തിരുവനന്തപുരം: പാക്കിസ്ഥാന്റെ കാപട്യത്തെ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി ചോദ്യം ചെയ്ത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് കഴിഞ്ഞ എതാനും ദിവസങ്ങളായി ചര്‍ച്ചാവിഷയം. കശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധി ഭവിക മംഗളാനന്ദന്‍ ചുട്ട മറുപടി നല്‍കിയത്.

തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ആഗോള പ്രശസ്തി നേടിയ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ആക്രമിക്കാന്‍ കാണിക്കുന്ന ചങ്കൂറ്റം വെറും കാപട്യമാണെന്ന ഭവിതയുടെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.വീഡിയോ വൈറലായതിന് പിന്നാലെ രാജ്യത്തുടനീളം ഭവികയ്ക്കായി കൈയ്യടികള്‍ നിറയുകയാണ്.ഇതിന് പിന്നാലെയാണ് ആരാണ് ഭവിക എന്ന അന്വേഷണവും സോഷ്യല്‍ മീഡിയ ആരംഭിച്ചത്.

ആ അന്വേഷണം ചെന്ന് നിന്നതാകട്ടെ ഇങ്ങ് കേരളത്തിലും. ഭവിക കൈയ്യടി നേടുമ്പോള്‍ കേരളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. മലയാളിയാണ് ഭവിക മംഗളാനന്ദന്‍. ബിരുദ കാലഘട്ടം വരെ കേരളത്തിലും പിന്നീട് ഡല്‍ഹിയിലുമായിരുന്നു ഭവിക തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിവില്‍ സര്‍വ്വീസ് പരിശീലനം വരെ ഭവിക നടത്തിയത് തിരുവനന്തപുരത്താണ്.




തിരുവനന്തപുരം മുതല്‍ യു എന്‍ വരെ.. ഭവികയുടെ യാത്ര

ഏലംകുളം സ്വദേശിനിയാണ് ഭവിക മംഗളാനന്ദന്‍. ബിഎസ്എന്‍എല്‍ റിട്ട.ജീവനക്കാരനും കവിയുമായ മംഗളാനന്ദന്റെയും സര്‍ക്കാര്‍ ജീവനക്കാരിയായ ബേബി റാണിയുടെയും മകളാണ് ഭവിക. ബിരുദം മഹാരാജാസില്‍ പൂര്‍ത്തിയാക്കിയ ഭവിക 2007-2009 കാലഘട്ടത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്തു. തുടര്‍ന്ന് 2009-2011 കാലഘട്ടത്തില്‍ ഐഐടി

-ഡല്‍ഹിയില്‍ പഠിച്ച ശേഷം ഷ്നൈഡര്‍ ഇലക്ട്രിക്കില്‍ സീനിയര്‍ എഞ്ചിനീയറായി മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു. 2011 മുതല്‍ 2012 വരെ ഈ കമ്പനിയില്‍ തുടര്‍ന്നു.

പിന്നാലെയാണ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുന്നത്. കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ നിന്നാണ് ഭവിക തന്റെ സിവില്‍ സര്‍വ്വീസ് പരീശീലനം പൂര്‍ത്തിയാക്കിയത്്.2015 ബാച്ചില്‍ 249 ാം റാങ്ക് നേടിയാണ് ഭവിക സിവില്‍ സര്‍വ്വീസ് പാസായത്. തുടര്‍ന്ന് ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലാണ് ഭവികയ്ക്ക് ജോലി ലഭിക്കുന്നത്.

നിലവില്‍ യുഎന്നിലെ ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, ഒന്നാം കമ്മിറ്റി (നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ), ജിഎ കോര്‍ഡിനേഷന്‍ (ഇന്ത്യയുടെ യുഎന്‍ സ്ഥിര പ്രതിനിധി, ന്യൂയോര്‍ക്ക്) എന്നിവയുടെ പ്രഥമ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ഭവിത.വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായും ഭവിക പ്രവര്‍ത്തിച്ചിട്ടുണ്ട്.പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ഭവിക തെരഞ്ഞെടുക്കപ്പെടുന്നത്.




യു എന്നില്‍ ഭവിക പറഞ്ഞത്

യു.എന്‍. പൊതുസഭയുടെ 79-ാം സെഷനിലായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ഷഹബാസ് ഷെരീഫ് യു.എന്‍. പൊതുസഭയില്‍ പറഞ്ഞത്. ഇതിനായി അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം യു.എന്‍. പൊതുസഭയില്‍ ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും പാക് പ്രധാനമന്ത്രി യു.എന്‍. പൊതുസഭയില്‍ ഉന്നയിച്ചു. ഇതോടെയാണ് ഇന്ത്യന്‍ പ്രതിനിധി ഭവിക മംഗളാനന്ദന്‍ രൂക്ഷമായ ഭാഷയില്‍ പാകിസ്താന് മറുപടി നല്‍കിയത്.

പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചുകൊണ്ടായിരുന്നു ഭവിക സംസാരിച്ചത്. 'അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ പണ്ട് മുതലേ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ലമെന്റ്, സാമ്പത്തിക തലസ്ഥാനമായ മുംബൈ, മാര്‍ക്കറ്റുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ പാകിസ്ഥാന്‍ ആക്രമിച്ചിട്ടുണ്ട്. പട്ടിക ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത്തരമൊരു രാജ്യം അക്രമത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണ്.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.

'ഞങ്ങളുടെ പ്രദേശം സ്വന്തമാക്കുകയാണ് പാകിസ്ഥാന്റെ ആഗ്രഹമെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്ഥാന്‍ നിരന്തരമായി ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണ്.' -ഭവിക തുടര്‍ന്നു.

ഇന്ത്യയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത 'അനിവാര്യമായ പ്രത്യാഘാതങ്ങളെ' ക്ഷണിച്ച് വരുത്തുമെന്ന് ഭവിക മംഗളാനന്ദന്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. കശ്മീരിനെ കുറിച്ച് ഷഹബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കിയ ഭവിക, പാകിസ്ഥാന്‍ വീണ്ടും വീണ്ടും നുണകള്‍ ഉപയോഗിച്ച് സത്യത്തെ നേരിടാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

'1971-ല്‍ വംശഹത്യ നടത്തുകയും സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ ഇപ്പോഴും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യം അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. പാകിസ്ഥാന്‍ എന്താണ് എന്ന് ലോകം കാണുന്നുണ്ട്. ഒസാമ ബിന്‍ ലാദനെ ഒരുപാട് കാലം സംരക്ഷിച്ച രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ വിരലടയാളമുള്ള രാജ്യം.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.