- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
മുംബൈ: അദാനി ഗ്രൂപ്പും യുഎസ് ഷോർട് സെല്ലിങ് റിസർച് സ്ഥാപനമായ ഹിൻഡൻബർഗും തമ്മിലുള്ള വാദപ്രതിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. അദാനിയുടേത് കൃത്രിമമായ കണക്കുകളാണെന്നും, ഓഹരിവില കൃത്രിമമായി ഉയർത്തിയതാണെന്നും ഹിൻഡൻബർഗ് റിസർച് ആരോപിച്ചതിനെ തുടർന്ന്, അദാനി കമ്പനികളുടെ ഓഹരിവില മൂന്ന് ദിവസം കൊണ്ട് 5.5 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ഇപ്പോഴും അദാനിയുടെ ഓഹരിമൂല്യം താഴേക്ക് പോയിക്കൊണ്ടിരിക്കയാണ്. അതേസമയം ദേശീയ താൽപ്പര്യത്തെ കൂട്ടുപിടിച്ചുള്ള മറുപടിയാണ് അദാനി നൽകിയത്. ഇതിന് മറുപടിയമായി ഹിൻഡൻബർഗ് റിസർച്ചും രംഗത്തുവന്നു.
ദേശീയ താൽപ്പര്യ കൂട്ടുപിടിച്ച അദാനിയെ വെട്ടിലാക്കാൻ ചൈനീസ് ബന്ധം ആരോപിച്ചാണ് ഹിൻഡൻ ബർഗ് രംഗത്തുവന്നിരിക്കുന്നത്. അദാനി ഗ്രൂപ്പും ചൈനീസ് പൗരനായ ചാങ് ചുങ് ലിങ്ങുമായി എന്താണ് ബന്ധമെന്ന ഹിൻഡൻബർഗിന്റെ ചോദ്യത്തിന് അദാനി ഗ്രൂപ്പ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അദാനിക്കെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ നാല് തവണയാണ് ചാങ് ചുങ് ലിങ്ങിനെപ്പറ്റി പരാമർശമുള്ളത്. എന്നാൽ ഈ റിപ്പോർട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ ദീർഘമായ മറുപടികളിൽ എവിടെയും ഈ ചൈനീസ് പൗരനെപ്പറ്റി പരാമർശമില്ല. ഇക്കാര്യം ഹിൻഡൻബർഗ് ഉയർത്തിക്കാണിച്ചിട്ടുണ്ട്. അദാനിയുടെ ഓഹരി ഉടമകൾക്കും, ഇന്ത്യയുടെ ദേശീയ താല്പര്യത്തിനും ഇത് ആശങ്ക ഉയർത്തുമെന്ന് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു.
ജനുവരി 24ന് ഹിൻഡൻബർഗ് അദാനിക്കെതിരെ പുറത്തുവിട്ട ആദ്യ റിപ്പോർട്ടിലാണ് ചാങ് ചുങ് ലിങ്ങിനെപ്പറ്റി ആദ്യ പരാമർശമുള്ളത്. ഗുദാമി ഇന്റർനാഷണൽ എന്ന കമ്പനിയുടെ ഡയറക്ടറാണ് ഇദ്ദേഹമെന്ന് റിപ്പോർട്ട് പറയുന്നു. 2002 ലെ കമ്പനി ഫയലിങ് റിപ്പോർട് പ്രകാരം അദാനി എന്റർപ്രൈസസുമായി ബന്ധമുള്ള സ്ഥാപനമാണിത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള സിംഗപ്പൂരിലെ മൂന്ന് കമ്പനികളിൽ ഒന്ന് ഗുദാമി ഇന്റർനാഷണലാണ് എന്ന് 2018 ൽ ആരോപണം ഉയർന്നിരുന്നു. മോണ്ടിസോറ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സിനു കീഴിൽ നിരവധി കമ്പനികളിൽ ഗുദാമി നിക്ഷേപം നടത്തിയിട്ടുണ്ട്. ഗുദാമിയും, മോണ്ടിസോറയും കൂടി ആകെ അദാനി ഗ്രൂപ്പിൽ 4.5 ബില്യൺ യുഎസ് ഡോളറിന്റെ പങ്കാളിത്തമാണുള്ളതെന്ന് ഹിൻഡൻബർഗ് പറയുന്നു.
യുപിഎ സർക്കാറിന്റെ കാലത്താണ് വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ അഴിമതി ഉയർന്നത്. അദാനിയുടെ നിരവധി സ്ഥാപനങ്ങളിൽ ചുങ് ലിങ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ കേസിലെ അഡ്ജുഡിക്കേഷൻ ഓർഡർ അടിസ്ഥാനമാക്കിയാണ് ഹിൻഡൻബർഗ് ആരോപണം നടത്തിയിരിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ റെസിഡൻഷ്യൽ അഡ്രസാണ് ചുങ് ലിങ് നൽകിയിരിക്കുന്നതെന്ന് ഡിആർഐ റെക്കോർഡിലുണ്ടെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
അദാനി പവറിൽ ലയിച്ച ഗ്രോമോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റുമായി ബന്ധപ്പെട്ടാണ് അടുത്ത പരാമർശം. ഇതിന് ചുക്കാൻ പിടിക്കുന്നത് ചുങ് ലിങ്ങാണെന്ന വാദത്തിന് ഇന്ത്യയിലെ നിയമപ്രകാരമാണ് നടപടികൾ എന്നാണ് അദാനി മറുപടി നൽകിയിരിക്കുന്നത്. ഹിൻഡൻബർഗിന്റെ മൂന്ന് ചോദ്യങ്ങൾ സ്വകാര്യ കോൺട്രാക്ടറായ പിഎംസി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ്. അദാനി ഗ്രൂപ്പ് പേയ്‌മെന്റ് നടത്തുന്ന പിഎംസി അദാനിയുടെ തന്നെ ഡമ്മി കമ്പനിയാണോ എന്നാണ് ഹിൻഡൻബർഗിന്റെ ചോദ്യം. 2014 മുതലുള്ള ഡിആർഐ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം.ചാങ് ചുങ് ലിങ്ങിന്റെ മകനാണ് പിഎംസി യുടെ ഉടമ എന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നു. എന്നാൽ 2017 മുതലുള്ള ഡിആർഐ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി അദാനി ഇത് നിരാകരിച്ചിട്ടുണ്ട്.
അതേസമയം ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പും രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും ഗൂഡലക്ഷ്യത്തോടെയുള്ള സംയോജനമാണ് റിപ്പോർട്ടെന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്.
ഈ റിപ്പോർട്ട് താൽപ്പര്യ വൈരുദ്ധ്യങ്ങളാൽ നിറഞ്ഞതാണ്, കൂടാതെ അംഗീകൃത ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിനെ എണ്ണമറ്റ നിക്ഷേപകരുടെ ചെലവിൽ തെറ്റായ മാർഗങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം ബുക്ക് ചെയ്യാൻ പ്രാപ്തമാക്കുന്നതിന് സെക്യൂരിറ്റികളിൽ തെറ്റായ വിപണി സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും അദാനി ഗ്രൂപ്പി മറുപടിയായി നൽകുന്നുണ്ട്.
മറുനാടന്‍ ഡെസ്‌ക്