ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ, സ്വാതി മലിവാൾ എംപിയെ ക്രൂരമായി മർദ്ദിക്കാൻ എന്താണ് കാരണം? എന്താണ് പ്രകോപനം? വ്യക്തമായ ഉത്തരങ്ങൾ കിട്ടിയിട്ടില്ല. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി. കേജ്‌രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു. എന്തായാലും കെജ്രിവാളിന്റെ ഏറ്റവും അടുപ്പക്കാരിൽ ഒരാളാണ് ബൈഭവ് കുമാർ എന്നുവ്യക്തം.

തിഹാർ ജയിലിൽ, പതിവായി കാണേണ്ട ആറുപേരുടെ പട്ടിക കെജ്രിവാൾ നൽകിയപ്പോൾ, അതിലെ ആദ്യ പേരുകാരിൽ ഒരാൾ ബൈഭവ് കുമാർ ആയിരുന്നു. കെജ്രിവാളിന്റെ ഭാര്യ സുനിത, മകൻ, എഎപി ജനറൽ സെക്രട്ടറി സന്ദീപ് പാഠക് എന്നിവർ ഉൾപ്പെട്ട പട്ടികയായിരുന്നു ജയിലിൽ സമർപ്പിച്ചത്.

ആം ആദ്മി പാർട്ടിയിൽ സമാനകളില്ലാത്ത സ്വാധീനം ചെലുത്തുന്ന പാർട്ടിയുടെ എല്ലാമെല്ലാമായ ബൈഭവ് കുമാർ കെജ്രിവാളിന്റെ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ മാത്രമേ അദ്ഭുതമുള്ളു. മുമ്പും പല വിവാദങ്ങളിൽ കുമാർ പെട്ടിരുന്നെങ്കിലും, സ്വാതി മാലിവാളിന് എതിരായ അതിക്രമത്തോടെ, കാര്യങ്ങൾ കൈവിട്ടുപോയിരിക്കുകയാണ്. ബൈഭവ് കുമാർ ഇപ്പോൾ പഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാണ് ബൈഭവ് കുമാർ?

സ്വാതി മാലിവാളും കുമാറും കെജ്രിവാളിന് ഒപ്പം ഏകദേശം ഒരേസമയത്താണ് രണ്ടുപതിറ്റാണ്ട് മുമ്പ് പ്രവർത്തിച്ചുതുടങ്ങിയത്. ബിഹാർ സ്വദേശിയായ കുമാറിന് കെജ്രിവാളുമായും, മനീഷ് സിസോദിയയുമായും ദീർഘകാല പ്രവർത്തന പരിചയമുണ്ട്. പരിവർത്തൻ എന്ന സർക്കാരിതര സ്ഥാപനം തുടങ്ങിയ കാലത്തേ ആരംഭിച്ചതാണ് ബന്ധം. സിസോദിയയുമായി കെജ്രിവാളിനുള്ള അതേ അടുത്ത ബന്ധം തന്നെയാണ് കുമാറുമായും ഉള്ളത്. കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ആയിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും, ഇരുവർക്കും ഇടയിൽ ബോസ്-ജീവനക്കാരൻ ബന്ധമല്ല.

2011 ൽ ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ മൂവ്‌മെന്റ് പ്രസിദ്ധീകരിച്ച മാഗസിന് വേണ്ടി വീഡിയോകൾ എഡിറ്റുചെയ്തപ്പോളാണ് ബൈഭവ് കുമാർ കെജ്രിവാളിനോട് കൂടുതൽ അടുത്തത്. 2015 ൽ എഎപി സർക്കാർ ഡൽഹിയിൽ രൂപീകരിച്ചപ്പോൾ ബൈഭവ് കുമാറിനെ കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. 2020 ൽ അതേ പോസ്റ്റിൽ പുനർനിയമനം.

കെജ്രിവാളിന്റെ വലംകൈ

കെജ്രിവാളിന്റെ ദൈനംദിന പരിപാടികൾ നിശ്ചയിക്കുന്ന ബൈഭവ് കുമാർ അദ്ദേഹത്തിന്റെ വലംകയ്യായാണ് അറിയപ്പെടുന്നത്. ' കെജ്രിവാളിന്റെ കണ്ണും കാതുമാണ് കുമാർ. പാർട്ടി നേതാക്കളെ വിളിക്കുക, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക, ദൈനംദിന സ്‌കെഡ്യൂൾ തയ്യാറാക്കുക, അപ്പോയന്റ്‌മെന്റുകൾ, യാത്ര എല്ലാം കുമാറാണ് കൈകാര്യം ചെയ്യുക' ഒരു നേതാവ് പറഞ്ഞു. യാത്രാവേളകളിൽ കെജ്രിവാളിന്റെ ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കുന്നത് കുമാറാണ്.

യോഗേന്ദ്ര യാദവിന് എതിരെ പാര പണിത് അദ്ദേഹത്തെ എഎപിയിൽ നിന്ന് പുറത്താക്കാൻ വഴിയൊരുക്കിയതും കുമാറാണ്. 2015 ൽ കെജ്രിവാൾ യോഗേന്ദ്ര യാദവുമായും പ്രശാന്ത് ഭൂഷണുമായും സ്വര ചേർച്ചയിൽ ആയിരുന്നില്ല. യോഗേന്ദ്ര യാദവ് എഎപിക്ക് എതിരെ മാധ്യമങ്ങൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് കുമാർ തെളിയിച്ചതോടെയാണ് യാദവിനെ പുറത്താക്കുന്നതിലേക്ക് കളമൊരുങ്ങിയത്.

പുറത്താകലും ഇഡി റെയ്ഡും

ഏപ്രിലിൽ ഡൽഹി സർക്കാരിന്റെ വിജിലൻസ് ഡയറക്ടറേറ്റ് ബൈഭവ് കുമാറിന്റെ സേവനം അവസാനിപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച് നോയിഡ ഡവലപ്‌മെന്റ് അഥോറിറ്റിയിൽ ജോലി ചെയ്യുന്ന മഹേഷ് പാൽ കുമാറിന് എതിരെ ക്രിമിനൽ കേസ് നൽകിയതോടെ ആയിരുന്നു പുറത്താക്കൽ. ഡൽഹി മദ്യനയക്കേസിൽ കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു പുറത്താക്കൽ. ഫെബ്രുവരിയിൽ ഇഡി ബൈഭവ് കുമാറിന്റേതടക്കം 12 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു.

ബംഗ്ലാവ് വിവാദം

കുമാറിന് അനുവദിച്ച ടൈപ്-6 ബംഗ്ലാവിനുള്ള അലോട്ട്‌മെന്റ് റദ്ദാക്കാൻ പൊതുമരാമത്ത് വകുപ്പിന് വിജിലൻസ് വകുപ്പ് ആറ് മാസം മുമ്പ് ഉത്തരവിട്ടിരുന്നു. 2021 മാർച്ചിൽ കുമാറിന് അനുവദിച്ച ബംഗ്ലാവാണ് അത്. ചട്ടം ലംഘിച്ചാണ് ബംഗ്ലാവ് അനുവദിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. എന്നാൽ, കുമാർ ബംഗ്ലാവ് ഒഴിഞ്ഞില്ല. കഴിഞ്ഞ മാസം വിജിലൻസ് വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരുമാസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് പി ഡബ്ല്യുഡി ആവശ്യപ്പെട്ടിരുന്നു.