- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരനെന്ന് സംശയം; ആന്‍ഡ്രു രാജകുമാരനുമായുളള അടുപ്പം മുതലാക്കി ബക്കിങ്ഹാം കൊട്ടാരത്തില്‍ കയറി കൂടി; രാജകീയ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യം; ഡേവിഡ് കാമറൂണും തെരേസ മേയുമായും കൂടിക്കാഴ്ച; ആരാണ് എച്ച് 6?
ആരാണ് എച്ച് 6?
ലണ്ടന്‍: ചൈനീസ് ചാരന്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ കടന്നുകൂടിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ചൂടോടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍. ഇയാള്‍ എച്ച് 6 എന്നാണ് അറിയപ്പെടുന്നത്. യഥാര്‍ഥ പേര് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മുന്‍ പ്രധാനമന്ത്രിമാരായ തെരേസ മേ, ഡേവിഡ് കാമറൂണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഇയാള്‍ കൊട്ടാരത്തില്‍ കടന്നുകൂടിയത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി യുകെയിലേക്കുള്ള ഇയാളുടെ പ്രവേശനം തടഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. 2020 ല്‍ ആന്‍ഡ്രു രാജകുമാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ എച്ച് 6 ന് ക്ഷണം ഉണ്ടായിരുന്നുവെന്ന് ജൂലൈയില്‍ നടന്ന പ്രത്യേക കുടിയേറ്റ അപ്പീല്‍സ് കമ്മീഷന്‍ മുമ്പാകെയാണ് വെളിപ്പെടുത്തലുണ്ടായത്. എച്ച് 6 ഇക്കാര്യം നിഷേധിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്‌തെങ്കിലും കമ്മീഷന്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
എച്ച് 6 ഒരു വ്യവസായിയാണ് അറിപ്പെടുന്നത്. യോര്‍ക്കിലെ ഡ്യൂക്കിന്റെ( ആന്‍ഡ്രു രാജകുമാരന്‍) വിശ്വാസം ഇയാള്‍ പിടിച്ചുപറ്റിയെന്നും പിന്നീട് വിവാദമായപ്പോള്‍ ഇയാളുമായുള്ള എല്ലാ ബന്ധവും ആന്‍ഡ്രു വേര്‍പ്പെടുത്തിയെന്നുമാണ് പറയുന്നത്. ഡേവിഡ് കാമറൂണ്‍ ഒരു പതിറ്റാണ്ടിലേറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ആറു വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹം ആയിരക്കണക്കിന് പേരെ കണ്ടിട്ടുണ്ടാകുമെന്നും അതുകൊണ്ട് തന്നെ എച്ച് 6 നെ കുറിച്ച് വിവരമൊന്നും ഇല്ലെന്നുമാണ് പ്രതികരണം. തെരേസ മേയുടെ വക്താവും ആരോപണം നിഷേധിച്ചു.
ആരാണ് എച്ച് 6?
ചൈനയ്ക്കും യുകെയ്ക്കും ഇടയില്‍ സദാ സഞ്ചരിച്ചിരുന്ന ഈ 'ചാരന്‍' യുകെയെ തന്റെ രണ്ടാം വീട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ യോര്‍ക്കിലെ ഡ്യൂക്കുമായുളള അടുപ്പം മുതലെടുത്ത് അനിശ്ചിതകാലത്തേക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അനുമതി ഇയാള്‍ നേടിയിരുന്നു. തന്റെ ഉന്നതതലബന്ധം ഉപയോഗിച്ച് ബക്കിങ്ഹാം കൊട്ടാരത്തിലും മറ്റുരാജവസതികളിലും ക്ഷണിക്കപ്പെട്ട അതിഥിയായി ഇയാള്‍ കടന്നുകൂടി.
ഡൗണിങ് സ്ട്രീറ്റിലെ ഒരു വിരുന്നിലാണ് എച്ച് 6 ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തിയത്. തെരേസ മേയെയും മറ്റൊരു ഔദ്യോഗിക ചടങ്ങിലാണ് കണ്ടത്. 15 വര്‍ഷത്തിനിടെ നടന്ന രണ്ടു കൂടിക്കാഴ്ചകളുടെ ഫോട്ടോകളും ഇയാള്‍ സൂ്ക്ഷിച്ചിരുന്നു.
2023 ലാണ് ഇയാളെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശാഖയായ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് വകുപ്പിന്റെ പേരല്‍ രഹസ്യപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് മുന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ ഇയാളെ പുറത്താക്കിയത്.
എച്ച്6 ന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റിഫോം നേതാവ് നിഗല്‍ ഫരാജ് തന്റെ പാര്‍ലമെന്റിലെ പ്രത്യേക അവകാശം ഉപയോഗിച്ച് ഇയാളുടെ പേര് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്‍ഡ്രു രാജകുമാരനാകട്ടെ ജെഫ് എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ കുരുക്കിലായതിന് ശേഷം വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ബാലപീഡകനായ എപ്സ്റ്റീന്‍ 2019 ല്‍ മരണപ്പെട്ടിരുന്നു.