- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിനടിയില് മൂന്നുമിനിറ്റ് വരെ ശ്വാസമടക്കും; ഓക്സിജന് കിറ്റില്ലാതെയും രക്ഷാദൗത്യം; 20 ജീവനുകള് തിരിച്ചുപിടിച്ചു; ഈശ്വര് മാല്പെ ആരാണ്?
ഷിരൂര്: ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്. അത് എടുത്തുചാട്ടം കൊണ്ടല്ല, വര്ഷങ്ങളായി ആഴങ്ങളില് മുങ്ങി തപ്പി, വീണ്ടെടുക്കല് ദൗത്യങ്ങളില് മുഴുകിയതിന്റെ അനുഭവപരിചയം കൊണ്ടാണ്. കര്ണാടകയിലെ ഷിരൂരില്, കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര് അര്ജ്ജുനെ തേടി ഇപ്പോള് തിരച്ചില് നടത്തുന്നത് പ്രാദേശിക മുങ്ങല് വിദഗ്ധരായ ഈശ്വര് മാല്പെ സംഘമാണ്. കുത്തൊഴുക്കുള്ള പുഴയില് ഇറങ്ങി തിരച്ചില് നടത്തി നിരവധി പേരെ രക്ഷപ്പെടുത്തിയ സംഘമാണിത്. നിരവധി മൃതദേഹങ്ങള് പുഴയില് നിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാല്പെ.
100 അടി വരെ താഴ്ചയില് ഡൈവ് ചെയ്യാനാകുമെന്നും കര്ണാടകയില് തന്നെ ഇതുവരെ ആയിരത്തോളം പേരെ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ടെന്നും സംഘത്തിന് നേതൃത്വം നല്കുന്ന ഈശ്വര് മാല്പെ പറഞ്ഞു. വാഹനം ഉണ്ടെന്ന് സംശയിക്കുന്ന പോയന്റിലെത്തിയാല് മൂന്ന് ഹാങ്ങറിട്ട ശേഷം കയറില് പിടിച്ചാണ് താഴോട്ട് പോയി പരിശോധിക്കുക.
കടലിനോടും പുഴയോടും ഇണങ്ങിയ ജീവിതം
അറബിക്കടലും നിരവധി നദികളും തോടുകളും നിറഞ്ഞ ഉഡുപ്പിയുടെ മടിത്തട്ടില് കളിച്ചുവളര്ന്നതിന്റെ പരിചയവും അതിനൊത്ത തന്റേടവുമാണ് ഈശ്വര് മാല്പെയെ വേറിട്ടുനിര്ത്തുന്നത്്. 'ഞങ്ങള് സാമൂഹിക പ്രവര്ത്തകരല്ല, മറിച്ച് ലോകം ഒന്നാണെന്ന ഹൃദയവുമായി ജീവിക്കുന്നവരാണ'- ഈശ്വര് മാപ്പെയുടെ ഇന്സ്റ്റഗ്രാം ബയോയില് പറഞ്ഞിരിക്കുന്ന വാക്കുകളാണിത്. ഉഡുപ്പിക്കാരനായ ഈ മല്സ്യതൊഴിലാളി രണ്ടുപതിറ്റാണ്ടിനിടെ വെളളത്തില് മുങ്ങി പോയ 20 ഓളം പേരുടെ ജീവന് രക്ഷിച്ചു. 200 ഓളം പേരുടെ മൃതദേഹങ്ങള് മുങ്ങിയെടുത്തു.
മത്സ്യബന്ധന ബോട്ടുകള്ക്ക് കുടിവെള്ള വിതരണക്കാരനാണ് 45 കാരനായ ഈശ്വര് മാല്പെ. ഏതെങ്കിലും കോഴ്സിന് ചേര്ന്നിട്ടല്ല ആഴത്തില് പോയി തപ്പിയെടുക്കാനും മൃതദേഹങ്ങള് വീണ്ടെടുക്കാനും പഠിച്ചത്.
മാല്പെ മീച്ചില് അമ്മ, ഭാര്യ മൂന്നു കുട്ടികള് എന്നിവര്ക്കൊപ്പമാണ് താമസം. രാത്രി-പകല് ഭേദമെന്യേ വരുന്ന ഏതൊരു കോളും എടുക്കും. കോള് വന്നാലുടന് പുറപ്പെടുകയായി. മറ്റുളളവരെ സഹായിക്കാനുള്ള തന്റെ താല്പര്യത്തെ ഭാര്യ എപ്പോഴും പിന്തുണയ്ക്കുകയും ആദരിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം നേരത്തെ ഇന്ത്യന് എക്സ്പ്രസിന് മുമ്പ് അഭിമുഖത്തില് പറഞ്ഞിരുന്നു.
മികച്ച ശാരീരിക ക്ഷമതയുള്ള ഈശ്വറിന് വെളളത്തിനടിയില് മൂന്നുമിനിറ്റ് വരെ ശ്വാസം പിടിച്ചുകഴിയാന് സാധിക്കും. അടുത്ത കാലം വരെ ഓക്സിജന് കിറ്റുപോലും ഇല്ലാതെയാണ് മൃതദേഹങ്ങള് വീണ്ടെടുത്തിരുന്നത്. പുഴകളിലെ ചുഴികളില് നിന്നും ആത്മഹത്യയുടെ വക്കില് നിന്നുമൊക്കെ പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. നല്ല മഴ കിട്ടുന്ന ഉഡുപ്പിയില് വര്ഷത്തില് പലവട്ടം നദികളില് വെള്ളം പൊങ്ങും. അപ്പോഴൊക്കെ ഈശ്വറിന് വിളിയും വരും. ലൈഫ് ഗാര്ഡുകളുടെ ക്ഷാമം കാരണം പലപ്പോഴും പൊലീസും ജലാശയങ്ങളില് കാണാതായ ആളുകളെ തപ്പിയെടുക്കാന് ഈശ്വറിനെയാണ് വിളിക്കുക.
ജീവന് പണയപ്പെടുത്തിയ ദൗത്യങ്ങളും
' മറ്റുള്ളവരെ സഹായിക്കുന്നത് തന്റെ കടമയായാണ് ഈശ്വര് കാണുന്നത്. സമൂഹത്തിന് അദ്ദേഹം നല്കുന്ന സേവനം അഭിനന്ദിച്ചേ മതിയാകൂ'. മാല്പെ പൊലീസ് ഇന്സ്പക്ടര് ശക്തിവേലു ഒരിക്കല് പറഞ്ഞു. ജീവന് പണയപ്പെടുത്തിയുള്ള ദൗത്യങ്ങള്ക്കും ഈശ്വര് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ലോക്ഡൗണ് കാലത്തെ ഒരു സംഭവം ഇന്സ്പക്ടര് ഓര്ക്കുന്നു. ഉഡുപ്പിയിലെ ഒരു ഹോട്ടല് ഉടമ ബിസിനസില് കനത്ത നഷ്ടം നേരിട്ടതോടെ, മണിപുര-ഉദ്യാവരയ്ക്ക് അടുത്തുള്ള നദിയിലേക്ക് എടുത്തുചാടി. പുലര്ച്ചെ മൂന്നുമണിക്കാണ് ഈശ്വറിന് കോള് കിട്ടുന്നത്. മിനിറ്റുകള്ക്കകം ഈശ്വര് സ്ഥലത്ത് എത്തുമ്പോള് അവിടെ കുറ്റാക്കുറ്റിരുട്ടായിരുന്നു. തന്റെ ഇന്ദ്രിയങ്ങളെ ജാഗരൂകമാക്കി ഒരുകല്ലിനടിയില് കുടുങ്ങി കിടന്ന ഹോട്ടലുടമയെ വലിച്ചെടുത്ത് കരയ്ക്കെത്തിച്ചു.
10 വര്ഷം മുമ്പ് മറ്റൊരു സംഭവം. എസ്എസ്എല്സിക്ക് പല വട്ടം തോറ്റ ഒരു പെണ്കുട്ടി ജീവനൊടുക്കാന് മാല്പെ കടലില് ചാടിയപ്പോള് രക്ഷകനായതും മറ്റാരുമല്ല. തിരയടിയില് കയറിഞ്ഞ് കടലില് ചുറ്റിയ രണ്ടു ആഴക്കടല് ട്രോളറുകള് തിരിച്ച് കരയ്ക്ക് എത്തിച്ച ഈശ്വറിനെയും നാട്ടുകാര് ഓര്ക്കുന്നു. നേരത്തെ ഒരു മത്യബന്ധന ബോട്ടിന്റെ തലവനായിരുന്ന ഈശ്വര് ട്രോളറുകളെ അഴിമുഖത്ത് വച്ച് കണ്ടെടുക്കുകയും സുഹൃത്തിന്റെ സഹായത്തോടെ കടലില് മുങ്ങിത്താഴാതെ കരയില് എത്തിക്കുകയുമായിരുന്നു.
ഗംഗോലി, കാര്വാര്, തഡാഡി എന്നീ ദൂരസസ്ഥലങ്ങളില് നിന്നുപോലും ഈശ്വറിന് വിളികള് എത്തുന്നു. മാല്പെ യാന്ത്രിക സൊസൈറ്റി സംഭാവന ചെയ്ത രണ്ട് ഓക്സിജന് സിലണ്ടറുകളാണ് ദൗത്യങ്ങള്ക്ക് ഉപയോഗിച്ചുവരുന്നത്.
വീട്ടില് പല ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും, പണത്തിന് വേണ്ടിയല്ല രക്ഷാദൗത്യം. ശാരീരിക വെല്ലുവിളികള് നേരിടുന്നവരാണ് ഈശ്വറിന്റെ മൂന്നു മക്കള്. മെച്ചപ്പെട്ട നിലയിലുള്ള തന്റെ നാലുവയസുകാരി മകള് ഒന്നു നടന്നുകാണാന് ദൈവത്തിന്റെ അനുഗ്രഹങ്ങള് ആഗ്രഹിക്കുന്നുവെന്നാണ് ഈശ്വര് മാല്പെ പറയുക. തന്റെ സേവനത്തില് മികവ് കൂട്ടാന് ഏതാനും വര്ഷം മുമ്പ് സ്കൂബാ ഡൈവിങ്ങിലും അദ്ദേഹം പരിശീലനം നേടിയിരുന്നു.