ന്യൂഡൽഹി: നോട്ടു നിരോധിക്കാനുള്ള സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ഭിന്ന വിധി എഴുതിയത് ഭരണഘടനാ ബഞ്ചിലെ ഏറ്റവും ഇളമുറക്കാരിയായ ജസ്റ്റിസ് ബി വി നാഗരത്‌ന. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ഭൂരിപക്ഷ വിധിയെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോൾ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കം കുറിക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നാണ് ജസ്റ്റിസ് ബി.വി നാഗരത്ന തന്റെ വിധിയിൽ വ്യക്തമാക്കിയത്.

2027 ൽ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസ് ആകുമെന്ന് കരുതുന്ന ജഡ്ജിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന(60). സുപ്രീം കോടതി ജഡ്ജിയാകും മുമ്പ് കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. ബെംഗളൂരുവിൽ അഭിഭാഷകയായി തുടക്കം. ഭരണഘടനാ നിയമം, വാണിജ്യ നിയമം, ഇൻഷുറൻസ് നിയമം, സേവന നിയമം, അഡ്‌മിനിസ്‌ട്രേറ്റീവ്-പബ്ലിക് നിയമം, ഭൂമി-വായ്പാ സംബന്ധമായ നിയമം, ആർബിട്രേഷൻ തുടങ്ങിയവയിൽ നിപുണയാണ്.

മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരം താലൂക്കിലെ ഇംഗലഗുപ്പെ ഛാത്ര ഗ്രാമത്തിൽ, 1962 ഒക്ടോബർ 30 ന് ജനനം. ബെംഗളൂരുവിലെ സോഫിയ സ്‌കൂളിൽ നിന്നാണ് എസ്എസ്എൽസി പാസായത്. പിതാവ് സുപ്രീം കോടതി ജഡ്ജിയായിരുന്നതുകൊണ്ട് ഡൽഹിയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1987 ൽ ഡൽഹി ലോ കോളേജിൽ നിന്ന് നിയമബിരുദം. കർണാടക ഹൈക്കോടതി അഭിഭാഷകയായി കരിയർ തുടങ്ങി.

2008 ൽ അഡീഷണൽ ജഡ്ജിയായും, രണ്ടുവർഷത്തിന് ശേഷം കർണാടക ഹൈക്കോടതി സ്ഥിരം ജഡ്ജിയായും നിയമിതയായി. ജസ്റ്റിസ് നാഗരത്‌നയുടെ പിതാവ് ഇഎസ് വെങ്കിട്ടരാമയ്യ 1989 ൽ ആറുമാസത്തോളം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. 19 ാമത്തെ ചാഫ് ജസ്റ്റിസ്. ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസായാൽ, അത് പിതാവിന്റെ വഴി പിന്തുടർന്ന് കൊണ്ടുള്ള നേട്ടമായി ചരിത്രത്താളുകളിൽ എഴുതപ്പെടും.

2012 ൽ ഇലക്ട്രോണിക് മീഡിയയെ നിയന്ത്രിക്കേണ്ട ആവശ്യകതയിൽ ഊന്നി ജസ്റ്റിസ് നാഗരത്‌ന പുറപ്പെടുവിച്ചത് ചരിത്രപ്രധാന വിധിയായിരുന്നു ബ്രേക്കിങ് ന്യൂസ്, ഫ്‌ളാഷ് ന്യൂസ് എന്ന പേരിൽ വാർത്തകളെ സെൻസേഷനലൈസ് ചെയ്യുന്നതിന് നിയന്ത്രണം വേണമെന്നായിരുന്നു വിധി. ബ്രോഡ്കാസ്റ്റ് മീഡിയയെ നിയന്ത്രിക്കുന്നതിന് ഒരു സ്വയംഭരണ സംവിധാനം ഉണ്ടാക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2019 ലെ മറ്റൊരു വിധിയിൽ, ഒരു ക്ഷേത്രം എന്നാൽ വാണിജ്യ സ്ഥാപനം അല്ലെന്നും, അവിടുത്തെ ജീവനക്കാർ ഗ്രാറ്റ്‌വവിറ്റി നിയമപ്രകാരം ഗ്രാറ്റ്‌വിറ്റിക്ക അർഹരല്ലെന്നും വിധി എഴുതി. എന്നാൽ, കർണാടക ഹിന്ദു മതസ്ഥാപന നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹരാണെന്നും വിധിച്ചു.

നോട്ടുനിരോധനത്തോട് വിയോജിച്ചുള്ള വിധി ഇങ്ങനെ

നോട്ടുനിരോധനം ശരിവെച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ബെഞ്ചംഗമായ ബി.വി നാഗരത്‌ന വിധി കുറിച്ചത്. 2016 നവംബർ എട്ടിലെ നോട്ടുനിരോധനം നിയമ വിരുദ്ധമാണ്. ആർ.ബി.ഐ നിയമത്തിലെ 26ാം സെക്ഷൻ പ്രകാരം നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് സ്വമേധയാ ശുപാർശ ചെയ്യണം. സർക്കാർ നിർദ്ദേശ പ്രകാരമാകരുത് ശുപാർശ. എന്നാൽ ഇവിടെ ആർ.ബി.ഐ സ്വതന്ത്രമായി നടത്തിയ ഇടപാടല്ല നോട്ട് നിരോധനം - നാഗരത്‌ന നിരീക്ഷിച്ചു.

എന്നാൽ സംഭവം 2016ൽ നടന്നതായതിനാൽ അന്നത്തെ സാഹചര്യം തിരികെ കൊണ്ടുവരാൻ സാധിക്കില്ല. നോട്ട് നിരോധനം നിയമത്തിന് കടക വിരുദ്ധമായി ശക്തി പ്രയോഗം നടത്തിയതാണ്. അതുകൊണ്ടു തന്നെ അത് നിയമ വിരുദ്ധമാണ്. ഈ നടപടിയുടെ 'ഉദാത്തമായ ലക്ഷ്യങ്ങളെ' ചോദ്യം ചെയ്യുകയല്ലെന്നും മറിച്ച് നിയമത്തിന്റെ കണ്ണിലൂടെ നോക്കുകമാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. നോട്ടു നിരോധനം നല്ല ചിന്തയോടും നല്ല ഉദ്ദേശ്യത്തോടും കൂടി നടപ്പാക്കിയതാണ്. അത്, കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, വ്യാജ നോട്ട് എന്നിവയെ ലക്ഷ്യം വച്ചാണ് നടപ്പാക്കിയതെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

സെൻട്രൽ ബോർഡ് ഓഫ് ആർ.ബി.ഐ ആണ് ശുപാർശ നൽകേണ്ടത്. എന്നാൽ, ഈ വിഷയത്തിൽ നോട്ടു നിരോധനത്തിന് ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് നവംബർ ഏഴിന് കേന്ദ്ര സർക്കാർ ആർ.ബി.ഐക്ക് കത്തെഴുതി. കേന്ദ്ര സർക്കാറും ആർ.ബി.ഐയും സമർപ്പിച്ച രേഖകളിൽ കേന്ദ്ര സർക്കാറിന്റെ നിർദ്ദേശ പ്രകാരം എന്ന വാചകം ഉണ്ട്. ഇത് ആർ.ബി.ഐയുടെ സ്വതന്ത്ര തീരുമാനമല്ലെന്ന് വ്യക്തമാക്കുന്നതാണ് -ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേർത്തു.

'നിയമവിരുദ്ധം' എന്നാണ് കേന്ദ്രസർക്കാരിന്റെ 2016-ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്ന തന്റെ വിധിയിൽ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടിൽ നവംബർ എട്ടിലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നിയമവിരുദ്ധം ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്ന അത്.

സർക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാർലമെന്റിൽ ഒരു നിയമനിർമ്മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. റിസർവ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാർശ റിസർവ് ബാങ്ക് ആണ് കേന്ദ്രസർക്കാരിന് നൽകേണ്ടത്. അല്ലാതെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമല്ല അത്തരമൊരു ശുപാർശ നൽകേണ്ടത്. എന്നാൽ, ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സർക്കാരിൽനിന്നാണ്. അതുസംബന്ധിച്ച് റിസർവ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നവംബർ ഏഴിന് റിസർവ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആർബിഐ നൽകിയ അഭിപ്രായം ശുപാർശയായി പരിഗണിക്കാനാവില്ലെന്നും ആർബിഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

നോട്ട് നിരോധനത്തിന് ശുപാർശ നൽകാൻ ആർബിഐക്ക് അധികാരം നൽകുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകൾ പിൻവലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിൻവലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ ആർബിഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ 98% നോട്ടുകളും മാറ്റിയെടുക്കാനായിട്ടുണ്ട്. എന്നാൽ ഇതിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കാനായിട്ടില്ലെന്ന് വ്യക്തമാണ്. എന്നാൽ, ഇത്തരം പരിഗണനകളുടെ അടിസ്ഥാനത്തിലല്ല കോടതിയുടെ വിധിപ്രസ്താവമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.