മുംബൈ: അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ നടനും സിനിമ നിരൂപകനുമായ കമാൽ ആർ. ഖാൻ എന്ന കെ.ആർ.കെയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 2020ലെ ട്വീറ്റ് ആണ് അറസ്റ്റിന് കാരണമായത്. വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന നടനാണ് കമാൽ ആർ. ഖാൻ. ഹിന്ദി, ഭോജ്പുരി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള കെ.ആർ.കെ നിർമ്മാതാവ് കൂടിയാണ്. അഞ്ച് വർഷം മുമ്പ് മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് കളിയാക്കി, കെ ആർ കെ മലയാളികളുടെ രോഷം ക്ഷണിച്ചുവരുത്തിയിരുന്നു.

പതിവുപോലെ തന്റെ പ്രകോപനപരമായ ട്വീറ്റിലാണ് കെ ആർ കെ മോഹൻലാലിനെ പരിഹസിച്ചത്. ആ സമയത്ത് മോഹൻലാലിനെ നായകനാക്കി, മഹാഭാരതം സിനിമ ആലോചിക്കുന്നുണ്ടായിരുന്നു. 'സർ, മോഹൻലാൽ, താങ്കൾ ഛോട്ടാ ഭീമിനെ പോലെയിരിക്കുന്നല്ലോ. പിന്നെ എങ്ങനെ മഹാഭാരതത്തിൽ ഭീമന്റെ വേഷം ചെയ്യും. എന്തിനാണ് നിർമ്മാതാവ് ബി ആർ ഷെട്ടിയുടെ പണം വെറുതെ പാഴാക്കുന്നത്', ഇതായിരുന്നു ട്വീറ്റ്.

ഇതിനെതിരെ ചലച്ചിത്രലോകവും ആരാധകരും രൂക്ഷമായി പ്രതികരിച്ചിരുന്നു. കമാൽ ആർ. ഖാന്റെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്യുക വരെയുണ്ടായി. ഒടുവിൽ മോഹൻലാലിനോട് മാപ്പ് പറയേണ്ടി വന്നു.

@kamaalrkhan ഞങ്ങൾ മലയാളികൾ ഇക്കയെയും ഏട്ടനേയും കളിയാക്കിയെന്നിരിക്കും. എന്ന് വെച്ചുനി ഒക്കെ ചൊറിയാൻ വന്നാൽ അക്കൗണ്ട് പൂട്ടിക്കും എരപ്പേ..

- Dinu (ദിനു) (@Dinoop_nair) April 19, 2017

അതോടെ, കമാൽ ആർ ഖാൻ മാപ്പുപറഞ്ഞു.

''മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിന് മാപ്പ്. കാരണം എനിക്ക് നിങ്ങളെ അത്ര അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു'' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്

മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു പരിഹസിച്ചത്. ഇതിനെതിരെയും ആരാധക രോഷം ഉണ്ടായി.

യുവ സേന നേതാവ് രാഹുൽ കനാലിന്റെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്. കെ ആർ കെ പതിവായി സോഷ്യൽ മീഡിയയിൽ വെറുപ്പും, വിദ്വേഷവും ഉളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറഞ്ഞു. ദേശദ്രോഹി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് എത്തിയത്. ഇപ്പോൾ ദേശദ്രോഹിയുടെ വേഷം കെട്ടുകയാണ്. ഇന്ത്യയുടെ അഭിമാനമായ ഇർഫാൻ ഖാന്റെ വേർപാടിന് ശേഷവും അദ്ദേഹത്തിനെതിരെ മോശം പ്രസ്്താവനകൾ നടത്തുകയാണ്. മുതിർന്ന അഭിനേതാവ് റിഷ് കപൂറിന് എതിരെയും പുലഭ്യം പറയുകയായിരുന്നു, രാഹുൽ കനാലിന്റെ പരാതി ഇങ്ങനെ.

കോവിഡ് മൂലം അടച്ചിട്ട മദ്യശാലകൾ ഉടൻ തുറക്കും, അതുവരെ റിഷി കപൂർ മരിക്കരുത് എന്നായിരുന്നു കെ ആർകെയുടെ ഒരു ട്വീറ്റ്. ചില പ്രമുഖ വ്യക്തികളെയും കൊണ്ടേ കൊറോണ പോകു. ഇർഫാനും, റിഷിയും പോകുമെന്ന് എനിക്കറിയാമായിരുന്നു. അടുത്തത് ആരാണെന്നും എനിക്കറിയാം, ഇങ്ങനെയായിരുന്നു ട്വീറ്റുകൾ.

സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ ഷാറൂഖ് ഖാനും കരൺ ജോഹറിനുമെതിരായ കെ.ആർ.കെയുടെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെപേരെ രോഷം കൊള്ളിച്ചു. ഷാരൂഖ്-കരൺ ജോഹർ ജോഡികൾക്ക് തന്റെ ആശംസകൾ' എന്നായിരുന്നു പോസ്റ്റ്.
ഒരുതവണ ആമിർ ഖാന്റെ പരാതിയെ തുടർന്ന് കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയിരുന്നു. തിരികെ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞായിരുന്നു അന്ന് രംഗത്തെത്തിയത്. തന്റെ ചിത്രമായ സീക്രട്ട് സൂപ്പർസ്റ്റാറിന്റെ സസ്പെൻസ് കെ.ആർ.കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിർ ഖാനെ ചൊടിപ്പിച്ചത്. രാധെ എന്ന സൽമാൻ ഖാൻ ചിത്രത്തിന് കെ.ആർ.കെ. മോശം റിവ്യു നൽകുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇതോടെ. സൽമാൻ ഖാൻ മാനനഷ്ടക്കേസ് നൽകി. ഇതോടെ സൽമാനെ നശിപ്പിക്കുമെന്നും ഒടുവിൽ ടെലിവിഷൻ സീരിയലുകളിൽ അഭയം തേടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായാണ് കെ.ആർ.കെ എത്തിയത്.

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെയും കാമുകിയും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചിനെയും പരിഹസിക്കുന്ന പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നടാഷയോട് ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന ചിത്രങ്ങളാണ് ട്രോൾ രൂപത്തിൽ കമാൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ക്രിക്കറ്റ് ആരാധകരുടെ രോഷം നേരിടേണ്ടി വന്നു കെ.ആർ.കെക്ക്. ഇതുകൂടാതെ വിരാട് കോഹ്ലിയുടെ ഡിപ്രഷന് കാരണക്കാരി ഭാര്യ അനുഷ്‌ക ശർമ ആണെന്ന ട്വീറ്റും കെആർകെയ്ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു.

തമിഴ് സൂപ്പർ താരം അജിത് നായകനായി ശിവ സംവിധാനം ചെയ്ത വിവേകം ലോകവ്യാപകമായി റിലീസ് ചെയ്തപ്പോഴും രൂക്ഷ വിമർശനവുമായി കെ.ആർ.കെ രംഗത്തെത്തിയിരുന്നു. അജിത്തിന് വയസ്സായെന്നും അദ്ദേഹത്തിന് പറ്റുന്നത് അച്ഛൻ വേഷങ്ങളാണെന്നുമായിരുന്നു വിമർശനം. 'വയസ്സന്മാർ ബോളിവുഡിൽ അച്ഛൻ വേഷങ്ങളാണ് ചെയ്യുന്നത്. അവിടെ അജിത്തിനും അതേ കിട്ടൂ. തമിഴ്‌നാട്ടുകാർ അജിത്തിനെപ്പോലുള്ളവരെ നായകന്മാരാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ല'' എന്നിങ്ങനെയായിരുന്നു ട്വീറ്റ്.

തപ്‌സി പന്നുവും കെആർകെയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. തന്റെ എല്ലാ ചിത്രത്തെയും കുറിച്ച് മോശമായി നിരൂപണം നടത്തുന്നതാണ് തപ്‌സിയെ ചൊടിപ്പിച്ചത്. ഇത്തിൾക്കണ്ണികളെ പോലെയാണ് ഇത്തരം ആളുകളെന്നും തന്റെ കൈയിൽ നിന്ന് പണത്തിന് വേണ്ടിയാണ് ഇങ്ങനെ എഴുതി കൂട്ടുന്നതെന്നും തപ്‌സി പറഞ്ഞിരുന്നു,

2020ലെ ട്വീറ്റ് ആണ് ഇപ്പോൾ അറസ്റ്റിന് കാരണമായത്. ട്വീറ്റിനെ തുടർന്ന് 2020ൽ കേസെടുത്ത പൊലീസ് നടനു വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എയർപോർട്ടിൽ നിന്ന് പിടികൂടിയ കെ.ആർ.കെയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ബോറിവാലി കോടതിയിൽ ഹാജരാക്കും. ബാഹുബലിയേക്കാൾ വമ്പൻ പദ്ധതി എന്ന മട്ടിൽ, തന്റെ ആദ്യചിത്രം ദേശദ്രോഹിയുടെ രണ്ടാം ഭാഗവും കെ ആർ കെ പ്രഖ്യാപിച്ചിരുന്നു.

കെആർകെ നിർമ്മിച്ച് കെ ആർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതും തീർച്ചയായും കെ ആർ കെ തന്നെ. മുംബൈയിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യഭാഗം 14 വർഷം മുമ്പാണ് പുറത്തിറക്കിയത്. റിയാലിറ്റി ഷോ ബിഗ്‌ബോസിലും കെ ആർ കെ പങ്കെടുത്തിരുന്നു. ട്വിറ്ററിൽ 51 ലക്ഷം ഫോളോവേഴ്‌സും, യൂടൂബിൽ 10 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ചലച്ചിത്ര നിരൂപകൻ കൂടിയാണ് കെ ആർ കെ.