും പ്രമുഖ വ്യക്തികളെ നിയമിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍
ദീര്‍ഘകാല പദ്ധതിയാണ് ലിമായെ ആവിഷ്‌ക്കരിച്ചത്. ഗവേഷണ സംഘങ്ങള്‍, സ്റ്റഡി ഗ്രൂപ്പുകള്‍. ബുദ്ധിജീവികള്‍ എന്നിവരുടെ ടീമുകള്‍ രൂപീകരിച്ച് വിവിധ തരത്തിലുള്ള വിഷയങ്ങള്‍- മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ പഠനം മുതില്‍ നയരൂപവത്കരണ ചട്ടക്കൂട് വരെ- പഠിച്ചു. 2017 ലെ മറാത്ത പ്രക്ഷോഭം അടക്കമുളള പ്രശ്‌നങ്ങളെ നേരിടാന്‍ അദ്ദേഹത്തിന്റെ ടീമിന്റെ ഉള്‍ക്കാഴ്ചകള്‍ സര്‍ക്കാരിന് നിര്‍ണായകമായി.
ആര്‍എസ്എസിന് കാര്യമായ സ്വാധീനമുളള നഗര മേഖലകളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി. വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നുവെന്നും അത് മഹായുതിക്കാണെന്നും ഉറപ്പാക്കാന്‍ ബോധവത്കരണവും പ്രോത്സാഹനവും നല്‍കുകയായിരുന്നു അതുല്‍ ലിമായെയും ടീമും.
പതിവുമട്ടിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളോട് മുഖം തിരിച്ചിരുന്ന തീരുമാനം എടുക്കാതിരുന്ന വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തങ്ങളുടെ രാഷ്ട്രീയേതര പ്രതിച്ഛായയും ആര്‍എസ്എസ് പ്രയോജനപ്പെടുത്തി. താഴെത്തട്ടിലുള്ള സമൂഹങ്ങളുമായി ഇടപെടാന്‍ വിപുലമായ ശാഖാ ശൃംഖലയുടെയും അനുബന്ധ സംഘടനകളുടെയും സഹായവും ഉപയോഗിച്ചു. അതുല്‍ ലിമായെയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഈ കഠിന പ്രയത്‌നം മഹായുതിക്കുള്ള വോട്ടായി മാറി എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.